ഗുരുദാസന്റെ വീട്

Sunday 06 March 2022 12:00 AM IST

സഖാവ് പി.കെ. ഗുരുദാസന് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി ഒരു വീട് പണിയിച്ചു കൊടുക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ വീതത്തിൽ പുളിമാത്ത് പഞ്ചായത്തിൽ കാരേറ്റ് - നഗരൂർ റോഡിൽ പേടികുളത്തുള്ള പത്ത് സെന്റ് സ്ഥലത്ത് മൂന്നു മുറിയും ഡൈനിംഗ് ഹാളും അടുക്കളയുമുള്ള ചെറിയൊരു വീടിന്റെ പണി ഏറക്കുറെ പൂർത്തീകരിച്ചു. ഇനി പ്ളമ്പിംഗും വയറിംഗുമേ ബാക്കിയുള്ളൂ. വീടിനുവേണ്ടി പാർട്ടി അംഗങ്ങളിൽ നിന്ന് 33 ലക്ഷം രൂപ പിരിച്ചെടുത്തു. രണ്ടു കിടപ്പുമുറിയും അടുക്കളയുമുള്ള തീരെ ചെറിയൊരു വീടാണ് സഖാവ് താത്പര്യപ്പെട്ടത്. എന്നാലും പാർട്ടിയുടെ ആസ്തിയും സഖാവിന്റെ പ്രശസ്തിയും പരിഗണിച്ച് അല്പം കൂടി വലുതായിക്കൊള്ളട്ടെ എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു എന്നുവേണം കരുതാൻ. അടുത്ത ബന്ധുവായ അജിത് ലാൽ എന്നയാളാണ് പണിക്ക് മേൽനോട്ടം വഹിച്ചത്. ഈ സമ്മേളനത്തോടെ ഗുരുദാസൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി. ഇപ്പോൾ താമസിക്കുന്ന പാർട്ടിവക ഫ്ളാറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വരും. ഈ മാസം അവസാനത്തോടെ പുതിയ വീടിന്റെ താക്കോൽ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തെമ്പാടും അറിയപ്പെടുന്ന നേതാവാണ് പി.കെ. ഗുരുദാസൻ. 1956 ൽ വിദ്യാഭ്യാസം മുഴുമിക്കും മുമ്പ് ചെങ്കൊടിപിടിച്ച് പാർട്ടിയിൽ ചേർന്നയാളാണ്. 1964 ൽ പാർട്ടി പിളർന്നപ്പോൾ ചാത്തന്നൂർ ഏരിയ സെക്രട്ടറിയായി. 1981 ൽ കൊല്ലം ജില്ലാ സെക്രട്ടറിയായി. 1998 വരെ തൽസ്ഥാനത്തു തുടർന്നു. അദ്ദേഹം ഒരുകാലത്തും സമ്പന്നനായിരുന്നില്ല. പണമുണ്ടാക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. 1996 ൽ വർക്കലയിൽ മത്സരിച്ചു പരാജയപ്പെട്ടു. 2001 ലും 2006 ലും കൊല്ലത്തുനിന്ന് വിജയിച്ചു. 2006 മുതൽ 2011 വരെ വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ എക്സൈസ്, തൊഴിൽ - പുനരധിവാസ വകുപ്പുകൾ കൈകാര്യം ചെയ്തു. വലിയൊരു ചക്കരക്കുടമാണ് എക്സൈസ് വകുപ്പ്. എങ്കിലും ഗുരുദാസൻ യാതൊരു ചീത്തപ്പേരും കേൾപ്പിച്ചില്ല. അഞ്ചുകൊല്ലം എക്സൈസ് മന്ത്രിയായിരുന്നിട്ടും അഞ്ചുപൈസയുടെ അഴിമതി നടത്തിയതായി ഏറ്റവും വലിയ എതിരാളികൾ പോലും ആരോപിച്ചില്ല. അദ്ദേഹത്തിനു മുമ്പും ശേഷവും ആ വകുപ്പ് കൈയാളിയ പലരും പലവിധ ആരോപണങ്ങൾക്ക് വിധേയരായിരുന്നു എന്നതും പ്രസ്താവ്യമാണ്. 2016 ൽ ഗുരുദാസൻ കൊല്ലത്തു മത്സരിച്ചാൽ ജയിക്കുമായിരുന്നു. ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയതുകൊണ്ട് മന്ത്രിയാകാൻ തടസമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് സീറ്റ് കൊടുത്തില്ല. പകരം ഒരു പ്രമുഖ സിനിമാ നടൻ സ്ഥാനാർത്ഥിയായി. വി.എസ്. അച്യുതാനന്ദന്റെ അടുപ്പക്കാരനായതുകൊണ്ടാണ് ഗുരുദാസന് സീറ്റ് നിഷേധിച്ചതെന്ന് കേട്ടിരുന്നു. അദ്ദേഹം പരിഭവിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല. പിൻഗാമിക്കുവേണ്ടി മാന്യമായി കളമൊഴിഞ്ഞു കൊടുത്തു. അതിനു ശേഷവും പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും തുടർന്നു. സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ട്രേഡ് യൂണിയൻ പ്രവർത്തനവും വലിയ വരുമാന സാദ്ധ്യതയുള്ള മേഖലയാണ്. അല്പമൊന്ന് മാറി ചിന്തിച്ചെങ്കിൽ വളരെപ്പെട്ടെന്ന് കോടീശ്വരനാകാൻ കഴിയുമായിരുന്നു. പക്ഷേ അവിടെയും ഗുരുദാസൻ വ്യത്യസ്തനായി തുടർന്നു. 1998 ൽ ചടയൻ ഗോവിന്ദൻ അന്തരിച്ചപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അച്യുതാനന്ദൻ നിർദ്ദേശിച്ച പേര് ഗുരുദാസന്റേതായിരുന്നു. അന്ന് ദേശീയ ജനറൽ സെക്രട്ടറി ഹർകിഷൻസിംഗ് സുർജിത് മുൻകൈയെടുത്താണ് പിണറായി വിജയനെ സെക്രട്ടറിയാക്കിയത്. ഗുരുദാസനാണ് ആ സ്ഥാനത്തു വന്നതെങ്കിൽ പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും ചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു. വൈലോപ്പിള്ളി പാടിയതുപോലെ 'കുറ്റമാർക്കിതിൽ ? പോംവഴി പക്ഷേ മറ്റൊരു വിധമായിരുന്നെങ്കിൽ' എന്ന് ചിന്തിക്കാനേ നമുക്ക് നിവൃത്തിയുള്ളൂ.

