10,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ

Sunday 06 March 2022 3:45 AM IST

കീവ് :​യു​ക്രെ​യിനിൽ ഇതുവരെ 10,000ത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ. റഷ്യയുടെ 269 ടാങ്കുകൾ, 945 കവചിത വാഹനങ്ങൾ, 105 പീരങ്കികൾ, 50 റോക്കറ്റ് ലോഞ്ചറുകൾ, 19 മിസൈൽ കവചങ്ങൾ, 39 വിമാനങ്ങൾ, 40 ഹെലികോപ്റ്ററുകൾ എന്നിവയും തകർത്തതായി യുക്രെയിൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

റഷ്യൻ സൈനികർ ആയുധം ഉപേക്ഷിച്ച് ഓടിപ്പോകുന്നതും കീഴടങ്ങുന്നതും തുടരുകയാണ്.

റഷ്യൻ ആക്രമണത്തിൽ യുക്രെയിനിലെ 2,037 സൈനിക സന്നാഹങ്ങൾ തകർന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. 71 കമാൻഡ് പോസ്റ്റുകളും കമ്മ്യൂണിക്കേഷൻ സെന്ററുകളും, 98 എസ് - 300 മിസൈൽ കവചങ്ങളും 61 റഡാർ സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു.

തങ്ങൾ വെടിവച്ചിട്ട ഒരു റഷ്യൻ ഹെലികോപ്ടർ കത്തിയമരുന്നതിന്റെ ദൃശ്യം ഇന്നലെ യുക്രെയിൻ പ്രതിരോധ മന്ത്രാലയം പുറത്തുവിടുകയായിരുന്നു. മിസൈൽ ഉപയോഗിച്ചാണ് യുക്രെയിൻ സേന ഹെലികോപ്ടർ തകർത്തത്.

 ഫിൻലൻഡിലേക്ക് റഷ്യക്കാരുടെ ഒഴുക്ക്

യുക്രെയിൻ അധിനിവേശത്തിനെതിരായ പ്രകടനങ്ങൾ നേരിടാൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രാജ്യത്ത് ഉടൻ പട്ടാള നിയമം കൊണ്ടുവന്നേക്കാമെന്ന അഭ്യൂഹങ്ങളെ തുടർന്ന് ചില റഷ്യക്കാർ ഫിൻലൻഡിലേക്കും മറ്റും കടക്കുന്നതായി റിപ്പോർട്ട്. റഷ്യ - ഫിൻലൻഡ് അതിർത്തി പ്രദേശമായ വാലിമയിലൂടെയാണ് റഷ്യക്കാർ പുറത്തുകടക്കുന്നതെന്നാണ് വിവരം. ഹെൽസിങ്കിക്ക് 120 മൈൽ കിഴക്കാണ് ഇവിടം. ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ വിമാന സർവീസുകൾ ഏറെക്കുറെ നിലച്ചതോടെ കാർ, ട്രെയിൻ മാർഗങ്ങളിലാണ് ആളുകൾ റഷ്യയ്ക്ക് പുറത്ത് കടക്കുന്നത്.

 വമ്പൻ സ്ഫോടനങ്ങൾക്ക് പദ്ധതി ?

യുക്രെയിൻ നഗരങ്ങളിൽ ബോംബാക്രമണങ്ങൾ നടത്തി നഗരങ്ങൾ കീഴടക്കാൻ റഷ്യ ഒരുങ്ങുന്നതായി യു.എസ്, നാറ്റോ. 1,000ത്തോളം കൂലിപ്പട്ടാളക്കാരെ റഷ്യ യുക്രെയിനിൽ വിന്യസിക്കും.

 റഷ്യയിൽ നിന്നുള്ള വാതക വിതരണത്തെ ആശ്രയിക്കാതിരിക്കാൻ വടക്കൻ കടൽ തീരത്ത് ദ്രവവാതക ടെർമിനൽ നിർമ്മിക്കുമെന്ന് ജർമ്മനി

 യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീയുമായി ചർച്ച നടത്തി.

 ഖേഴ്സൺ നഗരത്തിൽ റഷ്യൻ സേനയ്ക്കെതിരെ പ്രതിഷേധം

 റഷ്യയുടെ എയറോഫ്ലോട്ട് വിദേശ വിമാന സർവീസുകൾ നിറുത്തുന്നു

 പൗരന്മാർ റഷ്യ വിടണമെന്ന് യു.കെ

 യുക്രെയിൻ പോളണ്ടിൽ നിന്ന് വാതകം ഇറക്കുമതി ചെയ്യും.

 ലിത്വാനിയയിൽ സൈനികവിന്യാസം കൂട്ടുമെന്ന് യു.എസ്, ജർമ്മനി, നെതർലൻഡ്സ്

 വിദേശത്ത് നിന്ന് 66,224 യുക്രെയിൻ പൗരന്മാർ റഷ്യക്കെതിരെ പോരാടാൻ തിരിച്ചെത്തിയെന്ന്

 റഷ്യയ്ക്ക് മേൽ ഉപരോധമേർപ്പെടുത്തി സിംഗപ്പൂർ

 റഷ്യയിലെ സംപ്രേക്ഷണം നിറുത്തുമെന്ന് സിഎൻഎൻ

Advertisement
Advertisement