ബഡ്ജറ്റിൽ കരുതൽ കൊതിച്ച് കോട്ടയം

Thursday 10 March 2022 1:09 AM IST

കോട്ടയം : ധനമന്ത്രി കെ.എൻ.ബലഗോപാലിന്റെ ആദ്യ ബഡ്ജറ്റ് ജില്ലയെ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ബഡ്ജറ്റിൽ ജില്ലയ്ക്ക് കുന്നോളം പ്രതീക്ഷയാണ്. കൃഷി, ടൂറിസം, ഗതാഗതം തുടങ്ങി വിവിധമേഖലകൾ ബഡ്ജറ്റിന്റെ കരുതൽ കൊതിക്കുന്നുണ്ട്. കൊവിഡ്കാല പ്രതിസന്ധി മറികടക്കാനുള്ളതെല്ലാം ബഡ്ജറ്റിലുണ്ടാകുമെന്ന് ഭരണപക്ഷ എം.എൽ.എമാർ പറയുന്നു. റബർ, നെൽ കർഷകരുടെ പ്രശ്നങ്ങളും വികസന പ്രശ്നങ്ങളും പരിഹരിക്കാൻ ഉതകുന്ന നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ടായാലേ സാമ്പത്തിക ഭദ്രത കൈവരിക്കാനാവൂ.വിമാനത്താവളങ്ങൾക്കുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുമെന്ന മുൻ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ആഹ്ലാദിച്ചെങ്കിലും കാര്യങ്ങൾക്ക് വേഗതയില്ല. ചെറുവള്ളി വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നുമായിരുന്നു പ്രതീക്ഷയെങ്കിലും കോടതിയുടെ പരിഗണനയിലാണ് വിഷയം. ഈ വർഷം സ്ഥലമേറ്റെടുപ്പെങ്കിലും പൂർത്തിയാക്കിയാൽ മാത്രമേ മറ്റ് അനുമതികൾ തേടാൻ കഴിയൂ. ഡി.പി.ആർ തയ്യാറാക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ പണം അനുവദിച്ചിരുന്നു.

ചൂളംവിളി കാത്ത് ശബരി

ഉപേക്ഷിച്ചെന്ന് കരുതിയിരുന്ന പദ്ധതിയായ ശബരി റെയിൽവേയ്ത്ത് കേന്ദ്ര മാനദണ്ഡം അനുസരിച്ച് പദ്ധതിയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതാണ് പദ്ധതിയ്ക്ക് ജീവൻ നൽകിയത്. 2000 കോടി രൂപ കിഫ്ബിയിലൂടെ വകയിരുത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല.

 കണ്ണീരിലാണ് കർഷകർ

റബറിന്റെ തറവില 250 രൂപയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഈ ബഡ്ജറ്റിലെങ്കിലും പാലിക്കപ്പെടുമോയെന്നാണ് ഉറ്റു നോക്കുന്നത്. ജോസ് കെ.മാണിയുടെ ഇടപെടലിൽ റബറിന് കാര്യമായെന്തിങ്കിലുമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. റബർ സ്ഥിരതാ ഫണ്ടിലേയ്ക്ക് എത്ര നീക്കി വയ്ക്കുമെന്നതും കാത്തിരുന്ന് കാണാം. നെല്ല്, തെങ്ങ്, കർഷകരും പുത്തൻ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുന്നു.

വികസനം കൊതിച്ച് ടൂറിസ മേഖല

കൊവിഡിന് ഇളവ് വന്നതോടെ ടൂറിസം മേഖലയും വികസനം കൊതിക്കുന്നു. കുമരകം മുതൽ ഇല്ലിക്കല്ല് വരെ നീണ്ടു കിടക്കുന്ന ടൂറിസം മേഖലയുടെ വികസനത്തിന് എത്ര രൂപ നീക്കിവയ്ക്കുമെന്നാണ് ജില്ല ഉറ്റുനോക്കുന്നത്. വാഗമണ്ണിലെ കാരവാൻ പദ്ധതി പോലെ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നറിയണം. കുമരകത്തെ കൂടി പ്രതിനിധീകരിക്കുന്ന ജില്ലയിലെ ഏക മന്ത്രി വി.എൻ.വാസവന്റെ ഇടപെടലിലിന്റെ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ. കുമരകം വികസനം, ടൂറിസം സർക്യൂട്ട് തുടങ്ങി നിരവധി പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയെ സാമ്പത്തികമായ ഉണർവിലേയ്ക്ക് നയിക്കാൻ ടൂറിസം മേഖലയെ വലിയ തോതിൽ സർക്കാർ പിന്തുണയ്‌ക്കേണ്ടതുണ്ട്.

എച്ച്.എൻ.എൽ

വെള്ളൂർ എച്ച്.എൻ.എൽ ഏറ്റെടുത്തശേഷം ആരംഭിക്കുന്ന കേരള പേപ്പർ പ്രൊഡക്ട് ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. കമ്പനിയുടെ പ്രവർത്തനത്തിന് കൂടുതൽ തുക വകയിരുത്തുമോയെന്ന് ജീവനക്കാർ ഉറ്റുനോക്കുന്നു. അതേസമയം സ്ഥലത്ത് ആരംഭിക്കുമെന്ന് ആർവത്തിച്ച് പ്രഖ്യാപിക്കപ്പെട്ട റബർ അധിഷ്ഠിത വ്യവസായ പാർക്കിന്റെ കാര്യത്തിൽ നടപടിയായില്ല.

അക്ഷര മ്യൂസിയം

മുൻ വർഷത്തെ ബഡ്ജറ്റിൽ ഇടംപിടിച്ച നാട്ടകത്തെ അക്ഷര മ്യൂസിയത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. മ്യൂസിയം യാഥാർത്ഥ്യമാക്കാൻ ഫണ്ട് വകയിരുത്തുമെന്നാണ് പ്രതീക്ഷ.

Advertisement
Advertisement