ശംഖുംമുഖം - വിമാനത്താവളം റോ‌ഡ് 15ന് മുമ്പ് തുറക്കും

Thursday 10 March 2022 1:27 AM IST

തിരുവനന്തപുരം: കടൽക്ഷോഭത്തിൽ തകർന്ന ശംഖുംമുഖം - വിമാനത്താവളം റോ‌ഡ് ഇൗ മാസം 15ന് മുമ്പ് തുറന്നു നൽകുമെന്ന് നിർമ്മാണ ചുമതലയുള്ള ട്രിവാൻഡ്രം റോഡ് ഡെവലപ്മെന്റ് കമ്പനി വ്യക്തമാക്കി. ഇന്നോ നാളെയോ ടാറിംഗ് ആരംഭിക്കും. മണ്ണ് ഉറപ്പിക്കുന്ന ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഓടയുടെയും സ്ട്രീറ്റ് ലൈറ്റിന്റെയും അടക്കമുള്ള ജോലികൾ റോഡ് തുറന്നു നൽകിയതിന് ശേഷം ആരംഭിക്കും. നിലവിൽ ആഭ്യന്തര വിമാനത്താവളത്തിലേക്കുള്ള വഴിയിലെ ഗതാഗതം 15 വരെയാണ് നിരോധിച്ചിരിക്കുന്നത്. അതേസമയം മുന്നറിയിപ്പില്ലാതെയുള്ള യാത്രാ നിരോധനം തദ്ദേശവാസികളെയും വിമാനത്താവളത്തിലേക്കുള്ള മറ്റ് യാത്രികരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 360 മീറ്റർ ദൂരത്തിലും 7 മീറ്റർ വീതിയിലുമാണ് ടാറിംഗ് നടത്തുന്നത്. 15വർഷത്തെ പരിപാലന കാലാവധി പൂർത്തിയാക്കിയ ചാക്ക ഐ.ടി.ഐ - ആഭ്യന്തര വിമാനത്താവളം, എൽ.എം.എസ് - കവടിയാർ, ഇൗഞ്ചയ്‌ക്കൽ - ശ്രീകണ്ഠേശ്വരം എന്നീ റോഡുകളുടെ റീടാറിംഗ് പൂർത്തിയാക്കി സർക്കാരിന് തിരിച്ചുനൽകുന്ന ജോലികളും പുരോഗമിക്കുന്നതായി ട്രിവാൻഡ്രം റോഡ് ഡെവലപ്മെന്റ് കമ്പനി വ്യക്തമാക്കി.

 ഡയഫ്രം വാൾ റെഡി

കടലേറ്റത്തിൽ നിന്ന് റോഡിനെ സംരക്ഷിക്കുന്ന ഡയഫ്രം വാളിന്റെ നിർമ്മാണം പൂർത്തിയായി. ഇതിനുശേഷമാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓർപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണ് ഡയഫ്രം വാളിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നിലവിൽ ഡയഫ്രം വാളിന് പുറത്ത് കല്ലടുക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കടലേറ്റത്തെ തുടർന്ന് തകർന്ന റോഡിന്റെയും ഡയഫ്രം വാളിന്റെയും ജോലികൾ ആരംഭിച്ചിട്ട് 10 മാസത്തിലേറെയായിരുന്നു.

ഇടയ്‌ക്കിടെയുള്ള കടലേറ്റവും മഴക്കെടുതികളും കൊവിഡും പുനനി‌ർമ്മാണം വൈകിപ്പിച്ചു. ശക്തമായ കടലേറ്റത്തിലും മഴക്കെടുതിയിലും റോഡിന്റെ മുക്കാൽപങ്കും കടലെടുത്തിരുന്നു. ഡയഫ്രം വാൾ നിർമ്മിക്കാനെത്തിച്ച 100 ലോഡ് മണ്ണ് കടലെടുത്തതും വെല്ലുവിളി സൃഷ്ടിച്ചിരന്നു.

 12 കോടി

ആകെ 360 മീറ്ററിൽ നി‌ർമ്മിച്ച ഡയഫ്രം വാളിന് 12 കോടിയും റോഡ് നിർമ്മാണത്തിന് 1.6 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. ആദ്യം 6 കോടി രൂപയാണ് ശംഖുംമുഖം വീണ്ടെടുപ്പിനായി അനുവദിച്ചിരുന്നതെങ്കിലും തുടർച്ചയായ കടലേറ്റത്തിൽ സമീപത്തെ റോഡും കടലെടുത്തതോടെയാണ് പദ്ധതിച്ചെലവ് വീണ്ടും വർദ്ധിപ്പിച്ചത്.

Advertisement
Advertisement