വിയ്യൂർ സെൻട്രൽ ജയിലിനെ തേടി കർഷക പുരസ്‌കാരം

Sunday 20 March 2022 12:39 AM IST

തൃശൂർ : ജയിൽ അന്തേവാസികളുടെ പരിചരണവും ജയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടവും കൃത്യമായപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിനെയും പുരസ്‌കാരം തേടിയെത്തി. 2021-22 വർഷത്തെ കർഷക പുരസ്‌കാരം പ്രഖ്യാപിച്ചപ്പോഴാണ് മികച്ച പച്ചക്കറി കൃഷി നടത്തുന്ന പൊതുമേഖല സ്ഥാപനത്തിനുള്ള പുരസ്‌കാരം വിയ്യൂർ സെൻട്രൽ ജയിലിന് ലഭിച്ചത്. 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. ജയിലിലെ പച്ചക്കറി കൃഷിയെ കുറിച്ച് നേരത്തെ കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷമായി ജൈവവളങ്ങളും മറ്റും ഉപയോഗിച്ച് കൃത്യമായ പരിചരണം നൽകിയാണ് നൂറുമേനി വിളവെടുക്കുന്നത്. നാലോ അഞ്ചോ വർഷം കൊണ്ട് കായ്ക്കുന്ന നൂറുക്കണക്കിന് പ്ലാവിൻതൈകളാണ് ഇവിടെ വളർന്ന് വരുന്നത്. കൂടാതെ അൽഫോൻസ, കിളിച്ചുണ്ടൻ, സിന്ദൂരം, ബംഗനപ്പിള്ളി തുടങ്ങി വിവിധ ഇനങ്ങളിലുള്ള 200 ഓളം മാവിൻ തൈകളും ഇവിടെ വളരുന്നു. മാവിന്റെ ഇടയിൽ ഇടവിളയായി പച്ചക്കറി കൃഷിയും നടത്തി വരുന്നു. പ്രതിവർഷം നാൽപതിനായിരത്തോളം കിലോയെങ്കിലും പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ സാധിക്കുന്നുണ്ട്. പടവലം, മത്തൻ, വെള്ളരി, കൊള്ളി, ചീര, വെണ്ട, ചേന, കയ്പക്ക, തക്കാളി തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. അവാർഡിനായി പരിഗണിച്ചിരുന്ന കാലഘട്ടത്തിൽ വിയ്യൂർ സെൻട്രൽ ജയിലിന്റെ സൂപ്രണ്ട് ആയിരുന്നത് എ.ജി.സുരേഷായിരുന്നു. സൂപ്രണ്ട് പക്ഷേ സസ്‌പെൻഷനിലാണ്. നിലവിൽ ആർ.സാജനാണ് സൂപ്രണ്ട്.

Advertisement
Advertisement