വേനലിൽ ഉള്ളു തണുപ്പിക്കും പഴ വിപണി

Saturday 19 March 2022 12:21 AM IST

തൃശൂർ: വേനൽ കടുത്തതോടെ ശരീരം തണുപ്പിക്കാൻ പഴവർഗങ്ങളെ ആശ്രയിച്ച് തുടങ്ങിയതോടെ പഴം വിപണി സജീവമാകുന്നു. കൊവിഡ് മഹാമാരിക്ക് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് വിൽപ്പന കുറവാണെങ്കിലും വിപണി ഉഷാറാകുന്നതിന്റെ സൂചന കണ്ടുതുടങ്ങി. വിവിധ തരം പഴങ്ങൾക്ക് ആവശ്യക്കാരേറെ. ഇത്തവണ മാർച്ച് ആദ്യവാരം ചൂടിന് കാഠിന്യമേറി തുടങ്ങിയതോടെയാണ് വിപണി സജീവമായത്. ഓറഞ്ചും മുന്തിരിയും തണ്ണിമത്തനുമൊക്കെയായി വഴിയോര കച്ചവടമുൾപ്പെടെ മൊത്തക്കച്ചവടവും ഈ വേനലിൽ കുതിപ്പ് തുടരുകയാണ്. ശീതളപാനീയങ്ങൾക്കും ആവശ്യക്കാർ വർദ്ധിച്ചു. ഇതുകണ്ട് പുതിയ ജീവിത മാർഗമായി നിരവധിപേരാണ് പഴം വിപണിയിലേക്ക് തിരിഞ്ഞത്. ശരീരത്തിലെ ജലാംശം നിലനിറുത്തുന്നതിനായി ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി, ആപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവയ്ക്കും ഡിമാൻഡ് വർദ്ധിച്ചു.

തണ്ണി മത്തൻ വിപണി സജീവമായതോടെ വഴിയോരങ്ങളിൽ ടെന്റടിച്ച് മൊത്ത കച്ചവടം നടത്തുന്നവരും കുറവല്ല. അതേസമയം മാമ്പഴ വിപണി സജീവമായിട്ടില്ല. ഈ മാസം അവസാനത്തോടെ അതും വിപണി കൈയടക്കും. ആവശ്യക്കാരേറിയാൽ കൂടുതൽ രാസവസ്തുക്കൾ കയറ്റി പെട്ടെന്ന് പഴുപ്പിച്ചെടുക്കുന്നതും സാധാരണമാണ്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് വഴിവെച്ചേക്കും.

പഴ വർഗങ്ങൾക്ക് വില കൂടുന്നു

ഒരു മാസം മുൻപ് വിലകുറഞ്ഞ് നിന്നിരുന്ന പല പഴങ്ങൾക്കും വില വർദ്ധിച്ചു തുടങ്ങി. 50 രൂപയുണ്ടായിരുന്ന ഓറഞ്ചിന് 80 രൂപയാണ് ഇപ്പോൾ വില. മുന്തിരി റോസ് 80, സീഡ്‌ലെസ് 120 രൂപയാണ് വില. പഴങ്ങളിൽ ആപ്പിളിനാണ് കൂടുതൽ വില. ഹിമാചൽ ആപ്പിളുകളുടെ സീസൺ കഴിഞ്ഞതോടെ വിദേശ ആപ്പിളുകൾക്കായി ആധിപത്യം. ന്യൂസിലൻഡിൽ നിന്നെത്തുന്ന റോയൽ ഗാലയാണ് കൂട്ടത്തിൽ കേമൻ. 240 രൂപയാണ് കിലോയ്ക്ക് വില. യു.എസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളുകളും വിപണിയിലുണ്ട്. ചൂടിൽ കുപ്പി പാനീയങ്ങൾക്കും സംഭാരങ്ങൾക്കും ആവശ്യക്കാർ കൂടിത്തുടങ്ങി. കരിക്ക് 50, കരിമ്പ് ജ്യൂസ് 40, സർബത്ത് 20 എന്നിങ്ങനെയാണ് പാനീയങ്ങളുടെ വില. സോഡയ്ക്കുൾപ്പെടെ വേനലിൽ വിലയേറി.


പഴവില ഇങ്ങനെ

തണ്ണിമത്തന് 20 രൂപ
ആപ്പിൾ 180-220
അമരി ആപ്പിൾ 180
ഡൽഹി ആപ്പിൾ 190
അനാർ 160
പൈനാപ്പിൾ 40
ആപ്പിൾ (ഇറക്കുമതി) 240 മുതൽ 280 രൂപ

രാസപദാർത്ഥങ്ങൾ കൂടുതൽ കുത്തിവച്ച് പഴവർഗ്ഗങ്ങൾ പഴുപ്പിച്ചെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. അനുവദനീയമായ രീതിയിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധന നടക്കുന്നുണ്ട്. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കും

ഉയദ ശങ്കർ

തൃശൂർ ഫുഡ് സേഫ്റ്റ് അസി.കമ്മീഷണർ

Advertisement
Advertisement