മനസു നിറയ്ക്കും, ഇല്ലിക്കൽക്കല്ലിലെ മഞ്ഞും മാനവും

Friday 18 March 2022 12:00 AM IST

കോട്ടയം: കോടമഞ്ഞിന്റെ മൂടുപടം മാറ്റി ഇല്ലിക്കൽക്കല്ല് മാടിവിളിക്കുകയാണ്. തണുത്ത കാറ്റും കഥപറയുന്ന മേഘങ്ങളും കാഴ്ചകളുടെ നിറവസന്തം ചൊരിയുന്ന മലനിരകളുമൊക്കെയായി സഞ്ചാരമനസുകളെ വിസ്മയിപ്പിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി മാറുകയാണ് ഇല്ലിക്കൽക്കല്ല്.

സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി മുകളിലായതിന്റെ തലയെടുപ്പുണ്ട് ഇല്ലിക്കൽ കല്ലിന്. മാനംതൊടുംപോലെ തോന്നും. അടിവാരത്തുള്ള വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം നിറുത്തി കുറച്ചേറെ ദൂരം നടന്നോ, ഡി.ടി.പി.സിയുടെ ജീപ്പിലോ മുകളിലെത്താം. പോതക്കാടുകൾക്കിടയിലെ ടാർ റോഡിലൂടെ മലമടക്കുകൾ താണ്ടിയുള്ള യാത്ര. പച്ചപ്പണിഞ്ഞ മൊട്ടക്കുന്നുകളെ തൊട്ടുതലോടിയെത്തുന്ന കാറ്റ് ഉള്ളംകുളിർപ്പിക്കും.


 സുരക്ഷ ഒരുക്കി ഡി.ടി.പി.സി
ട്രക്കിംഗിന്റെ ആവേശം നിറയ്ക്കാൻ കുത്തനെയുള്ള കയറ്റമുണ്ട്. പിടിച്ചു കയറാൻ സുരക്ഷാവേലിയും. കയറുംമുൻപ് ഇറങ്ങിയതിന് ശേഷവും ആവോളം വിശ്രമിക്കാൻ ടൈൽപാകി മനോഹരമാക്കിയ വഴിത്താരയും ചാരുബെഞ്ചുകളും. നടന്നുകയറി മുകളിലെത്തിയാൽ കുടക്കല്ല്, കൂനൻ കല്ല് എന്നിങ്ങനെയുള്ള രണ്ടു പാറകൾ ഇവയ്ക്കു താഴെ ഗുഹയും കൂടെ ഉമ്മിക്കുന്നും. ഞൊടിയിടയിൽ മൂടൽമഞ്ഞു വന്നു തൊട്ടപ്പുറത്തുള്ള കാഴ്ചകളെ മൂടും. തണുത്ത കാറ്റ് ഇടയ്ക്കിടെ വന്നു ഇറുകെ പുണർന്നു കടന്നുപോകും. നട്ടുച്ച നേരത്തുപോലും വീശിക്കയറുന്ന കാറ്റിൻതണുപ്പ് ആവാച്യമായ അനുഭൂതിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകും. പ്രകൃതിയുടെ മടിത്തട്ടിൽ കാഴ്ചകൾ കൂട്ടിനുവരുമ്പോൾ മനസ് നിറയെ ഇല്ലിക്കക്കല്ലിന്റെ വശ്യത നിറഞ്ഞു നിൽക്കും. ചുരുങ്ങിയ ബഡ്ജറ്റിൽ കോട്ടയത്തും അയൽജില്ലകളിലും ഉള്ളവർക്ക് ഒറ്റദിവസം കൊണ്ട് പോയിവരാം.

ശ്രദ്ധിക്കണം
മിന്നലും ഇടിയുമുള്ളപ്പോൾ യാത്ര അപകടകരമാണ്. ഇല്ലിക്കൽകല്ലിന്റെ മുകൾ ഭാഗത്തേക്ക് സഞ്ചാരികൾ പോകുന്നതിനും വിലക്കുണ്ട്. അതിനു സമീപത്തുള്ള കുന്നുവരെ പോകാൻ അനുമതിയുള്ളു. സെൽഫിയെടുക്കുന്നതിനിടെ നിരവധിപ്പേർക്ക് അപകടമുണ്ടായതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ.

പ്രവർത്തനം രാവിലെ: 8 മുതൽ 6വരെ

 പ്രവേശന ഫീസ്: 20

 ജീപ്പ് യാത്ര: 39

എങ്ങനെയെത്താം

 ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി ജംഗ്ഷനിൽ നിന്ന് തലനാട് വഴി

 ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി ജംഗ്ഷനിൽ നിന്ന് അടുക്കം വഴി

 ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തുക്കടവ് ജംഗ്ഷനിൽ നിന്ന് മൂന്നിലവ് വഴി

ഇല്ലിക്കൽ കല്ലിൽ നിന്ന് മറ്റ് ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക്

കട്ടിക്കയം: 3കി.മി

കണ്ണാടിപ്പാറ: 5കി.മി

ഇലവിഴാപ്പൂഞ്ചിറ:11കി.മി

മാർമല: 15കി.മി

അയ്യംപാറ:15കി.മി

വാഗമൺ: 28കി.മി

Advertisement
Advertisement