തിരുവല്ലം കസ്റ്റഡി മരണം; അന്വേഷണം പൂട്ടിക്കെട്ടി ക്രൈംബ്രാഞ്ച്

Sunday 20 March 2022 12:46 AM IST

 ദമ്പതികളെ ആക്രമിച്ച കേസിൽ തെളിവെടുത്തു

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നെല്ലിയോട് മേലേചരുവിള പുത്തൻവീട്ടിൽ സി.പ്രഭാകരൻ- സുധ ദമ്പതികളുടെ മകൻ സുരേഷ് (40) മരിച്ച സംഭവം സി.ബി.ഐക്ക് വിട്ടതോടെ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാക്കി.

സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് യൂണിറ്റ് മൊഴിയെടുക്കലും ചോദ്യം ചെയ്യലുമുൾപ്പെടെയുള്ള നടപടികൾ അവസാനിപ്പിച്ചത്. ഏതാനും ദിവസംമുമ്പ് സുരേഷിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും അയൽവാസികളെയും കണ്ട് മൊഴികൾ ശേഖരിച്ചതായിരുന്നു കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ചിന്റെ അവസാന നടപടി. കസ്റ്റഡി മരണത്തിൽ അന്വേഷണം മതിയാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നസറുദ്ദീൻ വ്യക്തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥരെത്തിയാൽ ഫയൽ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിലിരിക്കുന്ന ജഡ്‌ജിക്കുന്നിൽ ദമ്പതികളെ അപമാനിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന രാജേഷ്,രാജേഷ് കുമാർ,വിനീത്,ബിജു എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് മൊഴികൾ പരിശോധിച്ച സംഘം ഇവരെ അതീവ രഹസ്യമായി ജഡ‌്ജിക്കുന്നിലെത്തിച്ച് തെളിവെടുത്തു. കേസിൽ പിടിയിലാകാനുള്ള വിപിനുവേണ്ടി അന്വേഷണം തുടരുന്നതായും ക്രൈംബ്രാഞ്ച് അറിയിച്ചു.

വിപിന്റെ മുൻകൂർ ജാമ്യാപേക്ഷ ക്രൈംബ്രാഞ്ചിന്റെ എതിർപ്പിനെ തുടർന്ന് നേരത്തെ കോടതി തള്ളിയിരുന്നു.

കഴിഞ്ഞ 28ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ജഡ്‌ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് സുരേഷിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സുരേഷിന്റെ ശരീരത്തിൽ ഒരു ഡസനോളം ചതവുകൾ കണ്ടതാണ് പൊലീസ് മർദ്ദനത്തെ തുടർന്നുള്ള മരണമാണെന്ന സംശയത്തിനിടയാക്കിയത്.

Advertisement
Advertisement