ഭാര്യ സ്ത്രീയല്ല, വിവാഹമോചനം വേണമെന്ന് ഹർജി: വിശദീകരണം തേടി സുപ്രീംകോടതി

Tuesday 15 March 2022 1:23 AM IST

ന്യൂഡൽഹി: ഭാര്യ സ്ത്രീയല്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സ്ത്രീയോട് വിശദീകരണം തേടി സുപ്രീംകോടതി.

ഭാര്യയുടെ ജനനേന്ദ്രിയം സ്ത്രീകളുടേത് പോലെയല്ല, മറിച്ച് പുരുഷന്റേതിനോട് സാമ്യമുള്ളതാണെന്ന് ഗ്വാളിയോർ സ്വദേശിയായ ഭർത്താവ് ഹർജിയിൽ ആരോപിച്ചു.

'ഭാര്യയും ഭാര്യാപിതാവും തന്നെ വഞ്ചിക്കുകയായിരുന്നു. 2016ലാണ് വിവാഹം കഴിഞ്ഞത്. ആർത്തവ സമയമാണെന്ന് ചൂണ്ടിക്കാട്ടി ആറ് ദിവസം മാറി നിന്ന ഭാര്യ തിരിച്ചു വന്നപ്പോഴാണ് സാധാരണ രീതിയിലുള്ള യോനി ഭാര്യയ്ക്കില്ലെന്ന് വ്യക്തമായത്. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. കൺജെനിറ്റൽ അഡ്രീനൽ ഹൈപ്പർ പ്ലാസിയ എന്ന ജനിതക വൈകല്യമാണെന്നും ശസ്ത്രക്രിയ നടത്തി പരിഹാരം കണ്ടെത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ ഗർഭധാരണത്തിന് സാദ്ധ്യതയില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. തുടർന്ന് ഭാര്യയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഇതിനിടെ ഭർത്താവ് പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ പരാതി നൽകി. ഇരു കുടുംബവും നിരന്തരം വഴക്കായി. ഒടുവിൽ യുവതിക്കും അവരുടെ പിതാവിനുമെതിരെ സെക്ഷൻ 420 പ്രകാരം കേസ് ഫയൽ ചെയ്തു. കേസിൽ വിചാരണക്കോടതി യുവതിക്ക് നിർബന്ധിത ശാരീരിക പരിശോധനയ്ക്ക് ഉത്തരവിട്ടു. ഇതിന് വിസമ്മതിച്ച യുവതി ഹൈക്കോടതിയെ സമീപിച്ചു. മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് ഒരു സ്ത്രീക്ക് വേണ്ട അവയവങ്ങൾ യുവതിക്കുണ്ടെന്നും അതിനാൽ വഞ്ചനാക്കുറ്റം നിലനില്ക്കില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം മദ്ധ്യപ്രദേശ് ഹൈക്കോടതി ഭർത്താവിന്റെ വാദം തള്ളി. ഇതിനെതിരെയാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്.

വിവാഹത്തിന് മൂന്ന് വർഷം മുമ്പ് കൺജെനിറ്റൽ അഡ്രീനൽ ഹൈപ്പർ പ്ലാസിയ രോഗത്തിന് യുവതി ഹോർമോൺ ചികിത്സ തുടങ്ങിയതിന് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് തെളിവുണ്ടെന്ന് ഭർത്താവിന്റെ അപ്പീലിൽ പറയുന്നു. ഇത് ചതിയാണെന്നും തന്റെ ജനനേന്ദ്രിയം സംബന്ധിച്ച് അവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്നും ഭർത്താവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ.കെ മോദി പറഞ്ഞു. ഹർജി പരിഗണിക്കാൻ ആദ്യം സുപ്രീംകോടതി വിസമ്മതിച്ചെങ്കിലും മെഡിക്കൽ റെക്കാഡുകൾ കണ്ടതോടെ വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് ആഴ്ചകൾക്കകം മറുപടി നൽകാൻ ഭാര്യയോട് കോടതി ആവശ്യപ്പെട്ടു.

Advertisement
Advertisement