വിദ്യാർത്ഥികളുടെ വീഡിയോ വൈറലായി, ഇടപെട്ട് ഇന്ത്യ

Sunday 06 March 2022 3:27 AM IST

ന്യൂഡൽഹി: ജീവൻ അപകടത്തിലാണെന്നും ഇന്ത്യൻ സർക്കാർ യുക്രെയിൻ - റഷ്യ അധികൃതരുമായി ബന്ധപ്പെട്ട് ഉടൻ നടപടിയെടുത്തില്ലെങ്കിൽ സ്വന്തം നിലയ്‌ക്ക് അതിർത്തിലേക്ക് നീങ്ങുമെന്ന് പറയുന്ന ഒരു കൂട്ടം വിദ്യാർത്ഥികളുടെ മുന്നറിയിപ്പ് വീഡിയോ വൈറലായി. ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും ആരും ഷെൽട്ടറിന് പുറത്ത് ഇറങ്ങരുതെന്നും യുക്രെയിനിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും അഭ്യർത്ഥിച്ചു.

സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളികൾ അടക്കം നൂറോളം വിദ്യാർത്ഥികളാണ് കൂട്ടമായി ആശങ്ക പങ്കുവച്ചത്. തങ്ങൾക്ക് ചുറ്റും ഷെൽ, ബോംബ് സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്നും കാത്തു നിൽക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. 900ത്തോളം വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കുടങ്ങിയെന്നും ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുണ്ടെന്നും 50 കിലോമീറ്റർ അകലെയുള്ള റഷ്യൻ അതിർത്തിലേക്ക് നീങ്ങാനാണ് പദ്ധതിയെന്നും അവർ വ്യക്തമാക്കി.

സ്വന്തം നിലയ്‌ക്ക് നീങ്ങിയ വിദേശ വിദ്യാർത്ഥികൾക്ക് വെടിയേറ്റിട്ടുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം ഇന്ത്യൻ സർക്കാരിനും യുക്രെയിനിലെ എംബസിക്കുമായിരിക്കും. ഇതു തങ്ങളുടെ അവസാന വീഡിയോ ആയിരിക്കുമെന്നും അവർ പറഞ്ഞു. വീഡിയോ വൈറിലായതിനെ തുടർന്ന് എംബസി അധികൃതർ ഇടപെട്ട് അവരെ പിന്തിരിപ്പിച്ചു. പിന്നീട് വിദേശകാര്യ മന്ത്രാലയവും വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് പ്രസ്‌താവനയിറക്കി.

 യുക്രെയിൻ വിഷയം : കമലാ ഹാരിസ് കിഴക്കൻ യൂറോപ്പിലേക്ക്

വാഷിംഗ്ടൺ: യുക്രെയിൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ പ്രകോപനത്തിനെതിരെ യൂറോപ്യൻ സഖ്യകക്ഷികളെ അണിനിരത്തുന്നതിന്റെ ഭാഗമായി യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടുത്താഴ്ച പോളണ്ടിലും റൊമേനിയയിലും സന്ദർശനം നടത്തും.

കമലയുടെ സന്ദർശനം നാറ്റോ സഖ്യത്തിന്റെ ഐക്യവും റഷ്യൻ ആക്രമണത്തിനെതിരെ നാറ്റോയിലെ കിഴക്കൻ സഖ്യകക്ഷികൾക്ക് പിന്തുണയും പ്രകടമാക്കുന്നതും ഒപ്പം യുക്രെയിനിലെ ജനങ്ങളോടുള്ള പിന്തുണയറിയിക്കുന്നതുമാണെന്ന് കമലയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിംഗ് പറഞ്ഞു. മാർച്ച് 9 മുതൽ 11 വരെയാണ് സന്ദർശനം. പോളണ്ടിലെ വാഴ്സോയിലും റൊമേനിയയിലെ ബുക്കാറസ്റ്റിലും കമല സന്ദർശനം നടത്തും.

Advertisement
Advertisement