നഗരസഭ പണിയും ജനസൗഹൃദ ഹോസ്റ്റലുകൾ

Friday 18 March 2022 12:47 AM IST

പദ്ധതി നിർദ്ദേശം അടുത്ത ബഡ്ജറ്റിൽ

ആലപ്പുഴ: കഴുത്തറുപ്പൻ വാടക, വാടക നൽകിയിട്ടും മതിയായ സൗകര്യമില്ല തുടങ്ങി സ്വകാര്യ ഹോസ്റ്റലുകളെ കുറിച്ചുള്ള സ്ഥിരം പരാതികൾക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് ആലപ്പുഴ നഗരസഭ. നഗരസഭയുടെ വക സ്ഥലത്ത് ഹോസ്റ്റലുകൾ പണിയാനുള്ള പദ്ധതിയാണ് മുന്നോട്ടുവയ്ക്കുന്നത്. ഇതു സംബന്ധിച്ച് ശുപാർശ ഇത്തവണത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകുന്നു നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്.

യുവാക്കളുടെ മനസറിയാൻ 'എന്റെ നഗരം' എന്ന പേരിൽ നഗരസഭ ഒരുക്കിയ കൂട്ടായമയിൽ ഭൂരിപക്ഷം പേരും നഗരത്തിൽ മികച്ച ഹോസ്റ്റൽ സൗകര്യത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയിരുന്നു. ഹോസ്റ്റലുകളെക്കാൾ കൂടുതലായി പേയിംഗ് ഗസ്റ്റ് സംവിധാനത്തിലെ താമസമാണ് നഗരത്തിൽ ലഭ്യമായിട്ടുള്ളത്. ഇവിടങ്ങളിൽ വാടകയിനത്തിൽ വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. നഗരത്തിലെ പ്രമുഖ ലേഡീസ് ഹോസ്റ്റലിലെ മോശം ഭക്ഷണവും വെള്ളത്തിന്റെ അപര്യാപ്തതയുമാണ് പെൺകുട്ടികൾ ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്നങ്ങൾ. നഗരത്തിലെത്തുന്ന ആൺകുട്ടികൾക്ക് വൈ.എം.സി.എയാണ് പ്രധാന അഭയ കേന്ദ്രം. പലയിടത്തും വിദ്യാർത്ഥികളും, ജോലിക്കായി ആലപ്പുഴയിലെത്തുന്ന പുരുഷന്മാരും പങ്കാളിത്തത്തോടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. അഡ്വാൻസ് തുകയടക്കം വലിയ ബാധ്യത ഇവിടെയും നേരിടേണ്ടതുണ്ട്.

ഹോസ്റ്റൽ ഉയരും

സുരക്ഷിത താമസം, ആരോഗ്യകരവും ശുദ്ധവുമായ ഭക്ഷണം എന്നിവയുടെ പ്രാധാന്യവും നഗരത്തിലെത്തുന്ന അന്യ നാട്ടുകാരുടെ പ്രതിസന്ധിയും മനസിലാക്കി ഇത്തവണത്തെ നഗരസഭാ ബഡ്ജറ്റിൽ ഹോസ്റ്റൽ പ്രഖ്യാപിക്കാനാണ് അധികൃതരുടെ തീരുമാനം. നഗരസഭയുടെ സ്വന്തം സ്ഥലത്താവും കെട്ടിടം ഉയരുക. ഹോസ്റ്റൽ നിർമ്മാണത്തിന് വേണ്ടി വരുന്ന ചെലവടക്കമുള്ള വിഷയങ്ങൾ കൂടിയാലോചന വഴി നിശ്ചയിക്കേണ്ടതുണ്ട്.

ചൂടുവെള്ളത്തിനും പണം

നഗരത്തിലെ പ്രശസ്തമായ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ കൊവിഡ് കാലത്ത് ചൂടുവെള്ളം വേണമെങ്കിൽ പണം നൽകണമെന്നാണ് ഹോസ്റ്റൽ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. പല ഹോസ്റ്റലുകളിലും സി.സി.ടി.വി കാമറകൾ പ്രവർത്തന രഹിതമാണെന്നും പരാതിയുണ്ട്. രാത്രിയിൽ ആവശ്യത്തിന് വെളിച്ചമോ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലാത്തയിടങ്ങളുമുണ്ട്.

..............................................

യുവാക്കളടക്കം ധാരാളം പേരാണ് നഗരത്തിലെ ഹോസ്റ്റലുകളെ കുറിച്ച് പരാതി ഉന്നയിച്ചത്. മിതമായ നിരക്കിൽ മികച്ച സൗകര്യങ്ങളും ഭക്ഷണവും നൽകുന്ന ഹോസ്റ്റലുകൾ വരേണ്ടത് അനിവാര്യമാണ്. വിഷയം ഗൗരവമായി കണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുത്തും

സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ

Advertisement
Advertisement