സഫ്‌നയെ ആക്രമിച്ചവരെ അറസ്റ്റുചെയ്യാതെ പൊലീസ്

Friday 18 March 2022 12:28 AM IST

 മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്ക് കൂടി സസ്‌പെൻഷൻ

 ആക്രമണം നയിച്ചവർ ഗോവയിലേക്ക് കടന്നെന്ന് കെ.എസ്.യു

 അന്വേഷണക്കമ്മിഷനെ വയ്‌ക്കാമെന്ന് കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: ലാ കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കൂബ് അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

പ്രതികൾ ഗോവയിലേക്ക് കടന്നതായാണ് കെ.എസ്.യുവിന്റെ ആരോപണം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിട്ടും കുറ്റക്കാരെ അറസ്റ്റുചെയ്യാത്തതിൽ കോൺഗ്രസ് നേതാക്കളും പ്രതിഷേധം അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും മാത്രമാണ് മ്യൂസിയം പൊലീസ് പറയുന്നത്. സഫ്‌ന അടക്കമുള്ള വിദ്യാർത്ഥികൾ വാർത്താസമ്മേളനം വിളിച്ചുചേർത്ത് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം.

അതേസമയം സംഭവത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകരെക്കൂടി ലാ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അനന്തകൃഷ്‌ണൻ, ശ്രീനാഥ്, ആദിത്ത് എന്നിവർക്കെതിരെയാണ് നടപടി. കഴിഞ്ഞദിവസം അബാദ് മുഹമ്മദെന്ന വിദ്യാർത്ഥിയെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. സംഘർഷത്തെ തുടർന്ന് ലാ കോളേജിലെ ക്ലാസുകൾ രണ്ടാഴ്‌ചത്തേക്ക് നിറുത്തിവച്ചിരിക്കുകയാണ്. കോളേജിൽ നടന്ന സംഭവങ്ങളെപ്പറ്റി അന്വേഷിക്കാൻ വൈകാതെ അന്വേഷണക്കമ്മിഷനെ വയ്‌ക്കുമെന്നാണ് പ്രിൻസിപ്പൽ ഡോ.ആർ. ബിജുകുമാർ വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പ്. കെ.എസ്.യു പ്രവർത്തകരെ ബുധനാഴ്‌ച രാത്രി വൈകി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ അടക്കമുള്ള നേതാക്കൾ ലാ കോളേജിലെത്തി കെ.എസ്.യു പ്രവർത്തകരെ സന്ദർശിച്ചു.

കലാലയങ്ങൾ ലഹരിമാഫിയകളുടെ

കേന്ദ്രമായി: പാലോട് രവി

കലാലയങ്ങൾ ലഹരി മാഫിയകളുടെ കേന്ദ്രമായി മാറിയെന്ന് ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി ആരോപിച്ചു. ലാ കോളേജിലെ എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് ഡി.സി.സി സംഘടിപ്പിച്ച മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളെ ആക്രമിച്ച ഗുണ്ടകളെല്ലാം ഗോവയിലേക്ക് ടൂർ പോയിരിക്കുകയാണെന്നും പാലോട് രവി പറഞ്ഞു. നേതാക്കളായ വി. പ്രതാപചന്ദ്രൻ, ജി.എസ്‌. ബാബു, ജി. സുബോധൻ, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എം.എ. വാഹിദ്‌, ടി. ശരത്‌ചന്ദ്രപ്രസാദ്‌, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.

എസ്.എഫ്.ഐ

പ്രതിഷേധ മാർച്ച്

ലാ കോളേജിലെ കെ.എസ്.യുവിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു.

എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം രഹ്ന സബീന ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി അഭിജിത്ത് ജെ.ജെ, പ്രസിഡന്റ് രാഹുൽ എ.ആർ, ജോയിന്റ് സെക്രട്ടറിമാരായ ഗോകുൽ ഗോപിനാഥ്, ശ്രീജിത്ത് ആർ.എസ്, വൈസ് പ്രസിഡന്റുമാരായ ശില്പ, ഗോവിന്ദ്, സെക്രട്ടേറിയറ്റംഗങ്ങളായ ജോബിൻ ജോസ്, അവിനാശ്, അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement