കണ്ടൽ ; എന്നും മണ്ണിന്റെ കാവലാൾ

Tuesday 08 March 2022 12:00 AM IST

സുനാമിയും പ്രളയവും കടലേറ്റവും തീരദേശമലിനീകരണവും ശുദ്ധവായുവിന്റെ കുറവുമെല്ലാം കേരളം നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒന്നല്ലെങ്കിൽ മറ്റൊന്ന് കേരളത്തെ വരിഞ്ഞുമുറുക്കാത്ത വർഷങ്ങളില്ല. ഈ പാരിസ്ഥിതിക പ്രശ്നങ്ങളെയെല്ലാം ഒറ്റയടിയ്ക്ക് പ്രതിരോധിക്കാനും എളുപ്പമല്ല. എന്നാൽ പ്രളയത്തേയും സുനാമിയെയുമെല്ലാം പ്രതിരോധിക്കാനും ടൂറിസം മേഖലയുടെ വളർച്ചയെ സഹായിക്കാനും ഏറെ ഗുണകരമാണ് കണ്ടൽക്കാടുകൾ. അത് നമ്മൾ അനുഭവിച്ചറിഞ്ഞതുമാണ്. പക്ഷേ, കണ്ടൽക്കാടുകൾ സൃഷ്ടിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ നമ്മൾ കൊടുത്തില്ലെന്നതാണ് സത്യം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ജലാശയങ്ങളുടെ തീരങ്ങളിൽ ഒരു ലക്ഷത്തോളം കണ്ടൽച്ചെടികൾ വേരുറപ്പിയ്ക്കാനുളള ഒരുക്കത്തിലാണ് ഹരിതകേരളം മിഷൻ. പരിസ്ഥിതി പ്രവർത്തകനും, പ്രാദേശിക കർഷകനുമായ പി.വി.ദിവാകരന്റെ നേതൃത്വത്തിലുള്ള കാസർകോട് ജില്ലയിലെ ജീവനം പദ്ധതിയുമായി ചേർന്നാണ് ഹരിതകേരളം മിഷൻ വ്യാപകമായി കണ്ടൽ നട്ടുപിടിപ്പിക്കുന്നത്.

അറുനൂറോളം ചെടികൾ തൃശൂർ ജില്ലയിലെ തീരങ്ങളിൽ നട്ടുപിടിപ്പിച്ചുകഴിഞ്ഞു. പഞ്ചായത്തുകൾ സന്നദ്ധമായാൽ കൂടുതൽ ചെടികൾ വെച്ചുപിടിപ്പിക്കാനാകും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകൾക്ക് ഇതിനായി പ്രത്യേകം പണം ചെലവഴിക്കേണ്ടി വരുന്നുമില്ല. ഒഴുകുന്ന ജലാശയങ്ങൾക്ക് സമീപം കരയോട് ചേർന്നാണ് കണ്ടൽ നടുന്നത്. അഴിമുഖ പ്രദേശങ്ങളിലും തോടുകളിലും പുഴയോരങ്ങളിലും കണ്ടൽ വളരും. ഉപ്പുരസമുള്ള വെള്ളമാണെങ്കിലും വളർച്ചയ്ക്ക് തടസമാവില്ല. പുന്നയൂർ പഞ്ചായത്തിൽ നടന്ന ജില്ലാതല ഉദ്ഘാടനം എൻ.കെ.അക്ബർ എം.എൽ.എ കഴിഞ്ഞദിവസം നിർവഹിച്ചിരുന്നു. അഞ്ചോ ആറോ മാസം കൊണ്ട് സംസ്ഥാനത്ത് കണ്ടൽച്ചെടികൾ വ്യാപകമാക്കാൻ കഴിയുമെന്നാണ് ഹരിതകേരളത്തിന്റെ പ്രതീക്ഷ. നടുന്ന ചെടികൾക്ക് ഒരു മീറ്റർ ഉയരമുണ്ടാകും. തീരങ്ങളിൽ ഈർപ്പമുള്ളതിനാൽ ജലസേചനത്തിന്റെ ആവശ്യവുമില്ല.


