പാസഞ്ചർ വാഹന വില്‌പന 2% ഇടിഞ്ഞു
ന്യൂഡൽഹി: ഏപ്രിലിൽ പാസഞ്ചർ വാഹന വില്‌പന രണ്ടു ശതമാനം ഇടിഞ്ഞുവെന്ന് വാഹന ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. 2,42,457 വാഹനങ്ങളാണ് ഏപ്രിലിൽ പുതുതായി നിരത്തിലെത്തിയത്. 2018 ഏപ്രിലിൽ വില്‌പന 2,47,278 വാഹനങ്ങളായിരുന്നു. ടൂവീലർ വില്‌പന 14.09 ലക്ഷത്തിൽ നിന്ന് ഒമ്പതു ശതമാനം ഇടിഞ്ഞ് 12.85 ലക്ഷമായി കുറഞ്ഞു.
16 ശതമാനമാണ് വാണിജ്യ വാഹന വില്‌പനയിലെ നഷ്‌ടം. കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത് 63,360 വാണിജ്യ വാഹനങ്ങളാണ്. 13 ശതമാനം ഇടിവോടെ 47,183 മുച്ചക്ര വാഹനങ്ങളും ഏപ്രിലിൽ വിറ്റഴിഞ്ഞു. എല്ലാ വിഭാഗങ്ങളിലുമായി കഴിഞ്ഞമാസം ഇന്ത്യക്കാർ വാങ്ങിയ മൊത്തം വാഹനങ്ങൾ 16.38 ലക്ഷമാണ്. ഇടിവ് എട്ട് ശതമാനം. 2018 ഏപ്രിലിൽ 17.86 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞിരുന്നു. വിലക്കയറ്റം ഉൾപ്പെടെയുള്ള നെഗറ്രീവ് ഘടകങ്ങളാണ് ഉപഭോക്താക്കളെ അകറ്റിനിറുത്തുന്നതെന്ന് ഫാഡ സൂചിപ്പിച്ചു. ഈ ട്രെൻഡ് ഏതാനും മാസങ്ങൾ കൂടി തുടരാനാണ് സാദ്ധ്യത.