ബിരുദത്തിനൊപ്പം തൊഴിൽ നൈപുണ്യവും

Sunday 20 March 2022 1:50 AM IST

ബിരുദ ഫാക്ടറികളായി മാറിയിരിക്കുന്ന നമ്മുടെ സർവകലാശാലകൾക്കും കലാലയങ്ങൾക്കും വലിയ മാറ്റങ്ങൾക്കുള്ള വഴിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. കേന്ദ്രം പുറത്തുവിട്ട പുതിയ വിദ്യാഭാസ നയത്തിനനുസൃതമായി ഒട്ടേറെ മാറ്റങ്ങൾ യു.ജി.സി തയ്യാറാക്കിയിട്ടുണ്ട്. അഭിപ്രായ രൂപീകരണത്തിനായി അതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്നുവർഷത്തെ സാമ്പ്രദായിക ബിരുദകോഴ്സ് തുടരുന്നതിനൊപ്പം നാലുവർഷ ബിരുദകോഴ്സ് കൂടി വരാൻ പോവുന്നു. നാലുവർഷ ബിരുദപഠനം കഴിഞ്ഞിറങ്ങുന്നവർക്ക് ഒരുവർഷത്തെ പി.ജി പഠനത്തിനുശേഷം ഗവേഷണ കോഴ്‌സിനു ചേരാം. ഫലത്തിൽ നിലവിലെ അഞ്ചുവർഷ ബിരുദ - പി.ജി പഠനത്തിനു തുല്യമായ പഠനമാണിത്. എന്നാൽ ഗവേഷണ പ്രാധാന്യമുള്ളതാകും നാലുവർഷ ബിരുദ കോഴ്‌സുകൾ. ഏറെ തൊഴിൽ സാദ്ധ്യതകളും ഉറപ്പാകും. ബിരുദപഠനത്തിനിടെ പഠനം നിറുത്തേണ്ടിവരുന്നവർക്ക് കോഴ്സ‌് പൂർത്തിയാക്കിയ വർഷം കണക്കിലെടുത്ത് സർട്ടിഫിക്കറ്റും, ഡിപ്ലോമയും ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. സാമർത്ഥരായ കുട്ടികൾക്ക് വളരെയധികം ഗുണകരമാകും പുതിയ മാറ്റങ്ങൾ . നിലവിലുള്ള മൂന്നുവർഷ ബിരുദ കോഴ്സുകളെ അപേക്ഷിച്ച് നാലുവർഷ ഓണേഴ്സ് കോഴ്‌സ് പഠന നിലവാരത്തിൽ ഏറെ ഉയർന്നതാകും. ഒന്നിലധികം വിഷയങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. പിഎച്ച്.ഡി കോഴ‌്‌സുകൾ പൂർത്തിയാക്കാൻ ആറുവർഷത്തിലധികം എടുക്കരുതെന്ന് നിബന്ധന വയ്ക്കും. നെറ്റ് - ജെ.ആർ.എഫ് യോഗ്യതയുള്ളവർക്കാകും 60 ശതമാനം ഗവേഷണ സീറ്റുകളിൽ പ്രവേശനം. നാല്പതുശതമാനം സീറ്റിൽ സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഉയർന്ന ഗ്രേഡിംഗും റാങ്കുമുള്ള കോളേജുകൾക്കാകും നാലുവർഷ ബിരുദ കോഴ്‌സുകൾ തുടങ്ങാനുള്ള അവസരം.

ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസം തൊഴിൽ ഉദ്ദേശിച്ചുള്ളതാണ്. അതേസമയം ഏതെങ്കിലുമൊരു തൊഴിലിൽ അശേഷം പ്രാപ്തി നേടാനാവാതെയാണ് കുട്ടികൾ ബിരുദ സർട്ടിഫിക്കറ്റുമായി കലാലയത്തിന്റെ പടിയിറങ്ങുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പോരായ്മയും ഇതുതന്നെ. പഠന വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതിനൊപ്പം നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന സാധാരണ കാര്യങ്ങളിൽ പ്രാപ്തി പ്രകടിപ്പിക്കാൻ പലർക്കും കഴിയാത്തതിനു കാരണം കലാലയ ജീവിതത്തിൽ ഇതൊന്നും പരിചിതമാകുന്നില്ലെന്നതു തന്നെയാണ്. സാങ്കേതിക കോഴ്‌സുകൾ പാസായി ഇറങ്ങുന്നവർ പോലും ഇവിടെ അത്തരം കാര്യങ്ങൾ ചെയ്യാൻ അറിയാതെ പതറുന്നു.

മാതൃഭാഷയ്ക്ക് പഠനകാലത്ത് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നത് സാർവത്രികമായ പരാതിയാണ്. ഒരു ഭാഷയും നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തതാണ് നമ്മുടെ കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അഭിമുഖങ്ങളിൽ ഇംഗ്ളീഷ് നേരെചൊവ്വേ കൈകാര്യം ചെയ്യാനറിയാത്തതിനാൽ അവസരം നഷ്ടപ്പെടുന്ന യുവതീയുവാക്കളുടെ സംഖ്യ വളരെയധികമാണ്. അഞ്ചാം ക്ളാസ് മുതലെങ്കിലും സിലബസിൽ സ്‌പോക്കൺ ഇംഗ്ളീഷ് ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത നമ്മുടെ വിദ്യാഭ്യാസ പണ്ഡിതർക്ക് ഇനിയും ബോദ്ധ്യമായിട്ടില്ല. സംസ്ഥാനത്തെ ഒരു സർവകലാശാലയിലും ഇപ്പോൾ നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ചിട്ടില്ല. യു.ജി.സിയുടെ പുതിയ റഗുലേഷൻ അടുത്ത അദ്ധ്യയനവർഷം പ്രാബല്യത്തിൽ വരുന്നതിനൊപ്പം സംസ്ഥാനത്തും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.

സ്‌കൂൾ കരിക്കുലം ഘടന കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. അംഗീകാരം വൈകുന്തോറും പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും കാലതാമസം ഉണ്ടാകാനിടയുണ്ട്. സാക്ഷരതയിൽ വലിയ നേട്ടവുമായി നിൽക്കുന്ന കേരളം വിദ്യാഭ്യാസ പരിഷ്കാരങ്ങളിലും അതിനനുസരിച്ച് ഔന്നത്യം പുലർത്തണം.

Advertisement
Advertisement