മത്സ്യകൃഷിക്കും ടൂറിസത്തിനും

ജലശുദ്ധീകരണത്തിനൊപ്പം മത്സ്യം തുടങ്ങിയ ചെറുജീവികളുടെ ആവാസ വ്യവസ്ഥയ്ക്കും കണ്ടൽ ഗുണകരമാണ്. ഇവിടെ പ്രത്യുത്‌പാദനം നടത്തുന്ന ഒട്ടനവധി മത്സ്യങ്ങളും ഉഭയജീവികളും മറ്റു ജലജീവികളും, അവയെ ഭക്ഷിക്കുന്ന തണ്ണീർത്തട പക്ഷികളും ഉരഗങ്ങളും സസ്തനികളും കണ്ടൽ ആവാസവ്യവസ്ഥയെ തനതാക്കി മാറ്റുന്നു. ഇതിന്റെ പുഷ്പങ്ങൾ ഒഴുകുന്ന ജലത്തിൽ തട്ടിനിൽക്കുന്നത് സുന്ദരമായ കാഴ്ചയാണ്. കണ്ടലിന്റെ ഇടയിലൂടെ ബോട്ടിംഗും നടത്താം. ജലപക്ഷികളും ദേശാടനപക്ഷികളും വർദ്ധിക്കും. ഇതുവഴി ടൂറിസം മേഖലയായി ഈ പ്രദേശങ്ങൾ മാറ്റിയെടുക്കാനും കഴിയും .
കണ്ടലിന്റെ പച്ചത്തുരുത്തുകൾ സ്വപ്നം കാണുന്ന പി.വി.ദിവാകരനാണ് സൗജന്യമായി കണ്ടൽച്ചെടികൾ നൽകുന്നത്. കാസർകോട് നീലേശ്വരം സ്വദേശിയായ ദിവാകരൻ, എല്ലാ ജില്ലകളിലും തുരുത്തുകൾ തുടങ്ങാനുള്ള മോഹം ഹരിതകേരളം മിഷനെ അറിയിക്കുകയായിരുന്നു. ഒരു ലക്ഷത്തോളം കണ്ടൽ തൈകൾ ദിവാകരന്റെ പക്കലുണ്ട്. ഈ ചെടിക്ക് ഗുണമേന്മയും ഏറെയെന്ന് ഹരിതകേരളമിഷൻ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.

പരിസ്ഥിതിയുടെ കാവൽ

ശിഖരങ്ങളിൽ നിന്നും മണ്ണിൽ താണിറങ്ങുന്ന കണ്ടലിന്റെ താങ്ങുവേരുകൾ മണ്ണിൽ പിടിച്ചുനിൽക്കാൻ സഹായകമാകും. വേലിയേറ്റത്തെയും കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും മലിനീകരണത്തെയും ഫലപ്രദമായി തടയുകയും ചെയ്യും.
സൂര്യപ്രകാശത്തിന് നേരെ വളരുന്ന സൂചിവേരുകൾ അന്തരീക്ഷത്തിൽ നിന്നും ഓക്‌സിജൻ വലിച്ചെടുത്തുപയോഗിക്കും.
സൂചിവേരുകളിലുള്ള ധാരാളം വായു അറകൾ ജലത്തിനു മുകളിൽ തുറന്നിരുന്ന് വായുലഭ്യത കൂട്ടും. ഉപ്പുവെള്ളത്തിലും വളരുന്നതിനാൽ കായലോരങ്ങളിലെ ഉപ്പിന്റെ അംശം നല്ലതോതിൽ കുറയ്ക്കും. ചുരുക്കത്തിൽ പരിസ്ഥിതിയുടെ കാവലായി കണ്ടലിനെപ്പോലെ മറ്റൊരു ചെടിയില്ലെന്നും പറയാം. തുടർപരിപാലനം ആവശ്യമില്ലാത്ത ചെടി കൂടിയാണ് കണ്ടൽ. അതുകൊണ്ടു തന്നെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് കണ്ടൽച്ചെടി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.എസ്.ജയകുമാർ പറയുന്നു.

