കോട്ടിക്കുളത്ത് വൻ പൊലീസ് സന്നാഹത്തിൽ സിൽവർലൈൻ കല്ലിടൽ

Monday 14 March 2022 11:50 PM IST
കോട്ടിക്കുളത്ത് സിൽവർലൈൻ കല്ലിടൽ പൊലീസ് സാന്നിദ്ധ്യത്തിൽ നടക്കുന്നു

കാസർകോട് : നാട്ടുകാരുടെയും കെ. റെയിൽ വിരുദ്ധ സമരസമിതിയുടെയും പ്രതിഷേധത്തെ കൂടുതൽ പൊലീസുകാരെ ഇറക്കി കോട്ടിക്കുളം മേഖലയിൽ സിൽവർലൈനിന് കല്ലിട്ടു. അഞ്ചോളം സ്റ്റേഷനുകളിൽ നിന്നായി വൻ സംഘത്തെ ഇറക്കിയാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്.

ഇന്നലെ രാവിലെ മലാംകുന്ന്, അങ്കക്കളരി വാർഡുകളിലാണ് കെ റെയിൽ സ്‌പെഷ്യൽ തഹസിൽദാർ പ്രമോദ്, കെ റെയിൽ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബേക്കൽ പൊലീസിന്റെ സഹായത്തോടെ സർവേകല്ലുകൾ സ്ഥാപിക്കാൻ എത്തിയത്. വിവരം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകൃഷ്ണൻ, വാർഡ് മെമ്പർ ഹാരിസ് അങ്കക്കളരി, വി.ആർ. വിദ്യാസാഗർ എന്നിവരുടെ നേതൃത്വത്തിൽ കെറെയിൽ വിരുദ്ധ സമരസമിതി പ്രവർ ത്തകർ, സ്ഥലമുടമകൾ എന്നിവർ ചേർന്നാണ് പ്രതിഷേധവുമായെത്തി. എന്നാൽ പൊലീസ് ഇവരെ ബലമായി പിടിച്ചു മാറ്റി. ഇത് വാക്കേറ്റത്തിൽ കലാശിച്ചതിന് പിന്നാലെ ബേക്കൽ ഡിവൈ.എസ്. പി സി. കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സബ്ഡിവിഷനിലെ മേൽപറമ്പ്, ആദൂർ, ബേഡകം, അമ്പലത്തറ സ്റ്റേഷനുകളിൽ നിന്ന് വനിതകളടക്കം കൂടുതൽ പോലീസുകാർ എത്തി.ഇതോടെ ഇടക്ക് നിർത്തിവച്ച കല്ലിടൽ ഉദ്യോഗസ്ഥർ പുനരാരംഭിച്ചു. പോക്കറ്റ് റോഡിലെ എല്ലാ വഴിയിലും നിലയുറപ്പിച്ചായിരുന്നു പൊലീസ് പ്രതിഷേധം തടഞ്ഞത്. രണ്ടുകിലോ മീറ്ററിലേറെ സ്ഥലത്ത് 25 കല്ലുകളാണ് ഇന്നലെ സ്ഥാപിച്ചത്.

എന്നാൽ ഇന്നലെ സ്ഥാപിച്ച കല്ലുകളിൽ മിക്കതും പിന്നീട് പിഴുതുമാറ്റിയെന്ന് വാർഡ് അംഗം ഹാരിസ് അങ്കക്കളരി പറഞ്ഞു.

Advertisement
Advertisement