ആറു പതിറ്റാണ്ടിലധികം നീണ്ട പൊതുജീവിതത്തിനൊടുവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഫ്ളാറ്റിൽ നിന്നും കുടിയിറക്കപ്പെടുന്ന സഖാവിന് സ്വന്തമായി ഒരു കിടപ്പാടം നിർമ്മിച്ചു കൊടുത്ത ജില്ലാ കമ്മിറ്റിയെ അഭിനന്ദിച്ചേ മതിയാകൂ. അല്ലെങ്കിൽ ഈ ജീവിത സായന്തനത്തിൽ സഖാവ് ഗുരുദാസൻ ഒരു പക്ഷേ സ്വന്തം മക്കൾക്ക് ഒരു ഭാരമായി തീരുമായിരുന്നു. അദ്ദേഹത്തിന് കിട്ടുന്ന തുച്ഛമായ എം.എൽ.എ പെൻഷനിൽ നിന്നു പോലും പാർട്ടി ലെവി തുടർന്ന് ഈടാക്കുകയും ചെയ്യുമായിരുന്നു. നിസ്വരായി ജീവിക്കുകയും നിസ്വരായി മരിക്കുകയും ചെയ്ത നിരവധി നേതാക്കൾ ഉണ്ടായിട്ടുണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലും. സാധാരണ പ്രവർത്തകരുടെ കാര്യം പറയാനുമില്ല. സമ്പന്ന കുടുംബങ്ങളിൽ ജനിച്ച് പാർട്ടിക്കു വേണ്ടി സകലതും ത്യജിച്ച നേതാക്കന്മാരും ഉണ്ടായിട്ടുണ്ട്. അവരുടെയൊക്കെ ത്യാഗത്തിലും പ്രയത്നത്തിലും കെട്ടിപ്പടുത്തതാണ് ഇപ്പോഴത്തെ പാർട്ടി. വർത്തമാനകാലത്ത് അത്തരം മാതൃകകൾ തീർത്തും അന്യം നിന്നു പോകുന്നു. ഒരു പാലൊളി മുഹമ്മദ് കുട്ടി അല്ലെങ്കിൽ ഒരു ഗുരുദാസൻ. അവരിൽ ഒതുങ്ങുന്നു ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും അവസാന അദ്ധ്യായങ്ങൾ. അതുകൊണ്ടാണ് പുളിമാത്ത് പഞ്ചായത്തിൽ പണി തീർക്കപ്പെട്ട ഈ മൂന്നു മുറി വീട് ഒരു വാർത്തയായി തീർന്നത്.

