സമാധാനം അകലെ ? ചൈനയുടെ സൈനിക സഹായം തേടിയില്ല, യു.എസിനെതിരെ റഷ്യ

Tuesday 15 March 2022 3:31 AM IST

 ചെർണോബിൽ ആണവനിലയത്തിൽ കേടുപാട്

 ഡൊണെസ്കിൽ സ്ഫോടനം : 20 മരണം

 ആന്റനോവ് ഫാക്ടറിയ്ക്ക് നേരെ ആക്രമണം : 2 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ അധിനിവേശത്തിന്റെ 19ാം ദിനമായ ഇന്നലെയും ആക്രമണം ശക്തമായി തുടർന്ന് റഷ്യ. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാൻ റഷ്യയെ സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് യു.എസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പ്രതികരണവുമായി റഷ്യ രംഗത്തെത്തി. ചൈനയിൽ നിന്ന് തങ്ങൾ സൈനിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും യുക്രെയിനിലെ തങ്ങളുടെ ലക്ഷ്യങ്ങൾ കൃത്യസമയത്തും പൂർണമായും നിറവേറ്റാൻ മതിയായ സൈനിക സ്വാധീനം തങ്ങൾക്കുണ്ടെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു. തങ്ങൾ അത്തരമൊരു കാര്യം കേട്ടിട്ട് പോലുമില്ലെന്ന് ചൈനയും യു.എസിനോട് പ്രതികരിച്ചു.

റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ചെർണോബിൽ ആണവ നിലയത്തിന് കേടുപാട് സംഭവിച്ചതായി ഓപ്പറേറ്റർമാരായ യുക്രെനേർജോ വ്യക്തമാക്കി. ചെർണോബിൽ ആണവനിലയത്തെ സ്ലാവുറ്റ്ഷ് നഗരവുമായി ബന്ധിപ്പിക്കുന്ന ലൈനിലാണ് കേടുപാടുകൾ കണ്ടെത്തിയത്. എന്നാൽ, വൈദ്യുതി വിതരണം മുഴുവനായി തടസപ്പെട്ടോ എന്ന് വ്യക്തമല്ല.

അതേ സമയം, ഡൊണെസ്കിൽ യുക്രെയിൻ സൈനികർ നടത്തിയ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടാതായി റിപ്പോർട്ട്. റഷ്യൻ അനുകൂല വിമത മേഖലയായ ഇവിടെ യുക്രെയിന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം. 28 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. അതേ സമയം, തങ്ങൾ ആക്രമണം നടത്തിയെന്ന ആരോപണം യുക്രെയിൻ തള്ളി.

യുക്രെയിനിൽ ഇതുവരെ കുറഞ്ഞത് 636 സിവിലിയൻമാർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. ഇതിൽ 46 കുട്ടികളും ഉൾപ്പെടുന്നു. അതേ സമയം, ഇതുവരെ 90 കുട്ടികൾ കൊല്ലപ്പെട്ടെന്നും 100 കുട്ടികൾക്ക് പരിക്കേറ്റെന്നുമാണ് യുക്രെയിനിലെ ജനറൽ പ്രോസിക്യൂട്ടർ അറിയിച്ചത്. മരിയുപോളിൽ 2,500 ത്തിലേറെ മരിച്ചെന്ന് യുക്രെയിൻ പ്രസിഡൻഷ്യൽ അഡ്‌വൈസർ ഒലെക്സി അറെസ്റ്റോവിച് പറഞ്ഞു.

അധിനിവേശം തുടങ്ങിയത് മുതൽ ഏകദേശം 100 ലേറെ ആശുപത്രികൾക്ക് നേരെ റഷ്യൻ ആക്രമണമുണ്ടായെന്ന് യുക്രെയിൻ ആരോപിച്ചു. 97 എണ്ണത്തിന് ഷെല്ലിംഗിലും ബോംബാക്രമണങ്ങളിലും കേടുപാടുകൾ സംഭവിച്ചപ്പോൾ 7 ആശുപത്രികൾ പൂർണമായും തകർന്നു. 2,000 ത്തിലേറെ വിദേശ ആരോഗ്യപ്രവർത്തകർ യുക്രെയിനിൽ സേവനം നടത്തുന്നുണ്ട്. മരിയുപോളിൽ ഇന്നലെ തുറന്ന മാനുഷിക ഇടനാഴിയിലൂടെ 160 കാറുകളാണ് നഗരത്തിന് പുറത്ത് കടന്നത്.

