ട്രെയിനിൽ രക്ഷപ്പെട്ട പ്രതികളെ വിമാനത്തിലെത്തി കുടുക്കി

Wednesday 09 March 2022 12:10 AM IST

പൊലീസ് നീങ്ങിയത് തന്ത്രപരമായി

മാവേലിക്കര : വെൺമണി ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ,76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി,68) എന്നിവരെ മൺവെട്ടിക്കും കമ്പിപ്പാരയ്ക്കും തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

നവംബർ 7നും 10നും ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്നു മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

കോടുകുളഞ്ഞി കരോട്ടെ വാടകവീട്ടിൽ താമസിച്ചിരുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതികൾ കൂടെ യാത്രചെയ്തിരുന്നവരുടെ ഫോണിൽ നിന്ന് വെൺമണിയിലുള്ള സുഹൃത്തുക്കളെ ഇടയ്ക്കിടെ വിളിച്ചിരുന്നു. ഈ ഫോൺവിളികൾ പിന്തുടർന്നാണ് ഇവർ ട്രെയിനിൽ സഞ്ചരിക്കുകയാണെന്ന് കണ്ടെത്തിയത്. കൊലപാതക ശേഷം കോടുകുളഞ്ഞിയിലെ വാടക വീട്ടിലെത്തിയ പ്രതികൾ ഇവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സംഭവ ശേഷം വൈകിട്ട് 5.26നുള്ള തിരുവനന്തപുരം- ചെന്നൈ മെയിലിൽ കയറി 12ന് രാവിലെ 7.56 ന് ചെന്നൈയിൽ എത്തി. ചെന്നൈ റെയിൽവേ സ്റ്റേഷനിലെ കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ അവിടെ എത്തിയതായി സ്ഥിരീകരിച്ചു. കൊൽക്കത്തയിലേക്കുള്ള ഹൗറ കൊററോമാണ്ടൽ എക്സ്‌പ്രസിൽ രാവിലെ 8.46ന് ചെന്നൈയിൽ നിന്ന് കയറിയതും കണ്ടെത്തി. ബംഗാളിൽ എത്തിയ ശേഷം ഇവിടെ നിന്നും ജലമാർഗം ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുള്ള പ്രതികളുടെ പദ്ധതിയാണ് പാതിവഴിയിൽ പോലീസ് പൊളിച്ചത്.

പ്രതികൾ ട്രെയിനിലാണ് രക്ഷപ്പെടുന്നതെന്ന് മനസിലാക്കിയ മാന്നാർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കൊച്ചിയിൽ നിന്ന് വിമാനമാർഗം കൊൽക്കത്തയിലെത്തി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് വിജയവാഡയിൽ വച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് ട്രെയിനിൽ വച്ചുതന്നെ പ്രതികളെ പിടികൂടി വിശാഖപട്ടണത്ത് ഇറക്കി. ഇവരെ മാരിപാലം ആർ.പി.എഫ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചു. ഇതറിഞ്ഞ് കൊൽക്കത്തയിൽ നിന്ന് വിശാഖപട്ടണത്ത് എത്തിയ മാന്നാർ പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. കൊലനടത്തിയ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും ഇവരിൽ നിന്ന് കണ്ടെത്തി. 2020 ഫെബ്രുവരി 5 നാണ് 46 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. 2021 നവംബർ ഒന്നിനാണ് വിചാരണ തുടങ്ങിയത്.

Advertisement
Advertisement