കാണ്ഡഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരൻ വെടിയേറ്റ് കൊല്ലപ്പെട്ടു

Wednesday 09 March 2022 12:53 AM IST

ഇസ്ളാമാബാദ്: 1999ൽ കാണ്ഡഹാറിൽ വച്ച് എയർ ഇന്ത്യ ഐ സി 814 വിമാനം റാഞ്ചിയ അഞ്ച് ഭീകരരിലൊരാളായ സഹൂർ മിസ്ട്രി (സാഹിദ് അഖൂൻദ്) കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ തോക്കുധാരികളായ രണ്ട് പേർ സാഹിദിന്റെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മാസ്‌കും ഹെൽമറ്റും വച്ചതിനാൽ അക്രമികളെ തിരിച്ചറിയാനായിട്ടില്ല. മാർച്ച് ഒന്നിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന സാഹിദ് ഫർണിച്ചർ കട നടത്തുന്ന ബിസിനസുകാരനെന്ന വ്യാജേന കറാച്ചിയിലെ അക്താർ കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്നു. സാഹിദിന്റെ മരണത്തോടെ, കാണ്ഡഹാർ വിമാനറാഞ്ചലിൽ പങ്കെടുത്ത അഞ്ചുപേരിൽ രണ്ടുപേർ മാത്രമാണ് പാകിസ്ഥാനിൽ ജീവനോടെ ശേഷിക്കുന്നത് - ഇബ്രാഹിം അസറും (ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ മൂത്ത സഹോദരൻ) റൗഫ് അസ്ഗറും.

റൗഫ് അസ്ഗർ ഉൾപ്പെടെയുള്ള ജയ്‌ഷെയുടെ ഉന്നത നേതാക്കൾ സാഹിദിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചൽ നടന്നത് 1999 ഡിസംബർ 24നായിരുന്നു. ഇന്ത്യൻ ജയിലിലുള്ള മൂന്ന് ഭീകരരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് അഞ്ച് പാക് ഭീകരർ, ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്ക് പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐ സി 814 എയർബസ് എ 300 വിമാനം റാഞ്ചിയത്. പലവട്ടം തിരിച്ചുവിട്ട് ഒടുവിൽ വിമാനം കാണ്ഡഹാറിലേക്കു കൊണ്ടുപോകുകയായിരുന്നു.

176 യാത്രക്കാരെയും 16 വിമാന ജീവനക്കാരുടെയും ജീവൻ വച്ച് വിലപേശിയ റാഞ്ചികൾക്ക് മുന്നിൽ ഒടുവിൽ അന്നത്തെ അടൽ ബിഹാരി വാജ്‌പേയ് സർക്കാരിന് വഴങ്ങേണ്ടി വന്നു.

രാജ്യാന്തര ഭീകരരായ ജയ്‌ഷെ മുഹമ്മദ് തലവൻ മൗലാന

മസൂദ് അസ്ർ അൽവി, സയ്യിദ് ഒമർ ഷെയ്ഖ്, മുസ്താഖ് അഹമ്മദ് സർഗാർ എന്നിവരെ അന്ന് കൈമാറേണ്ടി വന്നിരുന്നു. ‌തുടർന്ന് ഡിസംബർ 31നാണ് വിമാനറാഞ്ചൽ നാടകത്തിന് തിരശ്ശീല വീണത്.

Advertisement
Advertisement