കാതുകളിൽ മുഴങ്ങുന്നത് വെടിയൊച്ചയുടെ മുഴക്കം: കണ്ണിൽ തെളിയുന്നത് ദുരിതക്കാഴ്ചകൾ

Sunday 06 March 2022 12:09 AM IST
ഫജർ ഫർദീൻ വീട്ടിലെത്തിയപ്പോൾ മാഹി എം എൽ എ രമേശ് പറമ്പത്തിനും, പിതാവ് അബ്ദുൾ നാസറിനുമൊപ്പം

മാഹി: നിലയ്ക്കാത്ത വെടിയൊച്ചകളുടേയും കൺമുന്നിൽ തകർന്ന് വീഴുന്ന കെട്ടിടങ്ങളുടേയും ഭീതിതമായ കാഴ്ചകൾ ഇപ്പോഴുമുണ്ട് ഫജർ ഫർദ്ദിനിന്റെ കണ്ണുകളിൽ. ഉക്രെയിനിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ തിരികെയെത്തിയതിന്റെ സന്തോഷമാണ് മാഹി ഈസ്റ്റ് പള്ളുരിലെ കുറൂളിൽ ഹൗസിൽ അബ്ദുൾ നാസറും റംലയും.

രക്ഷാദൗത്യസംഘത്തിന്റെ സഹായത്തോടെ സ്‌ളോവാക്കിയ വഴിയാണ് ഡൽഹി- കൊച്ചി വഴി ഫജർ ഫർദ്ദീൻ ഇന്നലെ രാവിലെ മാഹിയിലെത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ഫജർ പറഞ്ഞു. ഹോസ്റ്റലിനോട് ചേർന്ന ബങ്കറിലാണ് അപകട സാദ്ധ്യതയുള്ളപ്പോൾ കഴിഞ്ഞിരുന്നത്.എഴുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ടായിരുന്നു.പല വഴികളിലാണ് ഇവർ പോയത്. ഫജറിനൊപ്പം 160 കുട്ടികളാണ് സ്ലോവാക്കിയയിലെത്തിയത്.
മാഹി സ്വദേശികളായ നാലു പേർ കൂടി ഇനിയും എത്തിച്ചേരാനുണ്ട്.കാർക്കീവിൽ നിന്ന് 180. കി.മി. അകലെ സുമിയിലുള്ള ചാലക്കര സ്വദേശി അബ്ദുൾ ബാസിതാണ് ഒരാൾ. ബർക്കീവിലായിരുന്ന ചെമ്പ്ര സ്വദേശി അക്ഷയ് ഇതിനകം ഹംഗറിയിലെത്തിയിട്ടുണ്ട്. ഇന്ന് നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മാഹി സ്വദേശിനികളും, സഹോദരങ്ങളുമായ സെസിയ മോൾ അലിയേമ ഫിലിപ്പ്, ജെമി ഫിലിപ്പ് എന്നിവർ ആയിരം കി.മി.ദൂരം ട്രെയിനിൽ സഞ്ചരിച്ച് പോളണ്ട് അതിർത്തിയിൽ എത്തിയിട്ടുണ്ട്. വീട്ടിലെത്തിയ ഫജർ ഫർദ്ദീനിനെ മാഹി എം.എൽ.എ.രമേശ് പറമ്പത്ത് സന്ദർശിച്ചു..

Advertisement
Advertisement