റഷ്യയ്ക്കെതിരെ ഉപരോധങ്ങൾ കടുപ്പിച്ച് ന്യൂസിലാൻഡ്

Tuesday 08 March 2022 4:18 AM IST

വെല്ലിംഗ്ടൺ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഉൾപ്പെടെ 100 റഷ്യക്കാർക്ക് ന്യൂസിലാൻഡ് യാത്രാനിരോധനം ഏർപ്പെടുത്തി. യുക്രെയിൻ അധിനിവേശവുമായി ബന്ധപ്പെട്ട റഷ്യൻ ഉദ്യോഗസ്ഥർക്കാണ് വിലക്ക്. റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, വിദേശകാര്യ മന്ത്രി സെർജി ലാവ്‌‌റോവ്, പ്രതിരോധ മന്ത്രി സെർജി ഷോയിഗു, വിദേശകാര്യ വക്താവ് മരിയ സഖറോവ തുടങ്ങിയവരും പട്ടികയിലുണ്ട്.

കൂടാതെ, റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നിയമനിർമാണം ഉടൻ പ്രാബല്യത്തിൽ വരുത്തും. ഇതോടെ ന്യൂസിലാൻഡിലെ റഷ്യൻ സ്വത്തുക്കൾ മരവിപ്പിക്കാനാകും. റഷ്യൻ ശതകോടീശ്വരന്മാരുടെ ആഡംബര നൗകകളും വിമാനങ്ങളും ന്യൂസിലാൻഡിൽ പ്രവേശിക്കുന്നത് വിലക്കാനുമാകും.

 വിസാ നടപടികൾ വേഗത്തിലാക്കണമെന്ന് ബ്രിട്ടനോട് ഫ്രാൻസ്

ലണ്ടൻ : യുക്രെയിനിൽ നിന്നു കുടിയേറ്റക്കാർ ഫ്രാൻസിലെ കാലെയ് വഴി യു.കെയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വിസ ഉപരോധം നീക്കുന്നതിനാവശ്യമായ നടപടികളെടുക്കണമെന്ന് ഫ്രാൻസ് ബ്രിട്ടനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ' മനുഷ്യത്വരഹിതമാണെന്ന്' ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ വിശേഷിപ്പിച്ചത്.

വടക്കൻ ഫ്രഞ്ച് തുറമുഖ നഗരമായ കാലെയിലെത്തിയ 400 യുക്രെയിൻ അഭയാർത്ഥികളിൽ 150 പേർക്ക് യു.കെയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പാരീസിലോ ബ്രസൽസിലോ വിസാ നടപടികൾക്ക് അപേക്ഷിക്കണമെന്നായിരുന്നു ഇവർക്ക് ലഭിച്ച നിർദ്ദേശം. ഇതിന് പരിഹാരമായി കാലെയിൽ തന്നെ ഒരു പ്രത്യേക കൺസുലേറ്റിന് യു.കെ അടിയന്തര അനുമതി നൽകണമെന്നാണ് ഫ്രാൻസിന്റെ ആവശ്യം.

 സൈനികരെ വിന്യസിക്കില്ലെന്ന് ആവർത്തിച്ച് യു.എസ്

തങ്ങളുടെ സൈന്യം യുക്രെയിനിൽ റഷ്യയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകില്ലെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി ലിൻഡ തോമസ് ഗാർഫീൽഡ് ആവർത്തിച്ചു. യുക്രെയിനിലേക്ക് അമേരിക്കൻ സൈന്യമെത്തിയാൽ അത് യുദ്ധം മൂർച്ഛിക്കാനിടയാകുമെന്നും റഷ്യയ്ക്കെതിരെയുള്ള അമേരിക്കൻ യുദ്ധമായി അത് മാറുമെന്നും അതേ സമയം, യുക്രെയിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.

 ചൈനയുടെ യൂണിയൻപേ കാർഡുകൾ പുറത്തിറക്കാൻ റഷ്യ

വിസ, മാസ്റ്റർ കാർഡ് കമ്പനികൾ റഷ്യയിലെ തങ്ങളുടെ സേവനങ്ങൾ നിറുത്തലാക്കിയതിന് പിന്നാലെ ചൈനയുടെ യൂണിയൻപേ സിസ്റ്റം ഉപയോഗിക്കുന്ന കാർഡുകൾ വിതരണം ചെയ്യാൻ റഷ്യൻ ബാങ്കുകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. യൂണിയൻപേ കാർഡുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് സ്ബെർ ബാങ്ക്, ആൽഫാ ബാങ്ക് എന്നിവർ അറിയിച്ചു.

സേവനങ്ങൾ നിറുത്തിയ പശ്ചാത്തലത്തിൽ റഷ്യൻ ബാങ്കുകൾ നൽകിയ വിസ, മാസ്റ്റർ കാർഡുകൾ ഉപയോഗിച്ച് റഷ്യയിലും പുറത്തും പണമിടപാടുകൾ നടത്താനാകില്ലെന്നും ഇരു കമ്പനികളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 മദ്ധ്യ ഖാർക്കീവിൽ സ്ഥിതി ഗുരുതരം

 റഷ്യൻ ഷെല്ലാക്രമണം ഒഴിപ്പിക്കൽ, ദുരിതാശ്വാസ നടപടികൾക്ക് തടസമാകുന്നതായി യുക്രെയിൻ വിദേശകാര്യ മന്ത്രാലയം

 അധിനിവേശം ആരംഭിച്ചനാൾ മുതൽ യുക്രെയിനിലെ ആരോഗ്യ സംവിധാനങ്ങൾക്ക് മേൽ റഷ്യ കുറഞ്ഞത് ഏഴ് തവണയെങ്കിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

 യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രെയിന്റെ അപേക്ഷ സംബന്ധിച്ച ചർച്ച വരുംദിവസങ്ങളിൽ നടക്കുമെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷൽ

 യുക്രെയിനിൽ വൈദ്യുതിയും വെള്ളവുമില്ലാതെ ആയിരങ്ങൾ

 കരിങ്കടൽ തീരത്തുള്ള ഒലിവിയയിൽ റഷ്യൻ ആക്രമണമെന്ന് യുക്രെയിൻ

 റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവും യുക്രെയിൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്

 യുക്രെയിന്റെ അഭ്യർത്ഥന പ്രകാരം യു.എൻ കോടതിയിൽ നടക്കുന്ന വാദത്തിൽ നിന്ന് വിട്ടുനിന്ന് റഷ്യ

 യുക്രെയിനിൽ സാമൂഹ്യസേവനം നടത്താൻ ചൈനീസ് റെഡ്ക്രോസ്

 റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയ്ക്ക് ഉപരോധമേർപ്പെടുത്താൻ യു.എസ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി ജപ്പാൻ ചർച്ച തുടങ്ങി

 യുക്രെയിൻ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ ചൈന തയാറാണെന്ന് വിദേശകാര്യമന്ത്രി വാംഗ് യീ

 മിസൈലുകൾ ഉൾപ്പെടെയുള്ള പ്രതിരോധ ആയുധങ്ങൾ വാങ്ങാൻ യുക്രെയിന് 70 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ

 കീവിന് സമീപം മകറീവിൽ ബ്രെഡ് ഫാക്ടറിയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 13ഓളം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

 പുട്ടിനുമായി അടുത്ത ബന്ധമുള്ള പത്ത് റഷ്യൻ പൗരന്മാർക്ക് ഉപരോധമേർപ്പെടുത്തി കാനഡ

Advertisement
Advertisement