'പന്നിക്ക"യിലും ഒരു കൈ നോക്കാൻ കാർഷിക ഗവേഷണ കേന്ദ്രം

Wednesday 09 March 2022 10:18 PM IST

തൃക്കരിപ്പൂർ: പഴയകാലത്ത് നാട്ടുമ്പുറത്തുകാർ ഭക്ഷണമായി ഉപയോഗിച്ചിരുന്ന പന്നിക്ക എന്ന എന്റമിക് പ്ലാന്റിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ കാർഷിക സർവ്വകലാശാല തയ്യാറെടുക്കുന്നു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജരാണ് അന്യംനിന്നു പോയ്ക്കൊണ്ടിരിക്കുന്ന പന്നിക്കയുടെ കൃഷി ചെയ്യാനും ഗവേഷണം നടത്താനും തീരുമാനിച്ചിരിക്കുന്നത്.

മധുരങ്കൈ ഗാന്ധി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിത്തുശേഖരണ പരിപാടിയിൽ നിവേദിത പി.സുരേഷിൽ നിന്നും ഏറ്റുവാങ്ങിയ പന്നിക്കാ വിത്ത് ഇന്നലെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നട്ടുപിടിപ്പിച്ചു. പണ്ടുകാലത്ത് തൃക്കരിപ്പൂർ മാർക്കറ്റിലും ആഴ്ചച്ചന്തകളിലും ഉണ്ടായിരുന്ന ഒരു വിഭവമായിരുന്നു പന്നിക്ക .നട്ട് ഗ്രാസ് വിഭാഗത്തിൽ മുത്തങ്ങ ഇനത്തിലെ അപൂർവ്വമായി കാണുന്ന പച്ചയ്ക്ക് തന്നെ കഴിക്കാവുന്ന ഒരു വിഭവമാണ് .

''സ്രാമ്പി"യിൽ നിന്നറിഞ്ഞു

എടാട്ടുമ്മൽ സ്വദേശിയും അദ്ധ്യാപകനുമായ വിവി രവീന്ദ്രന്റെ പരിസ്ഥിതി നോവലായ സ്രാമ്പിയിൽ പന്നിക്കയുമായി ബന്ധപ്പെട്ട പരാമർശമുണ്ട്. പുസ്തകം വായിച്ച കാർഷിക ഗവേഷണ കേന്ദ്രം ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രൻ കാർഷിക കേന്ദ്രം ഡയറക്ടർ ഡോ.ടി.വനജയുടെ ശ്രദ്ധയിൽപ്പെടുത്തി കവി തിരുമുമ്പ് പ്രൊജക്റ്റിൽ പന്നിക്ക ഉൾപെടുത്തുകയായിരുന്നു.

സായിപ്രാസ് എന്ന സസ്യകുടുംബത്തിൽപ്പെട്ട പന്നിക്കയെ ചൈനക്കാർ വാണിജ്യപരമായി വർഷങ്ങൾക്ക് മുമ്പു തന്നെ ഉപ യോഗിച്ചിരുന്നു. ടൈഗർ നട്ട് എന്ന പേരിലാണ് ഇവയെ ചൈനയിൽ അറിയുന്നത്. ഇതിന്റെ ഔഷധമൂല്യം പരിഗണിച്ച് പൗഡർ രൂപത്തിലും ഓയിലുമാക്കി ചൈനക്കാർ അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിക്കുന്നുണ്ട്-പി.വി.സുരേന്ദ്രൻ .ഫാം സൂപ്രണ്ട്, പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം.

Advertisement
Advertisement