25 കോടി ചോദിച്ചു: പെഗാസസ് നിരാകരിച്ചെന്ന് മമത

Friday 18 March 2022 12:09 AM IST

ന്യൂഡൽഹി: 25 കോടി നൽകിയാൽ ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് കൈമാറാമെന്ന് പറഞ്ഞെങ്കിലും തന്റെ സർക്കാർ നിരാകരിച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ രഹസ്യങ്ങൾ ചോർത്തുന്നത് സ്വീകാര്യമല്ലാത്തതിനാൽ ആ ഓഫർ തള്ളുകയായിരുന്നു.

" അഞ്ച് കൊല്ലം മുമ്പ് ഇസ്രായൽ സൈബർ ഇന്റലിജൻസ് കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് മെഷീനുകൾ വിൽക്കാനായി ഞങ്ങളുടെ പൊലീസ് വകുപ്പിനെ സമീപിച്ചു. 25 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം എന്റടുത്തെത്തി. എന്നാൽ ഇത്തരം മെഷീനുകൾ നമുക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു. ഈ സ്പൈ വെയർ രാഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്ക്കാനിടയുള്ളതിനാലാണ് ഞാൻ ഓഫർ നിരസിച്ചത്."- മമത പറഞ്ഞു.

പെഗാസസ് ഫോൺ ചോർത്തലിനെക്കുറിച്ച് സ്വന്തം നിലയിൽ ബംഗാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സുപ്രീംകോടതി നിർദ്ദേശപ്രകാരം നിറുത്തിവച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്തുള്ള മമതയുടെ വെളിപ്പെടുത്തൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്.

Advertisement
Advertisement