ജെബി മേത്തർ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി

Saturday 19 March 2022 2:33 AM IST

ന്യൂഡൽഹി: സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ.ജെബി മേത്തർ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. കെ.പി.സി.സി നേതൃത്വം സമർപ്പിച്ച മൂന്ന് പേരുടെ പാനലിൽ നിന്നാണ് ഹൈക്കമാൻഡ് ജെബിയെ തിരഞ്ഞെടുത്തത്.
1980ന് ശേഷം കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കെത്തുന്ന ആദ്യ വനിതയാകും ജെബി മേത്തർ. കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്ലിം വനിതയെന്ന പ്രത്യേകതയുമുണ്ട്.അന്തരിച്ച ലീലാ ദാമോദര മേനോനാണ് ഇതിന് മുമ്പ് കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തിയ വനിത.ജെബിയ്ക്കൊപ്പം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം. ലിജു എന്നിവരുടെ പേരും കേരളത്തിൽ നിന്ന് നകിയിരുന്നു. എന്നാൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അടക്കം പിന്തുണ ജെബിക്ക് ലഭിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് ജെബി മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി, എ.ഐ.സി.സി അംഗം, കെ.പി.സി.സി സെക്രട്ടറി, ആലുവ മുനിസിപ്പൽ ഉപാദ്ധ്യക്ഷ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. അസാമിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.സി.സി അദ്ധ്യക്ഷൻ റിപുൺ ബോറയുടെ സ്ഥാനാർത്ഥിത്വവും കോൺഗ്രസ് പ്രഖ്യാപിച്ചു.

Advertisement
Advertisement