വെയിലത്ത് വാടാതെ പൊന്നമ്മയുടെ ജീവിതം

Tuesday 08 March 2022 12:11 AM IST

ആലപ്പുഴ : പൊന്നമ്മ പച്ചക്കറി കച്ചവടം തുടങ്ങിയിട്ട് നാലരപ്പതിറ്റാണ്ടായി. നാടൻ പച്ചക്കറിയല്ലാതെ മറ്റൊന്നും ഇന്നുവരെ വിറ്റിട്ടില്ല. ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കെല്ലാം ചിരപരിചിതയാണ് വടക്കനാര്യാട് നേതാജി കുറ്റിപ്പുറത്ത് വീട്ടിൽ പൊന്നമ്മയെന്ന എഴുപതുകാരി. വിഷമില്ലാത്ത പചക്കറിക്ക് വില കൂടുമെങ്കിലും തന്റെ പക്കലുള്ളവ വളരെ വേഗം വിറ്റഴിയാറുണ്ടെന്ന് പൊന്നമ്മ പറയുന്നു. സ്ഥിരം കസ്റ്റമേഴ്സാണ് പലരും.

കച്ചവടത്തിന് പച്ചക്കറി ശേഖരിക്കാൻ മാർക്കറ്റിലേക്കല്ല പൊന്നമ്മ പോകുന്നത്. രാവിലെ ആറിന് വീട്ടിൽ നിന്നിറങ്ങി, നാടൻ പച്ചക്കറിക്ക് പ്രസിദ്ധമായ കഞ്ഞിക്കുഴി, കലവൂർ എന്നിവിടങ്ങളിലെ വീടുകളിലെത്തും. അവരുടെ തോട്ടത്തിൽ വിളയുന്ന പച്ചക്കറികൾ ശേഖരിച്ച് പതിനൊന്നു മണിയോടെ മുല്ലയ്ക്കൽ ഗണപതി കോവിലിന് സമീപം റോഡരികിൽ ഇരിപ്പുറപ്പിക്കും. കത്തിക്കാളുന്ന ചൂടൊന്നും പൊന്നമ്മയെ ജീവിത പോരാട്ടത്തിൽ തളർത്തില്ല.

ഭർത്താവ് രഘുനാഥിനൊപ്പം 44 വർഷം മുമ്പാണ് മുല്ലയ്ക്കലിൽ പച്ചക്കറി വില്പന തുടങ്ങിയത്. 28 വർഷം മുമ്പ് ഭർത്താവ് മരിച്ചു. പിന്നീട് മക്കളുടെ പഠനത്തിനും വീട്ടുചെലവിനുമായി പൊന്നമ്മ നാടൻ പച്ചക്കറിയുമായി തെരുവോരത്ത് തനിച്ചായി. മകൾ പുഷ്പവല്ലി ശ്വാസംമുട്ടലിനെതുടർന്ന് 12വർഷം മുമ്പ് മരിച്ചു. ഇതിന്റെ ആഘാതം വിട്ടുമാറും മുമ്പ് മകൻ ഷാജിമോനും മരണമടഞ്ഞതോടെ പൊന്നമ്മ തളർന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വമോർത്തപ്പോൾ വീണ്ടും പച്ചക്കറികളുമായി മുല്ലയ്ക്കലിൽ സജീവമായി. മകന്റെ ഭാര്യ ജയമോളും ഇപ്പോൾ ജീവിത മാർഗം തേടുന്നത് നാടൻ പച്ചക്കറി വിൽപ്പനയിലൂടെയാണ്.

തമിഴ്നാട്ടിൽ നിന്ന് വരുന്ന പിടിപ്പയറിന് കിലോഗ്രാമിന് 30രൂപയാണെങ്കിൽ ജൈവ കൃഷിയിൽ ഉത്പാദിപ്പിച്ചതിന് 80രൂപ നൽകണം. തന്റെ പക്കലുള്ള ജൈവ പച്ചക്കറി മുഴുവൻ വിറ്റഴിയുമെങ്കിലും ലാഭം അധികമില്ലെന്ന് പൊന്നമ്മ പറയുന്നു. ദിവസം മുഴുവൻ വെയിൽ കൊണ്ടാൽ കഞ്ഞി കുടിച്ച് ജീവിക്കാമെന്ന് മാത്രം.

Advertisement
Advertisement