പുടിൻ പിടിച്ച വലിയ പാമ്പാണ് സെലെൻസ്കി

Sunday 20 March 2022 12:37 AM IST

വളരെ എളുപ്പത്തിൽ കീഴടക്കാമെന്നു കരുതി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുടങ്ങിവച്ചതാണ് യുക്രെയിനെതിരായ ആക്രമണം. ദിവസങ്ങൾക്കകം യുക്രെയിൻ റഷ്യയ്ക്കുമുന്നിൽ അടിയറവ് പറയുമെന്ന് ലോകവും വിചാരിച്ചുകാണണം. പക്ഷേ,​ യുക്രെയിനിലെ സാധാരണക്കാർ‌ പോലും ആയുധങ്ങളുമേന്തി റഷ്യൻസേനയെ എതിരിട്ടു. വ്ലാദിമിർ സെലെൻസ്കി എന്ന പടനായകൻ മുന്നിൽനിന്ന് നയിച്ചു. ചുരുക്കിപ്പറഞ്ഞാൽ,​ നീർക്കോലിയാണെന്ന് കരുതി പുടിൻ പിടിച്ച കൂറ്റൻ പാമ്പാണ് സെലെൻസ്കി.....

ചരിത്രമെഴുതി സെലെൻസ്കി

രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവുംവലിയ അധിനിവേശത്തിനും ആക്രമണത്തിനും മുന്നിൽ മുട്ടുമടക്കാതെ നിൽക്കുകയാണ് സെലെൻസ്കിയെന്ന യുക്രെയിൻ പ്രസിഡന്റ്. ശത്രുരാജ്യങ്ങളുടെ ആക്രമണംവരുമ്പോൾ ബങ്കറുകളിൽ ഒളിക്കുകയും അയൽരാജ്യങ്ങളിൽ അഭയം തേടുകയും ചെയ്യുന്ന രാഷ്ട്രത്തലവന്മാരിൽനിന്ന് വിഭിന്നനായി തന്റെ ജനതയ്ക്കുവേണ്ടി തുടക്കം മുതൽ പടക്കളത്തിൽ സെലെൻസ്കിയുണ്ട്. ലോകരാജ്യങ്ങൾക്കിടയിൽ അത്രയൊന്നും സ്വാധീനം ചെലുത്താൻ കഴിവുണ്ടായിരുന്ന നേതാവല്ല, സെലെൻസ്കി. എന്നാൽ ലോകചരിത്രത്തിൽ, ചരിത്രവിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഇനി സെലെൻസ്കി എന്ന പേര് ഒഴിച്ചുകൂടാനാകാത്തതാകുമെന്ന് തീർച്ച.

ടെലിവിഷൻ ടു പൊളിറ്റിക്സ്

യുക്രെയിൻ ടെലിവിഷനിൽ ജനസേവകൻ എന്ന ആക്ഷേപഹാസ്യപരിപാടിയുടെ അവതാരകനായി തിളങ്ങിനിൽക്കുമ്പോഴാണ് ഭരണനേതൃത്വത്തിൽ ഒരു കൈ നോക്കാനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജൂതപശ്ചാത്തലമുള്ള, റഷ്യൻഭാഷ സംസാരിക്കുന്ന സെലെൻസ്‌കി കിഴക്കന്‍ യുക്രെയിനിൽ സമാധാനം കൊണ്ടുവരുമെന്ന് ഉറപ്പു നൽകിക്കൊണ്ടാണ് മൂന്നുവർഷംമുമ്പ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. ഇതിന്റെ ആദ്യഘട്ടമായി നയതന്ത്ര ചർച്ചകളിലൂടെ റഷ്യയിലെ ജയിലുകളിൽനിന്ന് കുറച്ച് യുക്രെയിൻ യുദ്ധത്തടവുകാരെ അദ്ദേഹം മോചിപ്പിക്കുകയും ചെയ്തു. എന്നാൽ, പുടിന്റെ അനിഷ്ടം നേടിയെടുക്കാൻ അധികകാലം വേണ്ടിവന്നില്ല. യുക്രെയിന്റെ സുരക്ഷയുറപ്പാക്കാൻ നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാകാനുള്ള സെലെൻസ്‌കിയുടെ ശ്രമങ്ങൾ പുടിനെ ശുണ്ഠിപിടിപ്പിച്ചു.

കഥ യാഥാർത്ഥ്യമായി

2014.യുക്രെയിനിൽ അഴിമതിയും അരാജകത്വവും നിറഞ്ഞുനിന്ന കാലം. സെർവന്റ്സ് ഒഫ് പീപ്പിൾ എന്ന കോമഡി ഷോയിൽ അദ്ധ്യാപകനായി വേഷമിട്ട 36കാരൻ ജനങ്ങളെ ചിരിപ്പിച്ചു. ആ അദ്ധ്യാപകൻ പിന്നീട് രാജ്യത്തിന്റെ പ്രസിഡന്റാകുന്നതായിരുന്നു കോമഡി ഷോയുടെ കഥ. അഞ്ചുവർഷങ്ങൾക്കിപ്പുറം, ആ കഥ യാഥാർത്ഥ്യമായി. അദ്ധ്യാപകനായി വേഷമിട്ട വ്ലാദിമിർ സെലെൻസ്കി എന്ന ആ മനുഷ്യൻ 41-ാം വയസിൽ 2019ൽ യുക്രെയിനിന്റെ പ്രസിഡന്റായി.

