തുത്തൻഖാമന്റെ കഠാരയ്ക്ക് പിന്നിലെ രഹസ്യം !

Sunday 06 March 2022 3:23 AM IST

കെയ്റോ : പുരാതന ഈജിപ്റ്റിൽ ജീവിച്ചിരുന്ന തുത്തൻഖാമൻ എന്ന രാജാവിനെ പറ്റി കേട്ടിട്ടില്ലേ. ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്ന തുത്തൻഖാമന്റെ മമ്മി അടക്കം ചെയ്ത കല്ലറ 1922ൽ നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള വാലി ഒഫ് കിംഗ്സിൽ നിന്ന് കണ്ടെത്തിയത് പുരാതന ഈജിപ്ഷ്യൻ ഗവേഷണങ്ങളിലെ നിർണായക വഴിത്തിരിവായിരുന്നു. ഇംഗ്ലീഷ് ആർക്കിയോളജിസ്റ്റായ ഹൊവാർഡ് കാർട്ടർ കണ്ടെത്തിയ തുത്തൻഖാമന്റെ കല്ലറയിൽ നിരവധി അമൂല്യ വസ്തുക്കളുണ്ടായിരുന്നു. ഇതിൽ പ്രശസ്തമായ തുത്തൻഖാമന്റെ മുഖംമൂടി ഇപ്പോഴും കെയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ കാണാം. തുത്തൻഖാമന്റെ കല്ലറ ഇന്നും ശാസ്ത്രലോകത്തിന് മുന്നിൽ ഒരു നിഗൂഢതയാണ്. അതേ പറ്റിയുള്ള പഠനങ്ങളും തുടരുന്നു.

ഒരു ഇരുമ്പ് കഠാരയും തുത്തൻഖാമന്റെ കല്ലറയിൽ കണ്ടെത്തിയിരുന്നു. 1925ൽ തുത്തൻഖാമന്റെ മമ്മിയിൽ നിന്ന് രണ്ട് കഠാരകൾ കണ്ടെത്തിയിരുന്നു. ഒരെണ്ണം ഇരുമ്പിനാലും മറ്റൊന്ന് സ്വർണത്താലും തീർത്തതായിരുന്നു. ഇതിൽ ഇരുമ്പു കഠാര ഗവേഷകരെയും ചരിത്ര പണ്ഡിതരെയും ഒരേ പോലെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കഠാരയുടെ ഉത്ഭവം തന്നെയാണ് കാരണം. കഠാരയിലെ ലോഹം എവിടെ നിന്ന് ലഭിച്ചുവെന്നും ഏന്ത് സാങ്കേതികവിദ്യയാണ് അതിൽ പ്രയോഗിച്ചിരിക്കുന്നതെന്നുമാണ് ഏവരെയും കുഴപ്പിക്കുന്നത്.

ഇപ്പോഴിതാ, ഈ കഠാരയുടെ ഉത്ഭവം ബഹിരാകാശത്ത് നിന്നാണെന്ന നിഗമനം മുന്നോട്ട് വയ്ക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.! കഠാരയുടെ ഘടനയും സ്വഭാവവും വിലയിരുത്തുമ്പോൾ അത് ഉൽക്കാശിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. അതായത്, ഉൽക്കാപതനത്തിൽ നിന്ന് ലഭിച്ച ലോഹമാകാം കഠാരയുടെ നിർമ്മാണത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ജപ്പാനിലെ ചിബ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഗവേഷകർ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉയർന്ന അളവിലുള്ള നിക്കലിന്റെ സാന്നിദ്ധ്യം ഗവേഷകരുടെ നിഗമനത്തിന് ആക്കംകൂട്ടുന്നു.

Advertisement
Advertisement