വിളക്കാട്ടുപാടം ആറുക്കണയിൽ മലവായിആട്ടം ഭക്തിസാന്ദ്രം
പാവറട്ടി: വിളക്കാട്ടുപാടത്ത് മലവായിആട്ടം ഭക്തിസാന്ദ്രം. പൂർവപിതാമഹന്മാർ മുതൽ വച്ചാരാധിച്ചുപോന്ന ദേവീദേവൻമാരുടെ ചൈതന്യം കുടികൊള്ളുന്ന ആറുക്കണയിൽ ക്ഷേത്രാങ്കണത്തിൽ ഈവർഷവും ഭക്ത്യാദരപൂർവം ചിലമ്പാട്ടം ആഘോഷിച്ചു. പാവിട്ടമുറി അപ്പുമോനും സംഘവും കെട്ടിയാടിയ മലവായി ആട്ടം ഭക്തിനിർഭരമായി. പ്രവീൺ ആര്യമ്പാടം അവതരിപ്പിച്ച മൂക്കൻ ചാത്തൻ (മാണി), കളി ചിരിതമാശകളും ശ്രവണ സുന്ദരഗാനങ്ങൾ കൊണ്ടും സദസ്സിനെ ഇളക്കി മറിച്ചു.
എ.കെ. മോഹനന്റെ വീട്ടിൽ നിന്നും താളമേളഘോഷങ്ങളോടെ എഴുന്നെള്ളിപ്പും താലഘോഷവും നയനമനോഹരവും ആസ്വാദ്യകരവുമായി. എളവള്ളി ജയനും സംഘവും ചെണ്ടയിൽ തായമ്പക തീർത്തു. പുലർച്ചെ നടന്ന തീയാട്ടവും തുടർന്ന് നടന്ന മുടിയാട്ടവും മലവായി ആട്ടത്തിന്റെ മറ്റൊരാകർഷണമായിരുന്നു. എ.കെ. മോഹനൻ പ്രസിഡന്റും കെ.എസ്. ബാലകൃഷ്ണൻ സെക്രട്ടറിയുമായ ഒമ്പതംഗ ക്ഷേത്ര കമ്മിറ്റിയാണ് മലവായി ആട്ടത്തിന് വേദിയൊരുക്കിയത്.
മലവായി ആട്ടം
ശിവ - പാർവതിമാരുടെ ദേവഗണങ്ങളായ മുപ്പത്തിമുക്കോടി ദേവതമാരിൽ മലവാരം വാഴും മലനീലി മുത്തിയും കള്ളാടി മുത്തപ്പനും ശിവപാർവതിമാരിൽ നിന്ന് ഉയിർകൊണ്ടവരാണെന്ന് ഐതിഹ്യം. നീചമൂർത്തികളായി പിറന്ന മുത്തപ്പനും ചെറുനീലി മുത്തിയും ശിവനിൽ അഭയം തേടിയപ്പോൾ ഭൂമിയിൽ കീഴാളദേവകളായി കല്ലടിക്കോട് കുടിയിരിക്കാമെന്ന് അറിയിച്ചു. വിളക്കാട്ടുപാടത്തെ ചേമ്പത്ത് വടീരി തറവാടുകളിലെ പൂർവികർ കല്ലടിക്കോട് കളരിയിൽ നിന്നും പഠിച്ചാവാഹിച്ച് പാവറട്ടി വിളക്കാട്ടുപടം ആറുക്കണയിൽ കുടിയിരുത്തി എന്നതാണ് ചരിത്രം.