തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ അനിവാര്യം

Thursday 10 March 2022 12:46 AM IST

തൃശൂർ: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ വികസന പ്രവർത്തനങ്ങൾക്ക് വൈജ്ഞാനികവും സാങ്കേതികവുമായ പിന്തുണ അനിവാര്യമാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ. ജില്ലാ ആസൂത്രണ സമിതി കിലയിൽ നടത്തിയ ജില്ലാ റിസോഴ്‌സ് സെന്റർ അംഗങ്ങൾക്കുള്ള ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിൽപ്പശാലയിൽ ജില്ലാ പദ്ധതി സംയോജനം എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ജില്ലാ റിസോഴ്‌സ് സെന്ററുകളുടെ ചുമതലകൾ എന്ന വിഷയത്തിൽ കില ഡയറക്ടർ ജനറൽ ജോയ് ഇളമണ്ണും ജില്ലാ പദ്ധതി പരിഷ്‌കരണം എന്ന വിഷയത്തിൽ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം പി.കെ. രവീന്ദ്രനും ക്ലാസുകൾ നയിച്ചു.
തുടർന്ന് ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ. എം.എൻ. സുധാകരൻ മാസ്റ്ററുടെ നേതൃത്വത്തിൽ 14 ഉപസമിതികളായി തിരിഞ്ഞ് വിഷയമേഖലാതല ചർച്ചകൾ നടത്തി കൺവീനർമാർ നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയുണ്ടായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷനുമായ പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ശിൽപ്പശാലയിൽ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗവും തൃശൂർ ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററുമായ എം.ആർ. അനൂപ് കിഷോർ മുഖ്യ കോ- ഓർഡിനേറ്ററായി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ജിജു പി. അലക്‌സ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത എന്നിവർ പങ്കെടുത്തു.

Advertisement
Advertisement