അന്ധ വിദ്യാലയത്തിന് പൂന്തോട്ടമൊരുക്കാൻ ജിമിക്കി ചായ പീടിക

Sunday 06 March 2022 12:00 AM IST
കാസർകോട് ഗവ കോളേജിൽ വിമൻ സെല്ലിന്റെ നേതൃത്വത്തിൽ ഒരുക്കിയ ജിമിക്കി ചായക്കട

വിദ്യാനഗർ : കോളേജ് കാമ്പസിൽ അപ്രതീക്ഷിതമായി രൂപപ്പെട്ട "ജിമിക്കി ചായ പീടിക " പേരിലെ കൗതുകത്തോടൊപ്പം തന്നെ നിമിഷങ്ങൾക്കകം വൈറലായി. ചിക്കൻ റോൾ, കായ് അട, സമൂസ, ഉണ്ണിയപ്പം, പഴം പൊരി, കേസരി തുടങ്ങി നാവിൽ കൊതിയൂറുന്ന ഇരുപതോളം ചൂടു വിഭവങ്ങൾ ടേ ബിളിൽ നിരന്ന പ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും കോളേജ് സ്റ്റാഫുകളും "ജിമിക്കി " അന്വേഷിച്ചെത്തി. ഇതോ ടെ അര മണിക്കൂറിനുള്ളിൽ കട കാലിയായി.

കാസർകോട് ഗവ കോളേജിലാണ് വിമൻ സെൽ നേതൃത്വത്തിൽ ചായയും , വത്തക്ക ജ്യൂസടക്കമുള്ള പാനീയങ്ങളും ലഘു പലഹാരങ്ങളുമൊരുക്കി ചായക്കട പൊടിപൊടിച്ചത്. ഫെബ്രുവരി 28 മുതൽ മാർച്ച് 8 വരെയായി കോളേജിൽ നടക്കുന്ന വിമൻസ് സെൽ പരിപാടിയുടെ ഭാഗമായാണ് പെൺകുട്ടികൾ അവരവരുടെ വീടുകളിൽ നിന്നുണ്ടാക്കിയ വൈവിധ്യമാർന്ന പലഹാരങ്ങളുമായി ജിമിക്കി ചായ പിടിക തുറന്നത്. കാഴ്ച പരിമിതർ പഠിക്കുന്ന കാസർകോട് അന്ധ വിദ്യാലയത്തിൽ ഒരു പൂന്തോട്ടം ആവശ്യമെന്ന വിദ്യാലയം അധികൃതരുടെ ആവശ്യം ഉയർന്നപ്പോഴാണ് വിദ്യാർത്ഥിനികളുടെ മനസ്സിൽ ഇത്തരത്തിലൊരു ആശയം ഉയർന്നതും തോട്ടം നിർമ്മിക്കാനുള്ള ഫണ്ട് കണ്ടെത്താൻ കച്ചവടത്തിനിറങ്ങിയതും. കോളജ് ഒന്നടങ്കം പദ്ധതിയുമായി സഹകരിച്ചപ്പോൾ കാഴ്ച പരിമിതക്കാരായ കുട്ടികളുടെ പൂന്തോട്ടമെന്ന ആവശ്യത്തിനുള്ള ഫണ്ട് ലഭിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.കെ.കെ. ഹരി കുറുപ്പ്, ഡോ.എ.വി. സുജാത , കീർത്തി മോഹൻ ,കെ .വിജി സൈനബ റെയഹാനത്ത് തുടങ്ങിയവരാണ് ജിമിക്കി ചായ പീടികക്ക് നേതൃത്വം നൽകിയത്. ഈ ഫണ്ട് ഉപയോഗിച്ച് സമീപ ഭാവിയിൽത്തന്നെ കാസർകോട് അന്ധ വിദ്യാലയത്തിൽ മികച്ചൊരു പൂന്തോട്ടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കോളേജ് വനിതാ സെൽ പ്രവർത്തകർ.

Advertisement
Advertisement