കലാവിരുന്നുമായി വീട്ടമ്മമാർ, കൈയടിച്ച് കാണികൾ

Tuesday 15 March 2022 12:46 AM IST

ആലപ്പുഴ : കുടുംബശ്രീക്ക് കീഴിലുള്ള ആലപ്പുഴ രംഗശ്രീ തിയറ്റേഴ്സിന്റെ നേതൃത്വത്തിൽ സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടികളുടെ ഭാഗമായി അവതരിപ്പിക്കുന്ന കലാജാഥയ്ക്ക് ജില്ലയിലെങ്ങും വൻ വരവേല്പ് . വീട്ടമ്മമാരായ 12 വനിതകൾ ചേർന്ന് അവതരിപ്പിക്കുന്ന കലാവിരുന്നുകൾ ദിനംപ്രതി വിവിധ വേദികളിൽ നിറഞ്ഞ സദസിനുമുന്നിൽ അവതരിപ്പിക്കപ്പെടുന്നു.

വനിതാദിനത്തിൽ അവതരിപ്പിച്ച 'പാടുക ജീവിതഗാഥകൾ' എന്ന നൃത്തശില്പത്തിന് ശേഷം ശ്രീജ ആറങ്ങോട്ടുകര രചനയും സുധി ദേവയാനി സംവിധാനവും നിർവഹിച്ച 'അത് ഞാൻ തന്നെയാണ്' എന്ന നാടകം അവതരിപ്പിച്ചുകൊണ്ടാണ് കലാ ജാഥയ്ക്ക് തുടക്കം കുറിച്ചത്. ആദ്യദിവസം മുഹമ്മ, ചേന്നം പള്ളിപ്പുറം പഞ്ചായത്തുകളിലും, രണ്ടാം ദിവസം ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ വിവിധ വേദികളിലുമാണ് സംഘം നാടകം അവതരിപ്പിച്ചത്. 19വരെ ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, ഭരണിക്കാവ്, തുറവൂർ, പട്ടണക്കാട്, കരുവാറ്റ, വീയാപുരം, എടത്വ, തകഴി, പള്ളിപ്പുറം, അമ്പലപ്പുഴ, പുന്നപ്ര, കായംകുളം, ചേർത്തല എന്നീ മേഖലകളിൽ കോളേജുകൾ ഉൾപ്പടെയുള്ള 40ലധികം വേദികളിൽ സംഘം നാടകം അവതരിപ്പിക്കും.

പാതിരാപ്പൂരവും ഫുട്ബാളും

വിപുലമായ രാത്രിപരിപാടികളോടെ ആലപ്പുഴ ബീച്ചിൽ 19നാണ് കലാജാഥയുടെ സമാപനം. കുടുംബശ്രീ ജെൻഡർ ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പാതിരാപ്പൂരം എന്ന പേരിൽ രാത്രിപരിപാടികൾ സംഘടിപ്പിക്കുന്നത്. വനിതകളുടെ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റുൾപ്പടെ വിവിധ കലാ,കായിക പരിപാടികൾ അരങ്ങേറും. താത്പര്യമുള്ള വനിതാ ഫുട്‌ബാൾ ടീമുകൾ ഇന്ന് വൈകിട്ട് 5ന് മുമ്പ് കുടുംബശ്രീ സ്‌നേഹിത ജൻഡർ ഹെൽപ് ഡസ്‌ക് ടോൾഫ്രീ നമ്പരായ 18004252002, 0477-2230912 ൽ രജിസ്റ്റർ ചെയ്യണം.

സംഗീതശില്പവും നാടകവും

രണ്ട് സംഗീത ശില്പങ്ങളും മൂന്ന് നാടകങ്ങളും ഉൾപ്പെടുന്നതാണ് സ്ത്രീശക്തി കലാജാഥ. സംഗീത ശില്പങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കരിവെള്ളൂർ മുരളിയാണ്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിലെക്ക് ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിക്കുന്ന സംഗീത ശില്പമാണ് 'പാടുക ജീവിത ഗാഥ'. 'ഇത് പെൺ വിമോചന കനവുത്സവം' എന്ന അടുത്ത സംഗീത ശില്പത്തിൽ സ്ത്രീയും സ്ത്രീയും തമ്മിലുള്ള കന്മഷം ഇല്ലാത്ത സ്‌നേഹത്തിന്റെ ഹൃദയാവിഷ്‌കാരം കാണാം. റഫീഖ് മംഗലശ്ശേരിയുടെ 'പെൺകാലം', ശ്രീജ ആറങ്ങോട്ടുകരയുടെ 'സദസിൽ നിന്നും അരങ്ങത്തേക്ക്', 'അത് ഞാൻ തന്നെയാണ്' എന്നീ നാടകങ്ങളാണ് അരങ്ങത്തെത്തുന്നത്. വീട്ടമ്മമാരായ രാഗിണി, പ്രസന്നകുമാരി, രാധ, വത്സല, മണി, പ്രിയ, ശാന്ത, വത്സല, സുമ, ശ്യാമള, ജിഷ എന്നിവരാണ് ആലപ്പുഴ രംഗശ്രീയുടെ നെടുംതൂണായി ജാഥ നയിക്കുന്നത്.

സ്ത്രീപക്ഷ നവകേരളം എന്ന ആശയം നാടകങ്ങളിലൂടെയും കലാജാഥയിലൂടെയും സമൂഹത്തിലേക്ക് പകരുകയാണ് ലക്ഷ്യം

-പ്രശാന്ത് ബാബു, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ

Advertisement
Advertisement