' മറക്കില്ല, പൊറുക്കില്ല " തിരിച്ചടിച്ചിരിക്കുമെന്ന് സെലെൻസ്കിയുടെ ഉറപ്പ്

Tuesday 08 March 2022 12:08 AM IST

മോസ്കോ : സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് നിരപരാധികളായ യുക്രെയിൻ പൗരന്മാരുടെ ജീവൻ കവർന്ന യുദ്ധത്തിൽ അതിക്രൂര പ്രവർത്തികൾ ചെയ്ത എല്ലാവരെയും ശിക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. തങ്ങളുടെ മണ്ണിൽ കൊടുംക്രൂരതകൾ കാട്ടുന്ന ഇവർക്ക് സമാധാനത്തോടെ കാത്തിരിക്കുന്നത് ശവക്കുഴി മാത്രമായിരിക്കുമെന്നും തങ്ങൾ ഒന്നും മറക്കില്ലെന്നും പൊറുക്കില്ലെന്നും സെലെൻസ്കി മുന്നറിയിപ്പ് നൽകി.

റഷ്യ ഷെല്ലാക്രമണങ്ങളിലൂടെ ആസൂത്രിതമായി കൊലപാതകങ്ങൾ ചെയ്യുകയാണെന്നും സെലെൻസ്കി രോഷത്തോടെ പറഞ്ഞു. റഷ്യയ്ക്ക് മേൽ പാശ്ചാത്യരാജ്യങ്ങളുടെ ഭാഗത്ത് നിന്നുള്ള ഉപരോധങ്ങൾ മാത്രം പോരാ എന്നതിന്റെ വ്യക്തമായ സൂചനയാണ് യുക്രെയിനിൽ നടക്കുന്ന അതിക്രമങ്ങളെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.

അതേ സമയം, യുദ്ധത്തിന്റെ 12ാം ദിനമായ ഇന്നലെ കര, വ്യോമ, കടൽ മാർഗങ്ങളിൽ നിന്നെല്ലാം റഷ്യൻ സേന യുക്രെയിന് നേരെ ശക്തമായ ആക്രമണം നടത്തി. തലസ്ഥാനമായ കീവിൽ റഷ്യ ശക്തമായ ആക്രമണങ്ങൾക്ക് പദ്ധതിയുടന്നതായാണ് സൂചന. ഇന്നലെ രാവിലെ മുതൽ കീവിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആക്രമണം ശക്തമായിരുന്നുവെന്നാണ് റിപ്പോർട്ട്. ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ റഷ്യൻ ടാങ്കുകൾ ദൃശ്യമായെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം, രാജ്യത്തിന്റെ വടക്ക് കിഴക്കൻ നഗരമായ ചുഹീവിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചെന്ന് യുക്രെയിൻ വ്യക്തമാക്കി. റഷ്യ ഷെല്ലാക്രമണങ്ങൾ തുടങ്ങിയ ആദ്യ നഗരങ്ങളിൽ ഒന്നാണ് ചുഹീവ്.

യുക്രെയിനിൽ നാറ്റോ വ്യോമനിരോധ മേഖല പ്രഖ്യാപിച്ചാൽ അത് ആണവരാജ്യമായ റഷ്യയുമായി ഒരു മൂന്നാം ലോകമഹായുദ്ധത്തിന് വഴിവച്ചേക്കാമെന്ന് മുതിർന്ന യു.എസ് സെനറ്റർ മാർക്കോ റൂബിയോ പറഞ്ഞു. യുക്രെയിന് മീതെ ' നോ - ഫ്ലൈ സോൺ " പ്രഖ്യാപിക്കണമെന്ന് യുക്രെയിൻ വീണ്ടും ആവശ്യമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നാറ്റോയും നോ ഫ്ലൈ സോൺ ആവശ്യം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വ്യോമനിരോധന മേഖല ഏർപ്പെടുത്തുന്നത് യൂറോപ്പിൽ മാത്രമല്ല, ലോകമെമ്പാടും ഭീമാകാരവും വിനാശകരവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

യുക്രെയിനിൽ ഫെബ്രുവരി 24 മുതൽ 406 പൗരന്മാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതായി യു.എൻ ഹ്യൂമൻ റൈറ്റ്സ് ഓഫീസ് ഇന്നലെ അറിയിച്ചു. ഇതിൽ 27 കുട്ടികളും ഉൾപ്പെടുന്നു. രാജ്യത്ത് 34 ആശുപത്രികൾ, 202 സ്കൂളുകൾ, 1,500 ലേറെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ തകരുകയോ നാശനഷ്ടമുണ്ടാവുകയോ ചെയ്തതായി യുക്രെയിൻ പ്രസിഡന്റിന്റെ ഉപദേഷ്ടാക്കളിൽ ഒരാളായ മിക്കായിലോ പൊഡോലൈക് പറഞ്ഞു.

യുക്രെയിനിലെ സ്ഥിതി ഓരോ ദിവസം കഴിയും തോറും വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ പറഞ്ഞു. ഉപരോധങ്ങളിലൂടെ റഷ്യയ്ക്ക് മേൽ ഫ്രാൻസ് സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും മാക്രോൺ വ്യക്തമാക്കി. ഞായറാഴ്ച സെലെൻസ്കിയുമായും പുട്ടിനുമായും മാക്രോൺ ഫോണിൽ സംസാരിച്ചിരുന്നു.

അതേ സമയം, തങ്ങൾ മുന്നോട്ട് വച്ച വ്യവസ്ഥകൾ അംഗീകരിച്ചാൽ ഏത് നിമിഷവും ആക്രമണം നിറുത്താൻ തയാറാണെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് ഇന്നലെ അറിയിച്ചു. ക്രൈമിയ റഷ്യൻ പ്രദേശമായി അംഗീകരിക്കു, നാറ്റോയിൽ ചേരാനാകാത്ത വിധം യുക്രെയിന്റെ ഭരണഘടന പുനഃക്രമീകരിക്കുക, സൈനിക നടപടികൾ നിറുത്തുക തുടങ്ങിയ വ്യവസ്ഥകൾ അംഗീകരിക്കാൻ യുക്രെയിനും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളും തയാറാകണമെന്ന് പെസ്കോവ് വ്യക്തമാക്കി.

Advertisement
Advertisement