തിറയായി വീണ്ടുമെത്തി മയ്യഴിയുടെ തോലൻമൂപ്പൻ

Wednesday 09 March 2022 10:04 PM IST
മാഹി പുത്തലം ആദിതീയ്യ ക്ഷേത്രത്തിൽ തോലൻ മൂപ്പൻ തെയ്യം കെട്ടിയാടിയപ്പോൾ

മാഹി : മയ്യഴിയുടെ ചരിത്രത്തിലും മിത്തുക്കളിലും ജീവിക്കുന്ന തോലൻ മൂപ്പൻ പുത്തലം ക്ഷേത്രാങ്കണത്തിൽ തിറയായി വീണ്ടും അരങ്ങിലെത്തി. കോവണിപ്പടി (പഴയത് ) കയറി ചെല്ലുന്ന ഏതൊരാൾക്കും മണ്ഡപങ്ങളും തറയും അഗ്രശാലകളുമൊക്കെയായി സ്വയം നിർമ്മിച്ച ക്ഷേത്രത്തിലാണ് തോലൻ മൂപ്പനെ കെട്ടിയാടിക്കുന്നത്.

ബ്രിട്ടീഷ് ഫ്രഞ്ച് യുദ്ധത്തിൽ മാഹി പള്ളി പൂർണ്ണമായി തകർക്കപ്പെട്ടപ്പോൾ തോലൻമൂപ്പനായിരുന്നു കൊയിലാണ്ടിയിൽ നിന്നും പള്ളിക്കാവശ്യമായ മുഴുവൻ മരത്തടികളും എത്തിച്ചത്.അതിനിടെ അവിടെ ചാലോറ ഇല്ലത്ത് കെട്ടിയാടിയ പൂക്കുട്ടിച്ചാത്തൻ തോലൻ മൂപ്പനൊപ്പം പുത്തലം ആദിത്തീയ ക്ഷേത്രത്തിലെത്തിയെന്നാണ് വിശ്വാസം.

സംസ്‌ക്യതത്തിലും, മലയാളത്തിലും ഫ്രഞ്ചിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന മകൻ കുഞ്ഞിമന്ദൻ മതം മാറി ഫ്രാൻസിലേക്ക് പോയതിന്റെ സങ്കടത്തിൽ ഹൃദയം പൊട്ടിമരിച്ച തോലൻ മൂപ്പനെ ക്ഷേത്രത്തിൽ തിറയായി പിന്നീട് കെട്ടിയാടിക്കുകയായിരുന്നു.

ഫ്രഞ്ച് ഭരണം അവസാനിക്കും വരെ തോലൻമൂപ്പന്റെ തിറയാട്ടം കാണാൻ ഫ്രഞ്ച് മൂപ്പൻ സായ്പ് എത്തുമായിരുന്നു. ക്ഷേത്ര മുറ്റത്ത് അന്ന് ഫ്രഞ്ചുകാർക്ക് ഇരിക്കാൻ പ്രത്യേക പന്തലുമൊരുക്കിയിരുന്നു. തന്റെ ഉദ്ദിഷ്ഠകാര്യം സാധിച്ചതിന്റെ സന്തോഷമായിട്ടാണ് ഇന്നുകാണുന്ന പുത്തലം ക്ഷേത്രം തോലൻ മൂപ്പൻ നിർമ്മിച്ചത്.

Advertisement
Advertisement