സന്തോഷം പിറക്കുന്നത് എവിടെ ?​

Sunday 20 March 2022 12:30 AM IST

സന്തോഷത്തോടെയും പ്രതീക്ഷയോടെയും രാവിലെ ഉണ‌ർന്നെഴുന്നേറ്റാൽ നാം സന്തുഷ്‌ടരാണ്. ഓരോ അനുഭവത്തെയും ആസ്വദിക്കാൻ കഴിയുക, കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും രുചികരമാവുക എന്നിവയൊക്കെ സന്തുഷ്ടമായ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു.

ഒരുദിവസത്തെ ജോലി കഴിഞ്ഞശേഷവും ഊർജസ്വലതയോടെ പ്രിയപ്പെട്ടവരോട് സംസാരിക്കണമെന്ന പ്രതീക്ഷ നിലനില്‌ക്കുന്നെങ്കിൽ, ശുഭാപ്തിവിശ്വാസമുണ്ടെങ്കിൽ നാം സന്തോഷവാന്മാരാണ്. നമ്മുടെ സന്തോഷം നിലനിറുത്തുന്നതിൽ മസ്തിഷ്‌കത്തിലെ ചില രാസവസ്തുക്കൾക്ക് ശക്തമായ പങ്കുണ്ട്. ഇവയുടെ കുറവ് സന്തോഷത്തെ കെടുത്തും.

ഡോപ്പമിൻ (Dopamine)

വ്യായാമം, സംഗീതം,​ ആരോഗ്യകരമായ സൗഹൃദങ്ങൾ,​ ലൈംഗികബന്ധം,​ സിനിമ ,​ ലഹരിവസ്തുക്കൾ ഇവയൊക്കെ തലച്ചോറിൽ ഡോപ്പമിന്റെ അളവ് കൂട്ടുന്നു. ഡോപ്പമിന്റെ അളവ് കൂടുമ്പോഴാണ് ആഹ്ളാദ അനുഭൂതികളുണ്ടാകുന്നത്. വ്യായാമം, സംഗീതം, സൗഹൃദം തുടങ്ങിയ മാർഗങ്ങളിലൂടെ സാവധാനം ഡോപ്പമിന്റെ അളവ് പാരമ്യത്തിലെത്തി കുറേനേരം പാരമ്യത്തിൽത്തന്നെ നിന്ന് പതിയെ കുറയുന്നു. എന്നാൽ ഈ കാര്യങ്ങൾ ചെയ്യാതിരുന്നാൽ വലിയ അസ്വസ്ഥതകളുണ്ടാകുന്നില്ല. എന്നാൽ മദ്യം, കഞ്ചാവ്, മയക്കുമരുന്നകൾ എന്നിവ ഉപയോഗിക്കുമ്പോഴും ഓൺലൈൻ ഗെയിമുകൾ, അശ്ളീല രംഗങ്ങൾ, കാർട്ടൂണുകൾ എന്നിവയൊക്കെ കാണുമ്പോഴും തലച്ചോറിലെ ഡോപ്പമിന്റെ അളവ് കുത്തനെ വർദ്ധിപ്പിച്ച് ചുരുങ്ങിയ സമയംകൊണ്ട് വലിയ ആഹ്ളാദം നല്കുന്നു. എന്നാൽ ഇവയൊക്കെ ഉപയോഗിച്ച ശേഷം വളരെ പെട്ടെന്ന് ഡോപ്പമിന്റെ അളവ് കുത്തനെ താഴുന്നു. മേൽപ്പറഞ്ഞ മാർഗങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ അസ്വസ്ഥതയും വെപ്രാളവും ഉറക്കക്കുറവും തുടങ്ങി പിൻവാങ്ങൽ ലക്ഷണങ്ങളുണ്ടാവും. ആരോഗ്യകരമായി ഡോപ്പമിൻ വർദ്ധിപ്പിക്കുകയാണ് പ്രതിവിധി.

ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം, 30മിനിട്ട് സംഗീതം കേൾക്കുക, ആരോഗ്യകരമായ സ്നേഹബന്ധങ്ങൾ, സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവ വളർത്തുക, വിനോദത്തിന് സമയം കണ്ടെത്തുക, എന്നിവയിലൂടെ ഡോപ്പമിൻ വർദ്ധിപ്പിക്കാം.

ഓക്സിടോസിൻ (oxytocin )

ഓക്സിടോസിൻ അമ്മയ്‌ക്ക് കുഞ്ഞിനോടുള്ള സ്നേഹത്തിന് അടിസ്ഥാനമായ രാസവസ്തുവാണ്. ഏതൊരു തരത്തിലുള്ള കരുതലിന്റെയും പിറകിൽ ഓക്‌സിടോസിനുണ്ട്. സൗഹൃദത്തിലോ പ്രണയത്തിലോ കുടുംബബന്ധത്തിലോ ഒക്കെ ഓക്‌സിടോസിൻ ഉത്പാദിപ്പിക്കപ്പെടും. സത്യസന്ധമായി ഒരാളെ കരുതുമ്പോൾ തലച്ചോറിൽ ഓക‌്സിടോസിൻ കൂടുന്നു. പരസ്‌പരവിശ്വാസത്തിലും കരുതലിലും അധിഷ്‌ഠിതമായ ബന്ധങ്ങൾ വളർത്തി ഓക്‌സിടോസിൻ വർദ്ധിപ്പിക്കാം.

എൻഡോർഫിൻ (endorphine)

എൻഡോർഫിൻസ് വർദ്ധിക്കുമ്പോഴാണ് ചുറുചുറുക്കും ഉന്മേഷവും ലഭിക്കുന്നത്. ഓട്ടം, ചടുലമായ നടത്തം, നീന്തൽ, സൈക്ളിംഗ് എന്നീ വ്യായാമങ്ങൾ എൻഡോർഫിൻ വർദ്ധിപ്പിക്കും. അതുകൊണ്ടാണ് ദിവസവും നിശ്ചിതസമയം വ്യായാമം ചെയ്യുന്നവർക്ക് വളരെ ഉന്മേഷത്തോടെ മറ്റ് ജോലികൾ ചെയ്യാൻ സാധിക്കുന്നത്.

സെറടോണിൻ (serotonine)

സെറടോണിന്റെ അളവ് കൂടുന്നത് ആത്മവിശ്വാസം, സംതൃപ്‌തി, ആസ്വാദനശേഷി എന്നിവ വർദ്ധിപ്പിക്കും. തലച്ചോറിൽ സെറടോണിന്റെ അളവ് കുറയുമ്പോഴാണ് വിഷാദരോഗം ഉണ്ടാവുന്നത്. സെറടോണിൻ കുറയുന്ന വ്യക്തികളിൽ നീണ്ടുനില്‌ക്കുന്ന നിരാശയും കുറ്റബോധവും ആത്മഹത്യാ പ്രവണതയും കണ്ടുവരുന്നു.

ലേഖകൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രിസ്‌റ്റാണ്

Advertisement
Advertisement