കള്ളനോട്ടുകേസ്; അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു

Sunday 20 March 2022 2:40 AM IST

വിതുര: കഴിഞ്ഞ ദിവസം വിതുരയിൽ നാലംഗ കള്ളനോട്ട് സംഘത്തെ പിടികൂടിയ സംഭവത്തിൽ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പൊന്മുടിക്ക് പുറമേ ജില്ലയിലെ മറ്റ് ചില സ്ഥലങ്ങളിലും കള്ളനോട്ടെത്തിച്ചെന്നാണ് വിവരം.

പൊന്മുടി, കുളച്ചിക്കര എസ്റ്റേറ്റ് മേഖലയിൽ താമസിക്കുന്ന സനു (30), കുട്ടപ്പൻ (61), രമേശൻ (42), തങ്കയ്യൻ (50) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 40,500 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പൊന്മുടിയിൽ കള്ളനോട്ട് എത്തിച്ച തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മുത്തു വിതുരയിൽ വന്നുപോകാറുണ്ടെന്നാണ് വിവരം.

കള്ളനോട്ട് സംഘത്തെ പിടികൂടുന്നതിനായി വിതുര എസ്.ഐ എസ്.എൽ. സുധീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് സി.ഐ എസ്. ശ്രീജിത്ത് അറിയിച്ചു.

തണ്ണിമത്തൻ വ്യാപാരത്തിന്റെ

മറവിൽ കള്ളനോട്ട് കടത്ത്

വിതുര പൊന്മുടി മേഖലയിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് കള്ളനോട്ടെത്തിച്ച തമിഴ്നാട് തൂത്തുക്കുടി സ്വദേശി മുത്തുവിന്റെ യാഥാർത്ഥ ജോലി തണ്ണിമത്തൻ വ്യാപാരമാണ്. തൂത്തുക്കുടിയിൽ തണ്ണിമത്തന്റെ മൊത്തവ്യാപാരി കൂടിയായ ഇയാൾ ആഴ്ചയിൽ മൂന്നും നാലും ദിവസം കേരളത്തിൽ തണ്ണിമത്തൻ ലോഡ് എത്തിക്കുന്നുണ്ട്.

മുത്തുവിനെ പിടികൂടിയാൽ മാത്രമേ കള്ളനോട്ട് മാഫിയയുടെ യഥാർത്ഥ ചിത്രം വ്യക്തമാകുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

മുത്തുവിനെ പിടികൂടാൻ വിതുരയിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ തമിഴ്നാട്ടിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് പൊലീസ് വ്യക്തമാക്കി. മുത്തു തൂത്തുക്കുടിയിൽ തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Advertisement
Advertisement