രാഷ്ട്രീയ പ്രവർത്തനം മറ്റേതു തൊഴിലിനെക്കാളും എളുപ്പത്തിൽ പണം ഉണ്ടാക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വന്ന പലരും കണ്ണുചിമ്മി തുറക്കുമ്പോഴേക്കും കോടീശ്വരന്മാരായി മാറുന്നതും വലിയ മൂലധനശക്തികളുടെ പിണിയാളുകളായി തീരുന്നതും കാണാം. കോൺഗ്രസിൽ പണ്ടു മുതലേ ഇതായിരുന്നു അവസ്ഥ. സമീപകാലത്ത് മാർക്സിസ്റ്റ് പാർട്ടിയിലും ബി.ജെ.പിയിലും ഈ പ്രവണത കൂടുതൽ വ്യക്തമാണ്. പാർട്ടിയുടെ ജില്ലാതല നേതാക്കൾ വലിയ തോതിൽ പണമുണ്ടാക്കുന്നത് വാർത്തയേ അല്ലാതായി. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും വ്യാപകമായതോടെ അഴിമതി ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലേക്ക് വ്യാപിച്ചു. സമീപകാലത്ത് അച്ചടക്ക നടപടി നേരിട്ട ഒരു ഏരിയ സെക്രട്ടറി കുറഞ്ഞ കാലത്തിനുള്ളിൽ അഞ്ചു വീടുകൾ പണിയിച്ചു അത്യാർഭാടത്തിൽ ജീവിക്കുന്നു എന്നായിരുന്നു ആരോപണം. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ അതു സത്യമാണെന്ന് റിപ്പോർട്ടും നൽകി. അതിനുശേഷവും അദ്ദേഹത്തെ പുറത്താക്കിയില്ല. ശിക്ഷ ഒരു കൊല്ലം സസ്പെഷനിൽ അവസാനിച്ചു. കുറഞ്ഞൊരുകാലം ജില്ലാ സെക്രട്ടറിയായിരുന്ന നേതാവ് മകളുടെ വിവാഹം അത്യാർഭാടപൂർവം ഒരു റിസോർട്ടിൽ വച്ചാണ് നടത്തിയത്. മറ്റൊരു ജില്ലാ സെക്രട്ടറിയുടെ മകളുടെ വിവാഹസത്കാരം ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആഘോഷിക്കപ്പെട്ടത്. സംസ്ഥാന നേതാക്കളിൽ പലരുടെയും മക്കൾ വിദേശത്ത് പ്രമുഖ വ്യവസായികളുടെ സ്ഥാപനങ്ങളിൽ ഉന്നതപദവികൾ അലങ്കരിക്കുന്നു. അതൊന്നും അവരുടെ വിദ്യാഭ്യാസ യോഗ്യത കൊണ്ടോ സ്വഭാവഗുണം കൊണ്ടോ പ്രവൃത്തിപരിചയം കൊണ്ടോ ലഭിച്ചവയല്ല. നാട്ടിലുള്ള ബന്ധുക്കളുടെ രാഷ്ട്രീയ പിൻബലം ഒന്നുകൊണ്ടുമാത്രം സിദ്ധിച്ചവയാകുന്നു.

രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള കാഴ്ചപ്പാടിലും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പണ്ടൊക്കെ 'എം.എൻ, സുഗതൻ, അച്യുതമേനോൻ ഇവരാ ഞങ്ങടെ നേതാക്കൾ' എന്ന് ആവേശപൂർവം മുദ്രാവാക്യം വിളിച്ചിരുന്ന അണികൾ കൂടിയും ഇന്നു രാഷ്ട്രീയത്തിലിറങ്ങിയിട്ട് കാശുണ്ടാക്കാത്തവനെ മണ്ടൻ, ഒന്നിനും കൊള്ളാത്തവൻ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. 2009 ൽ പാർട്ടി തീരുമാനം അനുസരിച്ച് മന്ത്രിസഭയിൽ നിന്ന് രാജിവെച്ച മാത്യു.ടി. തോമസിനെക്കുറിച്ച് ഒരു ടി.വി. ചർച്ചയിൽ 'ഇദ്ദേഹം ഭാര്യക്കും രണ്ടു പെൺമക്കൾക്കും വേണ്ടി സത്പേരു മാത്രമേ സമ്പാദിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് ഒരു പുഞ്ചിരിയോടെ രാജിക്കത്ത് മുഖ്യമന്ത്രിയെ ഏൽപിച്ച് സ്വന്തം കാർ സ്വയം ഓടിച്ചുപോകാൻ കഴിഞ്ഞത്' എന്നു പറയുകയുണ്ടായി. പിന്നീടൊരിക്കൽ നേരിൽ കണ്ടപ്പോൾ അദ്ദേഹം അതിനു നന്ദി പറഞ്ഞു. കൂട്ടത്തിൽ തന്നെ ഒരു മണ്ടനായിട്ടല്ലേ നാട്ടുകാർ കണക്കാക്കുകയുള്ളൂവെന്ന് വേദനയോടെ ചോദിച്ചു. 'ഏയ് അങ്ങനെയല്ല, താങ്കളെപ്പോലെയുള്ളവരെ മാത്രമേ ജനങ്ങൾ വിലമതിക്കുകയുള്ളൂ' എന്നാണ് മറുപടി പറഞ്ഞതെങ്കിലും അദ്ദേഹത്തിന്റെ ചോദ്യമായിരുന്നു ശരിയെന്ന് തികഞ്ഞ ബോദ്ധ്യം ഉണ്ടായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.എൽ.എയും മന്ത്രിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായിരുന്നിട്ടും അവിഹിതമായി ഒന്നും സമ്പാദിക്കാതിരുന്ന സഖാവ് ഗുരുദാസനെ പാവങ്ങളുടെ പാർട്ടിയിലെ പണക്കാരായ നേതാക്കൾ എങ്ങനെയാവും വിലയിരുത്തുക? സംശയം വേണ്ട; മണ്ടൻ, ജീവിക്കാനറിയാത്ത വിഡ്‌ഢി എന്നൊക്കെത്തന്നെ ആയിരിക്കും.

Advertisement
Advertisement