ലോകരാഷ്ട്രങ്ങളിലെ പതാകകളിൽ ഈ നിറം ഉപയോഗിക്കുന്നത് രണ്ട് രാജ്യങ്ങൾ മാത്രം, പിന്നിലെ കാരണം അതിലും വിചിത്രം

Thursday 17 March 2022 8:29 PM IST

ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് അതിന്റെ പതാക. കായികവേദികളിലായാലും മറ്റ് അന്താരാഷ്ട്ര വേദികളിലും സ്വന്തം രാജ്യത്തിന്റെ പതാക പാറികളിക്കുന്നത് ഏതൊരു മനുഷ്യനിലും രോമാഞ്ചം ഉണർത്തുന്ന നിമിഷങ്ങളാണ്. വിവിധ രാഷ്ട്രങ്ങൾ വിവിധ നിറങ്ങൾ പതാകകളിൽ ഉപയോഗിക്കാറുണ്ട്. അവ പലപ്പോഴും ആ രാഷ്ട്രത്തിന്റെ സ്വഭാവത്തെയോ അല്ലെങ്കിൽ ആ രാഷ്ട്രം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെയോ സൂചിപ്പിക്കുന്നവ ആകാം.

എന്നാൽ ഈ പതാകകളിൽ ഒന്നും ഒരു പ്രത്യേക നിറം കാണാൻ സാധിക്കില്ല. പർപ്പിൾ എന്ന നിറം ആണത്. അതിന് പിന്നിലെ കാരണവും വിചിത്രമാണ്.ആദ്യ കാലങ്ങളിൽ പർപ്പിൾ എന്ന നിറം ഉണ്ടാക്കിയിരുന്നത് ചെലവേറിയ ഒരു പ്രക്രിയ ആയിരുന്നു.ഇതിന് കാരണം മെഡിറ്ററേനിയൻ ഭാഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രത്യേക തരത്തിലുള്ള ഒച്ചുകളിൽ നിന്നുമായിരുന്നു ഈ നിറം ആദ്യകാലങ്ങളിൽ നിർമിച്ചിരുന്നത്. അന്നൊക്കെ പർപ്പിൾ നിറത്തിന്റെ ഒരു ഗ്രാം ഉണ്ടാക്കാൻ തന്നെ ഏകദേശം പതിനായിരത്തോളം ഒച്ചുകളെ കൊന്നൊടുക്കണമായിരുന്നു. അതിനാൽ തന്നെ ഏകദേശം 19ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പർപ്പിൾ നിറത്തിന് സ്വർണത്തെക്കാൾ വിലയുണ്ടായിരുന്നു.

എന്നാൽ 1856ൽ ബ്രിട്ടനിലെ സർവകലാശാല വിദ്യാർത്ഥിയായ വില്ല്യം ഹെൻറി പെർക്കിൻ പർപ്പിൾ നിറം സിന്തറ്റിക്ക് ആയി നിർമിക്കാനുള്ള മാർഗം കണ്ടെത്തി. ഇതിന് ശേഷമാണ് പർപ്പിൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. അതുവരെ അതിസമ്പന്നർ മാത്രമാണ് ഈ നിറം ഉപയോഗിച്ചിരുന്നത്. സിന്തറ്റിക്ക് ആയി പർപ്പിൾ നിറം ഉപയോഗിക്കാൻ ആരംഭിച്ചതിന് ശേഷമാണ് പതാകകളിൽ ഈ നിറം ഉപയോഗിച്ച് തുടങ്ങിയത്. 1900നു ശേഷം ഡിസൈൻ ചെയ്ത ഡൊമിനിക്ക, നിക്കാര്വഗ എന്നീ രാജ്യങ്ങളുടെ പതാകകളിൽ ഈ നിറം നമുക്ക് കാണാനും സാധിക്കും. ലോകത്ത് തന്നെ പതാകകളിൽ പർപ്പിൾ നിറം ഉപയോഗിക്കുന്നത് ഈ രണ്ട് രാജ്യങ്ങൾ മാത്രമാണ്.