വലിയഴീക്കൽ പാലം ഇന്ന് തുറക്കും

Thursday 10 March 2022 1:26 AM IST

ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ആലപ്പുഴ : ആറാട്ടുപുഴ - ആലപ്പാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് തീരദേശ പാതയിൽ കായംകുളം കായലിനു കുറുകെ നിർമിച്ച വലിയഴീക്കൽ പാലം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വലിയഴീക്കൽ പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ്, ജെ.ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളാകും. എം.പിമാരായ എ.എം. ആരിഫ്, കെ. സോമപ്രസാദ്, കെ.സി. വേണുഗോപാൽ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, സി.ആർ. മഹേഷ്, മുൻ മന്ത്രി ജി. സുധാകരൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ എന്നിവർ സംസാരിക്കും. പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിക്കും.

ജില്ലാ കളക്ടർമാരായ ഡോ. രേണു രാജ്(ആലപ്പുഴ ), അഫ്‌സാന പർവീൺ(കൊല്ലം), ജനപ്രതിനിധികളായ അംബുജാക്ഷി, ദീപ്തി രവീന്ദ്രൻ, എൻ. സജീവൻ, യു. ഉല്ലാസ്, ജോൺ തോമസ്, വസന്ത രമേശ്, പി.വി. സന്തോഷ്, നിഷ അജയകുമാർ, രശ്മി രഞ്ജിത്ത്, ടി. ഷൈമ, സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ. മഞ്ജുഷ തുടങ്ങിയവർ പങ്കെടുക്കും.

സാക്ഷാത്കരിക്കപ്പെടുന്നത്

ഒരു നാടിന്റെ സ്വപ്നം

തീരദേശവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ് വലിയഴീക്കൽ പാലം ഉദ്ഘാടനം ചെയ്യുന്നതിലൂടെ സഫലമാകുന്നത്. ഇതോടെ വലിയഴീക്കലിൽ നിന്ന് ദേശീയപാതവഴി അഴീക്കലിലേക്ക് പോകുന്നതിനേക്കാൾ 28 കിലോമീറ്ററോളം ദൂരം ലാഭിക്കാൻ സാധിക്കും. റിസം മേഖലയിലും പുതുസാദ്ധ്യതകളിലേക്ക് വാതിൽ തുറക്കാൻ പാലം സഹായിക്കും.തീരദേശ ഹൈവേയിൽ കായംകുളം പൊഴിമുഖത്തിനും അറബിക്കടലിനും സമാന്തരമായി നിർമമിച്ചിരിക്കുന്ന പാലം സവിശേഷമായ രൂപകല്പന കൊണ്ടു ശ്രദ്ധ ആകർഷിക്കുന്നതാണ്. അഴീക്കൽ, വലിയഴീക്കൽ ബീച്ചുകളെയും ഹാർബറുകളെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെയുള്ള യാത്ര കടലിലെയും കായലിലെയും മനോഹര കാഴ്ചകൾ സമ്മാനിക്കും.

146.5 കോടി രൂപ ചിലവിട്ട് നിർമിച്ച പാലത്തിന്റെ നീളം 981 മീറ്ററാണ്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ഉയരത്തിൽ 110 മീറ്റർ നീളമുള്ള മൂന്ന് ബോസ്ട്രിംഗ് ആർച്ച് സ്പാനുകളുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിംഗ് ആർച്ച് സ്പാനാണ് ഇത്. ചെറിയ യാനങ്ങൾക്കും വലിയ മത്സ്യബന്ധന ബോട്ടുകൾക്കും പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോകാനാകും.

ദേശീയപാതയിൽ ഗതാഗത തടസമുണ്ടായാൽ തൃക്കുന്നപ്പുഴ -വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം തുറക്കുന്നതോടെ സാധിക്കും.

അഭിമാനിക്കാം ചെന്നിത്തലയ്ക്കും
ജി.സുധാകരനും

ആലപ്പുഴ: ആറാട്ടുപുഴ -ആലപ്പാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച വലിയഴീക്കൽ പാലം പണി വേഗം പൂർത്തീകരിക്കുന്നതിൽ തുണയായത് ഒന്നാം പിണറായി സർക്കാരിന്റെ ഇടപെടൽ.യു. ഡി.എഫ് സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ പാലം നിർമ്മാണം തുടങ്ങിയെങ്കിലും മതിയായ ഫണ്ടിന്റെ അഭാവം തുടർ പ്രവർത്തനങ്ങളെ ബാധിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്ക് നിർമ്മാണ ചുമതല നൽകിയത് യു.ഡി.എഫ് സർക്കാരാണ്. തുടർന്നു വന്ന സർക്കാരിൽ ജി.സുധാകരൻ മുൻകൈയെടുത്താണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. പാലത്തിന്റെ നിർമ്മാണ തടസങ്ങൾ പരിഹരിക്കുന്നതിനായി കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളിലായി 64 യോഗങ്ങൾ ചേർന്നു. എല്ലായോഗത്തിലും രമേശ് ചെന്നിത്തല പങ്കെടുത്തു. ധനമന്ത്രി തോമസ് ഐസക്ക് 170 കോടിയാണ് അനുവദിച്ചെങ്കിലും 136.39 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തികരിച്ചു.

Advertisement
Advertisement