പേ ടിഎമ്മിന് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കാൻ ആർ.ബി.ഐ വിലക്ക്

Saturday 12 March 2022 12:06 AM IST

ന്യൂഡൽഹി: പേ ടിഎം പേമെന്റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് റിസർവ് ബാങ്ക് തടഞ്ഞു. ബാങ്കിന്റെ ഐടി സംവിധാനം ഒാഡിറ്റ് ചെയ്യാൻ ഒരു സ്ഥാപനത്തെ ചുമതലപ്പെടുത്താനും ഉത്തരവിട്ടു. ഒാഡിറ്റിന് ശേഷം ആർ.ബി.ഐയുടെ അനുമതിയോടെ മാത്രമേ പുതിയ ആളുകളെ ചേർക്കാനാകൂ.

ബാങ്കിന്റെ ഐടി സംവിധാനത്തിലും മറ്റും ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനാലാണ് നിയന്ത്രണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം കെ.വൈ.സി നടപടിക്രമങ്ങൾ, ഡാറ്റാ സ്റ്റോറേജ്, ഡാറ്റാ പ്രൈവസി, പുറത്തുള്ള ഏജൻസികൾക്ക് ഡാറ്റ നൽകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതാണ് വിലക്കിന് കാരണമെന്ന് സൂചനയുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം യു.പി.ഐ ഇടപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട പേ ടിഎമ്മിന് പിന്നീട് റിസർവ് ബാങ്ക് ഷെഡ്യൂൾഡ് പേമെന്റ് ബാങ്ക് ലൈസൻസ് നൽകിയിരുന്നു. തെറ്റായ വിവരങ്ങൾ നൽകിയതിന് ഇക്കഴിഞ്ഞ ഒക്‌ടോബറിൽ പേ ടിഎമ്മിന് റിസർവ് ബാങ്ക് പിഴചുമത്തിയതാണ്.

പേ ‌ടിഎം

 ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ വ്യവസായ പ്രമുഖൻ വിജയ് ശേഖർ ശർമ്മ 2010ലാണ് പേ ‌ടിഎം സ്ഥാപിച്ചത്

 9,150 കോടി രൂപയാണ് 2021 ഡിസംബറിലെ കണക്കു പ്രകാരം പേ ടിഎമ്മിന്റെ ആസ്തി. നോയിഡയാണ് ആസ്ഥാനം

Advertisement
Advertisement