കീവിൽ സിവിലിയൻ കെട്ടിടങ്ങൾക്ക് നേരെ ഇന്നലെ ഷെല്ലാക്രമണങ്ങൾ നടന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് പേർ കുടുങ്ങിക്കിടക്കുന്ന ഇർപിനിൽ എല്ലാ ഭാഗത്ത് നിന്നും റഷ്യയുടെ വെടിവയ്പുണ്ട്.

കീവിലെ പ്രശസ്തമായ ആന്റനോവ് എയർക്രാഫ്റ്റ് ഫാക്ടറിയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. കീവിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ചെയ്യുന്ന ആന്റനോവ് ഫാക്ടറിയിൽ കൊമേഷ്യൽ, കാർഗോ വിമാനങ്ങളുടെ നിർമ്മാണമാണ് നടക്കുന്നത്.

ആന്റനോവ് എയർലൈൻസിന്റെ ഉടമസ്ഥതയിലായിരുന്ന ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനമായ ആന്റനോവ് എഎൻ -225 മ്രിയ റഷ്യൻ ആക്രമണത്തിൽ നേരത്തെ തകർന്നിരുന്നു. മാർച്ച് ആദ്യം ഫേസ്ബുക്കും ട്വിറ്ററും നിരോധിക്കപ്പെട്ടതിന് പിന്നാലെ ഇന്നലെ ഇൻസ്റ്റഗ്രാമിന്റെ പ്രവർത്തനവും റഷ്യയിൽ പൂർണമായും നിരോധിക്കപ്പെട്ടു.

വൈദ്യുത വിതരണം തടസപ്പെടുത്താനുള്ള റഷ്യൻ ശ്രമങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി യുക്രെയിനിലേക്ക് 500 ലേറെ മൊബൈൽ ജനറേറ്ററുകൾ വിതരണം ചെയ്യുമെന്ന് യു.കെ ബിസിനസ് സെക്രട്ടറി ക്വാസി ക്വാർറ്റെംഗ് അറിയിച്ചു. ഗുരുതര ക്യാൻസർ ബാധിതരായ 21 കുട്ടികളെ ചികിത്സ ലഭ്യമാക്കാൻ യു.കെയിൽ എത്തിച്ചിട്ടുണ്ട്.

ഞായറാഴ്ച പോളണ്ട് അതിർത്തിയ്ക്ക് സമീപം യവോറിവ് സൈനികത്താവളത്തിന് നേരെ നടന്ന റഷ്യൻ വ്യോമാക്രമണം നാറ്റോയ്ക്കുള്ള മുന്നറിയിപ്പാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. നാറ്റോ രാജ്യമായ പോളണ്ടിൽ നിന്ന് വെറും 25 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന പ്രദേശം. 35 പേർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.

യുക്രെയിന് മീതെ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്ന് സെലെൻസ്കി ഇന്നലെയും നാറ്റോയോട് അഭ്യർത്ഥിച്ചു. അതേ സമയം, പോളിഷ് അതിർത്തിയ്ക്ക് സമീപമുണ്ടായ ആക്രമണത്തെ യു.എസ് ഇന്നലെ അപലപിച്ചു. യുക്രെയിൻ സംഘർഷവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഇന്നലെ ടെലിഫോൺ ചർച്ച നടത്തിയിരുന്നു.

 കണ്ണീരോർമ്മയായി അമ്മയും കുഞ്ഞും

കഴിഞ്ഞ ബുധനാഴ്ച മരിയുപോളിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന മറ്റേണിറ്റി ആശുപത്രിയിൽ നിന്ന് പരിക്കുകളോടെ യുക്രെയിനിയൻ സേന രക്ഷപ്പെടുത്തിയ ഗർഭിണി മരിച്ചതായി റിപ്പോർട്ട്. ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതിയെ സ്ട്രെച്ചറിൽ രക്ഷപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. അന്നത്തെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

Advertisement
Advertisement