ഇഴഞ്ഞിഴഞ്ഞ് അമൃത് പദ്ധതികൾ

Thursday 10 March 2022 12:46 AM IST

തൃശൂർ: ജില്ലയിലെ അമൃത് പദ്ധതികൾക്ക് ഒച്ചിന്റെ വേഗം, അഴുക്കുചാൽ പദ്ധതികൾ ഏറ്റെടുക്കുന്നതിൽ തടസവും. തൃശൂർ കോർപറേഷൻ, ഗുരുവായൂർ നഗരസഭ എന്നിവിടങ്ങളിലാണ് അമൃത് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂരിൽ 51.63 ശതമാനവും ഗുരുവായൂരിൽ 64.90 ശതമാനവും പണികളാണ് ഇതുവരെ പൂർത്തിയായത്.
അഴുക്കുചാൽ പദ്ധതിയുമായി ബന്ധപ്പെട്ട തുകയാണ് ഇനി ചെലവഴിക്കാനുള്ളതിൽ 40 ശതമാനത്തോളം തുകയും. കോർപറേഷൻ പരിധിയിൽ അഴുക്കുചാൽ പ്രവർത്തനങ്ങൾക്ക് ടെൻഡർ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് കരാറുകാരൻ പിൻമാറിയത്. ഇതോടെ പ്രവർത്തനം നിലച്ചു.

പദ്ധതി പൂർത്തീകരണത്തിന് അടുത്ത വർഷം മാർച്ച് വരെ സമയമുണ്ടെങ്കിലും സമയബന്ധിതമായി പണി പൂർത്തിയാക്കിയാൽ മാത്രമേ അടുത്ത പദ്ധതികൾ പരിഗണിക്കൂ. കോർപറേഷനിലെ 109 പദ്ധതികളിൽ അഴുക്കുചാൽ പദ്ധതിയുടെ ടെൻഡർ മാത്രമേ പൂർത്തിയാകാനുള്ളൂ. ടെൻഡറായ 108ൽ 78 പദ്ധതികൾ പൂർത്തിയായി. ഇനിയും 30 പദ്ധതികൾ പൂർത്തിയാകാനുണ്ട്. 238.5 കോടി രൂപയുടെ പ്രവൃത്തികൾ ടെൻഡറായതിൽ 134.04 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.

ഗുരുവായൂരിൽ പകുതിയിലേറെ ബാക്കി

ഗുരുവായൂരിൽ ടെൻഡർ പൂർത്തിയായതിൽ പകുതിയിലേറെയും ഇനിയും പൂർത്തിയായിട്ടില്ല. സംസ്ഥാന തലത്തിൽ തുക ചെലവഴിച്ചതിൽ രണ്ടാം സ്ഥാനമാണ് ഗുരുവായൂരിനെങ്കിലും 12 പദ്ധതികൾ മാത്രമാണ് പൂർത്തിയായത്. 33 പദ്ധതികളുടെ ടെൻഡറാണ് പൂർത്തിയായത്. കരുവന്നൂർ പുഴയിൽ നിന്ന് കൊണ്ടുവരുന്ന കുടിവെള്ള പദ്ധതി പൂർത്തിയാകുന്നതോടെ പല പദ്ധതികളും പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതുവരെ 64.90 ശതമാനമാണ് ഇതുവരെ പൂർത്തിയായത്.

അമൃത് പദ്ധതി

തൃശൂർ കോർപറേഷനിൽ

ആകെ പദ്ധതികൾ - 109

പദ്ധതി വിഹിതം- 269.93 കോടി

ഭരണാനുമതി ലഭിച്ചത് - 259.62 കോടി

സാങ്കേതികാനുമതി ലഭിച്ചത് -108

ടെൻഡർ തുക - 238.05

പൂർത്തിയാക്കിയത് -78

ചെലവഴിച്ച തുക - 134.04

ഗുരുവായൂർ നഗരസഭ

ആകെ പദ്ധതികൾ - 33

പദ്ധതി വിഹിതം - 203.10 കോടി

ഭരണാനുമതി ലഭിച്ചത് - 213.71 . കോടി

സാങ്കേതികാനുമതി ലഭിച്ചത് - 33

ടെൻഡർ തുക - 213.71 കോടി

പൂർത്തിയാക്കിയ പദ്ധതികൾ - 12

പൂർത്തിയാകാനുള്ളത് - 21

ചെലവഴിച്ച തുക - 138. 69 കോടി

Advertisement
Advertisement