നീരാളിയുടെ മുത്തച്ഛന് ജോ ബൈഡനുമായി എന്ത് ബന്ധം,​ ഗവേഷകർ പറയുന്നതിങ്ങനെ

Thursday 10 March 2022 3:27 AM IST

ലോസാഞ്ചലസ് : ഇന്ന് നാം കാണുന്ന നീരാളികളുടെ പൂർവികർക്ക് 10 കൈകൾ ഉണ്ടായിരുന്നതായി കണ്ടെത്തൽ. 328 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഇക്കൂട്ടർ ജീവിച്ചിരുന്നത്. ' സിലിപ്‌സിമൊപോഡി ബൈഡനി " എന്നാണ് ഈ പ്രാചീന സ്പീഷീസിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെയൊരു പേര്. മൊണ്ടാനയിൽ നിന്ന് ഏകദേശം 330 ദശലക്ഷം വർഷം പഴക്കമുള്ള ഇവയുടെ ഒരു ഫോസിൽ കണ്ടെത്തിയതോടെയാണ് നിർണായകമായ വിവരം ഗവേഷകർക്ക് മനസിലാക്കാനായത്. 1988ൽ ഈ ഫോസിൽ കാനഡയിലെ റോയൽ ഒന്റേറിയോ മ്യൂസിയത്തിലേക്ക് കൈമാറുകയായിരുന്നു. ദിനോസറുകളുടെ യുഗത്തിന് മുന്നേ തന്നെ നീരാളികൾ ഭൂമുഖത്ത് ഉത്ഭവിച്ചതായി ഗവേഷകർ പറയുന്നു. 4.7 ഇഞ്ച് ഫോസിലിൽ പ്രാചീന നീരാളിയുടെ പത്ത് കൈകൾ വ്യക്തമാണ്. ഇന്നത്തെ നീരാളികൾക്ക് എട്ട് കൈകളാണുള്ളത്. ആഴമേറിയ ഉൾക്കടലുകളിലാണ് നീരാളികളുടെ ഈ പൂർവികർ ജീവിച്ചിരുന്നതെന്ന് കരുതുന്നു. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന മഷി സഞ്ചികൾ ഇക്കൂട്ടർക്കുമുണ്ടായിരുന്നു. ഇന്നത്തെ നീരാളികളുടെയും വാമ്പയർ സ്ക്വിഡുകളുടെയും പൊതുവായ പൂർവികരെന്നാണ് വാംപൈറൊപോഡ് വിഭാഗത്തിൽപ്പെടുന്ന ഈ പത്ത് കൈയ്യൻ നീരാളിയെ കരുതപ്പെടുന്നത്.

Advertisement
Advertisement