തീരദേശമേഖലയിലെ ചേറ്റുവ പെരിങ്ങാട് കണ്ടൽ റിസർവ് വനമായി പ്രഖ്യാപിച്ചതോടെ, ഈ മേഖലയിൽ വിനോദസഞ്ചാര കേന്ദ്രത്തിന് വഴിയൊരുങ്ങിയിരുന്നു. സാധാരണ റിസർവ് വനമായിട്ടല്ല, കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റ് റിസർവ് പദ്ധതി പോലെ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ടൂറിസം വികസനത്തിനും ഊന്നൽ നൽകിയുള്ള പദ്ധതിയാണിവിടെ നടപ്പാക്കിയത്. അപൂർവ ഇനങ്ങളിൽപെട്ട പക്ഷിവർഗങ്ങളുടേയും ഉഭയജീവികളുടേയും മറ്റു ജലജീവികളുടേയും സാന്നിദ്ധ്യത്താൽ സമ്പന്നമാണ് ഓരോ കണ്ടൽക്കാടും. ദേശാടനപക്ഷികൾ ഉൾപ്പെടെ വൈവിദ്ധ്യങ്ങളായ നൂറിലേറെ പക്ഷികൾ പെരിങ്ങാട് പുഴയോരത്ത് രൂപപ്പെട്ട കണ്ടൽക്കാടുകളിലുമുണ്ട്. ചാവക്കാട് ചേറ്റുവ കടലോര മേഖലകളുമായി അടുത്തുള്ള പെരിങ്ങാട് പുഴയും തണ്ണീർത്തടവും ഈ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിൽ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിന് വളരെ നീളത്തിൽ കടൽത്തീരങ്ങളുണ്ടെങ്കിലും കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴിമുഖത്തെ ചെളിത്തട്ടുകളിലും ചതുപ്പുപ്രദേശത്തുമൊക്കെയായി കണ്ടലുകൾ വളരുന്ന പ്രദേശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉടമസ്ഥത സർക്കാരിന്റെയോ സ്വകാര്യവ്യക്തികളുടേയോ കൈവശമാണെങ്കിലും വനം-പരിസ്ഥിതി നിയമങ്ങൾ നഗ്‌നമായി ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നതെന്നും ആരോപണമുണ്ട്. ലാഭം ലക്ഷ്യമിട്ടുളള നിർമ്മാണപ്രവർത്തനങ്ങൾ, റിസോർട്ടുകളുടെ വ്യാപനം, റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ഇടപെടലുകൾ, അശാസ്ത്രീയമായ ടൂറിസം പദ്ധതികൾ, കൈയേറ്റങ്ങൾ, വികസനപദ്ധതികൾ, മത്സ്യഫാമുകളുടെ നിർമ്മാണം തുടങ്ങിയവയെല്ലാം കണ്ടൽക്കാടുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഏക്കർകണക്കിന് കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങൾ വാരിയെറിഞ്ഞും നശിപ്പിച്ചത്. ഇവയെ നശിപ്പിക്കുമ്പോൾ നമ്മുടെ കാലിന്റെ അടിയിലെ മണ്ണ് തന്നെയാണ് നമ്മൾ നീക്കുന്നതെന്ന് ഓർത്തിരുന്നാൽ ഭാവി തലമുറയ്ക്കും അതൊരു അനുഗ്രഹമാകും. പ്രളയത്തിനും വരൾച്ചയ്ക്കും പിന്നാലെ മറ്റെന്തെല്ലാം പാരിസ്ഥിതിക ദുരന്തങ്ങളാണ് കൊച്ചുകേരളം നേരിടുന്നതെന്ന് ആർക്കാണ് പ്രവചിക്കാനാവുക?

Advertisement
Advertisement