ജനങ്ങളുടെ വിശ്വാസം

അഴിമതിക്കെതിരെ നിലകൊള്ളുമെന്ന ഒറ്റക്കാരണത്താലാണ് യുക്രെയിൻ ജനത സെലെൻസ്കിയെ ആ ഉത്തരവാദിത്തം ഏൽപ്പിക്കുന്നത്. രാഷ്ട്രീയ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത സെലെൻസ്‌കി 73 ശതമാനം വോട്ട് നേടിയാണ് അധികാരത്തിലെത്തുന്നത്. എതിർ സ്ഥാനാർത്ഥിയായ പെട്രോ പൊറോഷെങ്കോയ്ക്ക് അന്ന് 24 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അധികാരത്തിലെത്തി മൂന്നുവർഷം ആയപ്പോഴേക്കും അതിതീവ്രമായ അധിനിവേശവും ആക്രമണവും നേരിടേണ്ടിവന്നപ്പോഴും ജനങ്ങൾ നൽകിയ വിശ്വാസം അയാൾ കാത്തുസൂക്ഷിച്ചു.

വികാരാധീനനായി സെലെൻസ്കി

നാറ്റോയും അമേരിക്കയും എല്ലാം കൈവിട്ടതോടെ പ്രസിഡന്റ് സെലെൻസ്കി ഏറെ വികാരാധീനനാകുന്നതാണ് ലോകം കണ്ടത്. രാജ്യത്തെ സംരക്ഷിക്കാനുള്ള റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ ഒറ്റയ്‌ക്കാണ് തങ്ങളെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. റഷ്യൻ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാണ്. റഷ്യൻ സൈനിക സംഘം യുക്രെയിൻ ആസ്ഥാനമായ കീവിൽ പ്രവേശിച്ചു കഴിഞ്ഞു. രാഷ്‌ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കുകയാകും അവരുടെ ലക്ഷ്യം. താനാണ് അവരുടെ ആദ്യ ഇര. അതിന് ശേഷം അവർ തന്റെ കുടുംബത്തേയും നശിപ്പിക്കും. ഈ യുദ്ധസാഹചര്യത്തിൽ ആരാണ് നമുക്കൊപ്പം പോരാടാനുള്ളതെന്ന അദ്ദേഹത്തിന്റെ ചോദ്യം ലോകത്തിന്റെ കാതുകളിലുണ്ട്. പൗരന്മാരെല്ലാം ആയുധമെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തെ വിശ്വാസമുള്ള ജനത അക്ഷരംപ്രതി അത് അനുസരിച്ചു.

ഉപരോധങ്ങളിൽ ഞെരുങ്ങി റഷ്യ

ലോകത്ത് ഏറ്റവുമധികം ഉപരോധങ്ങൾ നേരിട്ട രാജ്യങ്ങളുടെ ലിസ്റ്റ് ഗ്ലോബൽ സാംഗ്ഷൻ ട്രാക്കിംഗ് ഡാറ്റാബേസ് സ്ഥാപനമായ കാസ്റ്റെല്ലം എ.ഐ (Castellum.AI) പുറത്തുവിട്ടപ്പോൾ ഒന്നാം സ്ഥാനത്ത് റഷ്യയാണ്.

യുക്രെയിൻ അധിനിവേശത്തിന് പിന്നാലെയാണ് റഷ്യയ്ക്കുമേൽ അമേരിക്കയും വിവിധ യൂറോപ്യൻ സഖ്യരാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളുടെ എണ്ണം കുത്തനെ വർദ്ധിച്ചത്. 2,754 ഉപരോധങ്ങളാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 22 വരെ റഷ്യയ്ക്കെതിരെയുണ്ടായിരുന്നത്. എന്നാൽ റഷ്യ ആക്രമണങ്ങൾ കൂടുതൽ കടുപ്പിച്ചതോടെ 2,778 ഉപരോധങ്ങൾ കൂടെ റഷ്യയ്ക്കുമേൽ ഇതിന് ശേഷം പുതുതായി ചുമത്തപ്പെട്ടു. ഇതോടെ 5,532 ഉപരോധങ്ങളാണ് നിലവിൽ റഷ്യയ്ക്കെതിരെയുള്ളത്. 208 ഉപരോധങ്ങളുമായി ക്യൂബയാണ് ലിസ്റ്റിൽ ഏഴാമതും അവസാനത്തേതുമായി നിൽക്കുന്നത്. 60 വർഷത്തിലേറെയായി ക്യൂബ അമേരിക്കയുടെ ഉപരോധത്തിന് കീഴിലാണുള്ളത്.ജോൺ എഫ്. കെന്നഡി യു.എസ് പ്രസിഡന്റായിരുന്ന സമയത്തായിരുന്നു ക്യൂബയ്ക്കെതിരെ ഉപരോധമേർപ്പെടുത്തിയത്.

Advertisement
Advertisement