തരിശ് ഭൂമിയിൽ പൊന്ന് വിളയിച്ച് സംസ്ഥാന കർഷക തിലക പുരസ്കാരത്തിന് അർഹയായി ഹരിപ്രിയ

Saturday 19 March 2022 11:56 PM IST

കല്ലമ്പലം: തരിശ് ഭൂമിയിൽ പൊന്ന് വിളയിച്ച് സംസ്ഥാന കർഷക തിലക പുരസ്കാരത്തിനർഹയായ ഹരിപ്രിയയാണ് ഇന്ന് നാട്ടിൽ താരം. സമീപവാസികളായ മൂന്ന് പേർ നൽകിയ 80 സെന്റ്‌ ഭൂമിയിൽ കൃഷിയിറക്കി ഹരിതാഭമാക്കിയതിനാണ് അവാർഡ്. മണമ്പൂർ പഞ്ചായത്തിലെ കടുവാപ്പള്ളിക്ക് സമീപം തോട്ടയ്ക്കാട് ഹരി തംബുരുവിൽ ജയപ്രസാദിന്റെയും സജിതയുടെയും മകളാണ് ഹരിപ്രിയ. ഞെക്കാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരിപ്രിയ സ്കൂളിൽ നിന്നും, മണമ്പൂർ കൃഷി ഭവനിൽ നിന്നും, നാട്ടുകാരിൽ നിന്നും ലഭിച്ച വിത്തുകൾ പാകിയാണ് കൃഷിയിൽ ചരിത്ര വിജയം കൊയ്തത്. ഹരിപ്രിയയ്ക്ക് കൃഷിയോടുള്ള അടങ്ങാത്ത ആവേശം മനസിലാക്കി സമീപവാസികളായ ശശിധരൻ, നസീറബീവി, ശ്രീകുമാർ എന്നിവർ പാട്ടപ്പണം വാങ്ങാതെയാണ് ഭൂമി നൽകിയത്. പച്ചക്കറികൾ കൂടാതെ വാഴ, മരച്ചീനി, ഇഞ്ചി, ചോളം തുടങ്ങി വിവിധ കാർഷിക ഉത്പന്നങ്ങൾ ഹരിപ്രിയയുടെ കൃഷിയിടത്തിൽ തഴച്ചുവളർന്നു.

കൃഷിയെ പരിപാലിക്കുന്നതുപോലെ പഠനത്തിലും ശ്രദ്ധ നൽകാൻ ഈ മിടുക്കി മറന്നില്ല. തൊഴിലുറപ്പ് തൊഴിലാളിയായ സജിതയ്ക്കും കൂലിപ്പണിക്കാരനായ ജയപ്രസാദിനും കൈത്താങ്ങാകാൻ കാർഷിക മേഖലയിലേക്ക് ഇറങ്ങിയതായിരുന്നു ഹരിപ്രിയയും സഹോദരി ശിവപ്രിയയും. മുൻ സംസ്ഥാന അവാർഡ് ജേതാവും ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ആളുമായ വയനാട് സ്വദേശി ബിൻസി ജെയിംസാണ് കാർഷിക മേഖലയിലെ തന്റെ പ്രയത്നം തിരിച്ചറിഞ്ഞതെന്ന് ഹരിപ്രിയ പറയുന്നു. ഇവരാണ് സംസ്ഥാന അവാർഡിന് അപേക്ഷ നൽകാൻ പ്രേരിപ്പിച്ചതെന്നും ഈ കൊച്ചുകർഷക പറയുന്നു.

Advertisement
Advertisement