ജില്ലയിലെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Monday 14 March 2022 11:59 PM IST
ഫാമിലി ഹെൽത്ത് സെന്റർ

രണ്ട് സ്ഥാപനങ്ങൾക്ക് അംഗീകാരം കിട്ടിയ രാജ്യത്തെ ഏക ജില്ലയായി കണ്ണൂർ

അംഗീകാരം ലഭിച്ചത് മാട്ടൂൽ, ഉദയഗിരി കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക്

ഓരോ വർഷവും രണ്ട് ലക്ഷം രൂപ ഗ്രാൻഡ് ലഭിക്കും

അംഗീകാരം മൂന്നുവർഷത്തേക്ക്

കണ്ണൂർ: ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ.ക്യു.എ.എസ്) അംഗീകാരം നേടി ജില്ലയിലെ മാട്ടൂൽ, ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രങ്ങൾ. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് അംഗീകാരം നൽകിയത്. മാട്ടൂലിന് 95 ശതമാനവും ഉദയഗിരിക്ക് 94 ശതമാനവും മാർക്കാണ് ലഭിച്ചത്. ഇതോടെ ജില്ലയിൽ എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 26 ആയി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ച ഏക ജില്ലയും കണ്ണൂരാണ്.
ദേശീയ ആരോഗ്യപരിപാടി, ജനറൽ അഡ്മിനിസ്‌ട്രേഷൻ, ഒ.പി.ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികൾക്കുള്ള മികച്ച സേവനങ്ങൾ ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യത, വിതരണം, ക്ലിനിക്കൽ സേവനങ്ങൾ, രോഗീസൗഹൃദം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കി 3500 പോയിന്റുകൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.
കൊവിഡ് പ്രതിസന്ധിക്കു ശേഷം പരിശോധനാ സംഘം ഫെബ്രുവരി ഒൻപതുമുതൽ പന്ത്രണ്ടുവരെ തീയ്യതികളിൽ നടത്തിയ നേരിട്ടുള്ള പരിശോധനയിലാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. മൂന്നു വർഷത്തേക്കാണ് ഇപ്പോഴത്തെ അംഗീകാരം. അടുത്ത രണ്ടുവർഷവും രണ്ട് ലക്ഷം രൂപ വീതം ഗ്രാൻഡ് ലഭിക്കും. എല്ലാവർഷവും സംസ്ഥാന വിലയിരുത്തൽ സംഘം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം തുക വീണ്ടും അനുവദിക്കും.

കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പരമപുരസ്കാരം

കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്‌ക്കാരമാണിത്.ഒ.പി.വിഭാഗം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടികൾ, ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങൾ, അണുബാധാനിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗി സൗഹൃദം, അവശ്യമരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിർമ്മാർജ്ജനം, രജിസ്റ്റർ സൂക്ഷിപ്പ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് അംഗീകാരം നൽകുന്നത്.

ഉയർന്ന സ്കോർ മാട്ടൂലിന്

സംസ്ഥാനത്ത് ഈ വർഷം പുരസ്‌കാരം ലഭിച്ച സ്ഥാപനങ്ങളിൽ ഏറ്റവും ഉയർന്ന സ്‌കോറോടെയാണ് മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം പുരസ്‌കാരം സ്വന്തമാക്കിയത്. മുൻ എം.എൽ.എ ടി.വി.രാജേഷ്, എം.വിജിൻ എം.എൽ.എ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ,മെഡിക്കൽ ഓഫീസർ ഡോ.സി ഒ. അനൂപിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ ആശുപത്രിയെ പുരസ്‌കാരലബ്ധിയിലെത്തിച്ചത്.

Advertisement
Advertisement