തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാരിനും കോൺഗ്രസിനും നിർണായകം

Thursday 10 March 2022 1:35 AM IST

ന്യൂഡൽഹി: ഇന്ന് വരാനിരിക്കുന്ന അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്ര സർക്കാരിനും പ്രതിപക്ഷ പാർട്ടികൾക്കും ഒരു പോലെ നിർണായകമാണ്. അഞ്ചിൽ നാലിലും അധികാരത്തിലിരുന്ന ബി.ജെ.പിക്കും പഞ്ചാബിലെ ഭരണകക്ഷിയായ കോൺഗ്രസിനും ഫലം അനുകൂലമല്ലെങ്കിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരും. തുടർച്ചയായി രണ്ടാം തവണയും യു.പിയിൽ അധികാരത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടാൽ നിലനില്പ് തന്നെ അപകടത്തിലാകുമെന്ന് സമാജ്വാദി പാർട്ടിക്കുമറിയാം. യു.പിയിൽ തിരിച്ചടിയുണ്ടായാൽ 2024 ലെ സാദ്ധ്യതകളാണ് ഇല്ലാതാകാൻ പോകുന്നതെന്ന് ബി.ജെ.പി നേതൃത്വവും വിലയിരുത്തുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി സ്ഥിതി ചെയ്യുന്ന സംസ്ഥാനമെന്ന നിലയിൽ യു.പിയിലെ പ്രകടനം മോദിയേയും ബാധിക്കുന്ന വിഷയമാണ്.

യു.പിയിൽ,​ ബി.ജെ.പി വൻ വിജയം നേടിയാൽ അത് രാകേഷ് ടിക്കായത് ഉൾപ്പെടെയുള്ള കർഷക നേതാക്കൾക്ക് തിരിച്ചടിയാകും. അതേ സമയം പഞ്ചാബിൽ അധികാരം ലഭിച്ചാൽ അത് ആം ആദ്മിയെ സംബന്ധിച്ചടുത്തോളം ഡൽഹിയിൽ നിന്ന് തങ്ങളുടെ സ്വാധീനം പുറത്തേക്ക് വ്യാപിപ്പിച്ച് ഒരു ദേശീയ രാഷ്ട്രീയ പാർട്ടി പരിവേഷമുണ്ടാക്കാനുള്ള അവസരമാകും.

ഗോവയിലെ പ്രകടനം മോശമായാൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് അത് വ്യക്തിപരമായ ക്ഷീണമാകും. പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഏതെങ്കിലുമൊരെണ്ണത്തിലെങ്കിലും അധികാരം നേടാനുമായില്ലെങ്കിൽ പാർട്ടിയിൽ ജി. 23 നേതാക്കൾ ഉയർത്തിയത് പോലുള്ള പ്രതികരണങ്ങൾ ശക്തമാകും.

Advertisement
Advertisement