കാൻസർ രോഗികൾക്കായി ശാന്താ ജോസിന്റെ 'ആശ്രയ'

Sunday 06 March 2022 1:54 AM IST

തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗറിലെ ശാന്താ ജോസിനെ തേടിയെത്തുമ്പോൾ അത് ജീവിത സമർപ്പണത്തിനുള്ള അംഗീകാരമാണ്.കാൽനൂറ്റാണ്ടായി കാൻസർ രോഗികൾക്കായി ജീവിതം മാറ്റിവച്ച ശാന്താ ജോസ് അനുഭവം സമ്മാനിച്ച വേദനയിൽ നിന്നാണ് ആശ്രയ എന്ന സന്നദ്ധസംഘടനയ്ക്ക് രൂപം നൽകിയത്. 25വർഷം മുമ്പ് ഭർത്താവിന്റെ അനുജൻ ആന്റണിയുടെ കാൻസർ ചികിത്സയ്ക്കായി ആർ.സി.സിയിൽ എത്തിയതോടെയാണ് രോഗികളുടെ ദുരിതം മനസിലായത്.പിന്നാലെ അനുജന്റെ മരണം തീരാനോവായെങ്കിലും സുഹൃത്തുക്കളായ മേരിയോടും പുഷ്‌പയോടും ആഗ്രഹം പറഞ്ഞു.ഭർത്താവ് ജോസ്.വി.ശങ്കൂരിക്കലിന്റെ പിന്തുണയോടെ അന്നത്തെ ആർ.സി.സി ഡയറക്ടർ കൃഷ്ണൻനായരെയും നഴ്സിംഗ് സൂപ്രണ്ടായിരുന്ന വിജയെയും കണ്ട് മനസിലുള്ളത് പറഞ്ഞപ്പോൾ അവർക്കും സന്തോഷം. ആശ്രയ അവിടെ പിറന്നു.തുടർന്ന് വീട്ടമ്മമാരും സർക്കാർ ഉദ്യോഗസ്ഥരും വിരമിച്ചവരും ഉൾപ്പെടെ വലിയൊരു കൂട്ടം കാലാകാലങ്ങളിൽ ആശ്രയയുടെ ഭാഗമായി.ഇന്ന് 450 പേരടങ്ങുന്ന സംഘടനയാണ്. ആർ.സി.സിയുടെ ഏഴാം നിലയിൽ മുറിയും അനുവദിച്ചിട്ടുണ്ട്.

വേദനമാറ്റുന്ന കഞ്ഞിവെള്ളം

എവിടെ തുടങ്ങണമെന്ന് ചിന്തിച്ചിരിക്കെ നഴ്സായിരുന്ന ബനഡിക്റ്റയാണ് കീമോ,റേഡിയേഷൻ രോഗികൾക്ക് കഞ്ഞിവെള്ളം ലഭ്യമാക്കുന്ന ആശയം പറഞ്ഞത്.മരുന്നിനോട് മല്ലടിച്ച് തളർന്നിരിക്കുന്നവരുടെ അടുത്തേക്ക് ആശുപത്രി ക്യാന്റീനിലെ കഞ്ഞിവെള്ളം ഗ്ലാസിലാക്കി എത്തിക്കുന്നത് ഇന്നും തുടരുന്നു.രോഗികളുടെ ചികിത്സാ-ഭക്ഷണ ചെലവ്,കുട്ടികളുടെ പഠന ചെലവ് എന്നിവ കൂടാതെ പാവപ്പെട്ട രോഗികൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായവും നൽകുന്നുണ്ട്.

മറക്കാനാകാത്ത ദിനം

കെ.എസ്.ഇ.ബിയിലെ റിട്ട.ചീഫ് എൻജിനിയറും സിവിൽ ബോർഡ് അംഗവുമായിരുന്ന ഭർത്താവ് ജോസ്.വി.ശങ്കൂരിക്കൽ നാലു മാസം മുമ്പാണ് മരിച്ചത്.ഇവരുടെ അറുപതാം വിവാഹവാർഷിക ദിനമായ ഇന്നലെ പുരസ്കാര വാർത്ത തേടിയെത്തിയപ്പോൾ അദ്ദേഹമില്ലാത്ത ആദ്യ വിവാഹവാർഷിക ദിനം മറക്കാനാത്ത ദിവസമായെന്ന് ശാന്താ ജോസ് പറഞ്ഞു.

തലയോലപ്പറമ്പിൽ പരേതരായ ഡോക്ടർ മാത്യു മാണിക്കത്തിന്റെയും മേരിമാത്യുവിന്റെയും മകളാണ് ശാന്താ ജോസ് മക്കൾ: നിമ്മി ജോസ് (റിട്ട.അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ), ജൂബി ജോസ് (എൻജിനിയർ, ന്യൂജേഴ്സി). മരുമക്കൾ: സേവ്യർ മാത്യു എട്ടുപറയിൽ, ജോയ് ചാക്കോ കല്ലുകളം ഇരുവരും എൻജിനിയർമാരാണ്.

Advertisement
Advertisement