തിരുവനന്തപുരം ലത്തീൻ അതിരൂപതയ്‌ക്ക് ഇനി പുതിയ ഇടയൻ,​ സ്ഥാനാരോഹണം ഇന്ന്

Saturday 19 March 2022 1:35 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയെ ഇന്നുമുതൽ പുതിയ ഇടയൻ നയിക്കും. ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പിൻഗാമിയായി ഡോ. തോമസ് ജെ.നെറ്റോ ഇന്ന് അതിരൂപതാ മെത്രാപ്പൊലീത്തയായി സ്ഥാനാരോഹിതനാകും.

വൈകിട്ട് 4.45ന് ചെറു വെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലാണ് മെത്രാഭിഷേക ചടങ്ങുകൾ. അതിരൂപത അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യകാർമ്മികനാകുന്ന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾഡ് ജിറെല്ലി സന്ദേശം നൽകും. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ എന്നിവർ സഹകാർമ്മികരാകും. സീറോ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വചനസന്ദേശം നൽകും. വിവിധ രൂപതാദ്ധ്യക്ഷന്മാരും മുന്നൂറിലധികം വൈദികരും ചടങ്ങിൽ പങ്കെടുക്കും.

നാളെ വൈകിട്ട് 4.30ന് പാളയം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന അനുമോദന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീൻ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ.എം.സൂസപാക്യം അദ്ധ്യക്ഷത വഹിക്കും. സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, കൊല്ലം രൂപതാ മെത്രാൻ ഡോ. പോൾ മുല്ലശ്ശേരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മന്ത്രി ആന്റണിരാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ.ശശിതരൂർ എം.പി, എം.വിൻസെന്റ് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ ആശംസ നേരും.

Advertisement
Advertisement