പുതിയ ഇടയന് സ്വാഗതം

Sunday 20 March 2022 1:47 AM IST

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പൊലീത്തയായി ഡോ. തോമസ് ജെ. നെറ്റോ സ്ഥാനാരോഹിതനായിരിക്കുന്ന ഈ സന്ദർഭം വളരെയേറെ പ്രത്യേകതകളും വെല്ലുവിളികളും നിറഞ്ഞതാണ്. കടലിന്റെ കാറും കോളും അതേ വേഗതയിൽ സ്വാധീനിക്കുന്ന ഒരു വിഭാഗത്തെ സമാധാനപരമായി പുരോഗതിയിലേക്ക് നയിക്കുക എന്നത് അസാധാരണമായ കഴിവും പ്രയത്‌നവും ആവശ്യപ്പെടുന്ന ചുമതലയാണ്. ലത്തീൻ അതിരൂപതയെ നയിച്ചിട്ടുള്ള മുൻഗാമികൾ മതസൗഹാർദ്ദത്തിനും പൊതുസമാധാനത്തിനും നടത്തിയ വിട്ടുവീഴ്ചകളും ഇടപെടലുകളും തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന് സ്വന്തം പ്രാർത്ഥനാലയം വിട്ടുകൊടുത്തുകൊണ്ട് കാണിച്ച ത്യാഗവും മറ്റും തിരുവനന്തപുരം നിവാസികൾക്ക് ഒരുകാലത്തും മറക്കാനാവില്ല. അവർ വെട്ടിത്തെളിച്ച പാതയിലൂടെയാവും പുതിയ ഇടയനും സഞ്ചരിക്കുക എന്ന് ഉറപ്പാണ്. അതേസമയം കൊവിഡിന്റെ ആക്രമണവും തുടർന്ന് സംഭവിച്ച വറുതിയുടെ ദിനങ്ങളും കഴിഞ്ഞ് കടപ്പുറം ഉണരാൻ തുടങ്ങുന്ന ഈ ഘട്ടത്തിൽ ഒരു വലിയ വിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് കാലോചിതമായ പല പരിഷ്കാരങ്ങളും മാറ്റങ്ങളും തീരുമാനങ്ങളും പുതിയ ഇടയന് കൈക്കൊള്ളേണ്ടതായിവരും. അമ്പതു വർഷം മുമ്പുള്ള ലത്തീൻ കത്തോലിക്ക സമൂഹമല്ല ഇന്നുള്ളത്. അവരുടെ പുതിയ തലമുറകൾ വിദ്യാഭ്യാസപരമായി വൻ മുന്നേറ്റത്തിന്റെ പാതയിലാണ്. എന്നാൽ അവരുടെ പഠനസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല. പ്രകൃതിദുരന്തത്തിന്റെ പ്രത്യാഘാതം കടലാക്രമണത്തിന്റെ രൂപത്തിൽ എല്ലാ വർഷവും ഒന്നും രണ്ടും തവണ അനുഭവിക്കേണ്ടിവരുന്ന മറ്റൊരു ജനവിഭാഗമില്ല കേരളത്തിൽ. ഇതിനൊക്കെ സർക്കാരുമായി കൈകോർത്തുനിന്ന് ദീർഘകാല പരിഹാരമാർഗങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള മാർഗദർശനം നൽകേണ്ടതും പുതിയ ഇടയനിൽ അർപ്പിതമായ കർത്തവ്യമാണ്.

മത്സ്യബന്ധനം മുഖ്യ ഉപജീവന മാർഗമായി സ്വീകരിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ പുതിയ കാവൽക്കാരനാവുക എന്ന നിയോഗവുമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. മതപരമായ കാര്യങ്ങൾക്കതീതമായി ഒരു സമൂഹത്തിന്റെ ഭരണപരവും നേതൃപരവും സാമൂഹ്യപരവുമായ കടമകൾ കൂടി നിർവഹിക്കേണ്ടിവരും.

പ്രളയകാലത്ത് വള്ളങ്ങളുമായി ഇറങ്ങി രക്ഷകരാകാൻ ആഹ്വാനം ചെയ്ത അഭിവന്ദ്യനായ മുൻ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം മനുഷ്യസ്നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും വലിയ പാത വെട്ടിത്തെളിച്ചിട്ടുണ്ട് എന്നതിനാൽ പുതിയ ഇടയന്റെ മാർഗം സുഗമമായിരിക്കുമെന്ന് എന്തുകൊണ്ടും പ്രതീക്ഷിക്കാം. ലത്തീൻ കത്തോലിക്ക സഭയെ മുപ്പത്തിരണ്ട് വർഷം നയിച്ച ഡോ. എം. സൂസപാക്യവും മറ്റ് ഇടയന്മാരും കേരളകൗമുദിയുമായി പുലർത്തിവന്ന ആത്മാർത്ഥമായ കുടുംബബന്ധം ഒരു പോറലുമേൽക്കാതെ മുന്നോട്ടുപോകുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. ദൈവത്തിന്റെ വഴികൾക്ക് പുതിയ അർത്ഥവും വ്യാപ്‌‌തിയും നൽകി ലത്തീൻ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഡോ. തോമസ് ജെ. നെറ്റോയ്ക്ക് സർവാത്‌മകനാ പിന്തുണ ഞങ്ങൾ ഉറപ്പുനൽകുന്നു.

Advertisement
Advertisement