കലാലയമോ , കൗരവസഭയോ ?

Friday 18 March 2022 12:00 AM IST

തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിൽ യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സംഘർഷവും അനുബന്ധസംഭവങ്ങളും സാക്ഷരകേരളത്തെ ലജ്ജയോടെ തലകുനിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കലാലയങ്ങളിൽ വിദ്യാർത്ഥി സംഘട്ടനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സഹപാഠികളായ പെൺകുട്ടികളെ ആക്രമിക്കുന്ന തരത്തിലേക്ക് ഒരിക്കലും എത്താറില്ലായിരുന്നു. എന്നാൽ കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നാ യാക്കൂബിനെ എസ്.എഫ്.ഐ പ്രവർത്തകരെന്ന് പറയപ്പെടുന്ന സംഘം നിലത്തേക്ക് തള്ളിയിട്ട് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സഫ്നയെ വളഞ്ഞിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് കാണുമ്പോൾ കേരളത്തിലാണോ ഇത് നടന്നതെന്ന് ആരും ചോദിച്ചുപോകും. സഫ്നയ്ക്കു മാത്രമല്ല സഹപ്രവർത്തകരായ കെ.എസ്.യുക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു പിന്നാലെ കെ.എസ്.യു പ്രവർത്തകർ താമസിക്കുന്ന വാടകവീട്ടിലും എസ്.എഫ്.ഐക്കാർ അക്രമംകാട്ടിയതായി പരാതിയുണ്ട്. സഫ്നയും സഹപാഠികളും മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

എസ്.എഫ്.ഐയുടെ കോട്ടയാണെന്ന ധാർഷ്ട്യത്തിൽ കോളേജിൽ മറ്റ് വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാൻ പോലും അനുവദിക്കാറില്ലെന്നാണ് കേൾക്കുന്നത്. കെ.എസ്.യുവിനുവേണ്ടി പ്രവർത്തിച്ചുവെന്നതാണ് സഫ്നയുടെ പേരിലുള്ളകുറ്റം. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം ശുഭ്രപതാകയിൽ ആലേഖനം ചെയ്തിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. അതിൽ പറയുന്ന ജനാധിപത്യബോധത്തിന് ഭൂഷണമല്ലാത്തതാണ് ഗുണ്ടായിസം. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ വിദ്യാർത്ഥികളുടെ ഹൃദയം കവർന്ന എസ്.എഫ്.ഐയിൽ നിന്നും ഈ സമീപനം പൊതുസമൂഹം ഒരിക്കലും പ്രതീക്ഷിക്കില്ല. സംഘടനയുടെ പേരുപറഞ്ഞ് കാട്ടിക്കൂട്ടുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം തന്നെ മുൻകൈയ്യെടുത്താലെ പ്രയോജനമുണ്ടാകൂ. കുറ്റവാളികളെ സംഘടനയിൽനിന്ന് പുറത്താക്കാനും നിയമത്തിന്റെ മുന്നിലെത്തിക്കാനും എസ്.എഫ്.ഐ ഭാരവാഹികൾക്ക് ഉത്തരവാദിത്വമുണ്ട്.

സഹപാഠികളായ എസ്.എഫ്.ഐക്കാർ തന്നെ മുൻപും ആക്രമിച്ചിട്ടുണ്ടെന്നാണ് സഫ്ന പറയുന്നത്. കലാലയ രാഷ്ട്രീയത്തിനെതിരെ മുറവിളികൾ ഉയർത്തുന്നവർക്ക് വാദിക്കാൻ ശക്തിപകരുന്ന ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങൾ. കലാലയത്തിൽ രാഷ്ട്രീയം വേണം. വിദ്യാർത്ഥികളെ അരാജകവാദത്തിലേക്ക് തള്ളിവിടാതിരിക്കാൻ അത് ഗുണകരവുമാണ്. എന്നാൽ എല്ലാത്തിനും ഒരുപരിധി അത്യന്താപേക്ഷിതമാണ്.

കാമ്പസ് കാലം ജീവിതത്തിലെ അവിസ്മരണീയ ഘട്ടമാണ്. സഹപാഠികൾ രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിലടിക്കുമ്പോൾ ഭാവിയിൽ തിരിഞ്ഞാലോചിക്കാൻ എന്താണ് ബാക്കിയുള്ളതെന്ന് അവർ തന്നെ ചിന്തിക്കണം.

മുമ്പൊക്കെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള സൗഹൃദത്തിന് ഒരുപാട് പരിമിതികളുണ്ടായിരുന്നു. ആ സ്ഥിതിമാറി,​ സ്വാതന്ത്ര്യത്തിന്റെ ആകാശമാണിന്ന് സംജാതമായിട്ടുള്ളത്. ആൺപെൺ ഭേദമന്യെ കൂടപ്പിറപ്പുകളെപ്പോലെ പെരുമാറുന്ന കുട്ടികളുടെ കാലമാണിത്. അവിടെ സൗഹൃദം മായ്ച്ച് സങ്കുചിത രാഷ്ട്രീയത്തിനായി പോരടിച്ചിട്ട് എന്തുകിട്ടാൻ?

നിർഭാഗ്യകരമായ മറ്റൊരുകാര്യം കാമ്പസുകളിൽ ലഹരി ഉപയോഗിച്ചെത്തുന്നവരുടെ വ്യാപനമാണ്. തന്നെ ആക്രമിച്ചവർ ലഹരി ഉപയോഗിച്ചവരാണെന്ന് സംശയിക്കുന്നതായി സഫ്ന തുറന്നുപറഞ്ഞിട്ടുണ്ട്. ഭാവിതലമുറയെ നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ എല്ലാ വിദ്യാർത്ഥി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടുവരണം. അതിൽ എസ്.എഫ്.ഐയെന്നോ കെ.എസ്.യുവെന്നോ എ.ബി.വി.പിയെന്നോ നോക്കേണ്ടതില്ല. ഈ വിഷയത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ഏക ആശ്വാസം. രാഷ്ട്രീയം നോക്കി ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ലിത്. കലാലയങ്ങൾ കൗരവസഭകളായി മാറേണ്ടതല്ല. ഇനി കേരളത്തിലൊരിടത്തും ഇത്തരമൊരു സംഭവം ആവർത്തിക്കരുത്. ഏത് സംഘടനയിൽ പ്രവർത്തിക്കുന്ന പെൺകുട്ടിയായാലും തലയുയർത്തി ധൈര്യത്തോടെ കാമ്പസിൽ പഠിക്കാനും പ്രവർത്തിക്കാനും അവസരമുണ്ടാകണം. വനിതാദിനമാചരിച്ച് ആഴ്ചകളാകും മുൻപേയാണ് ഈ ആഭാസനാടകം അരങ്ങേറിയതെന്ന് സ്ത്രീസ്വാതന്ത്ര്യത്തിനായി വലിയ വിപ്ളവം പറയുന്നവരെല്ലാം ചിന്തിക്കണം.

Advertisement
Advertisement