മാറുന്നില്ല,​ കുടവയറൻ പൊലീസിന്റെ കാലം

Sunday 20 March 2022 1:53 AM IST

പത്തു വർഷം മുമ്പാണ്; 2012 ൽ. രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസുകാരിൽ ഒരാളെ ആട് ആന്റണി എന്ന കൊടുംകുറ്റവാളി കുത്തിക്കൊലപ്പെടുത്തുകയും എസ്.ഐയെ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്ത സംഭവമുണ്ടായ കാലം. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അന്നത്തെ ഡി.ജി.പിയുടെ കൂടെ ജോലി ചെയ്യുകയായിരുന്നു ഞാൻ. .കേരള പൊലീസിലെ 90 ശതമാനം പേർക്കും അന്നും ഇന്നും ആയോധന മുറകൾ പ്രയോഗിക്കുന്നതു പോയിട്ട്,​ നേരാംവണ്ണം ഒരുത്തനെ ഓടിച്ചിട്ടു പിടിക്കാനുള്ള ആരോഗ്യം പോലുമില്ല (പ്രത്യേകിച്ച്,​ സ്റ്റേഷൻ ഡ്യൂട്ടിക്കാരായ പൊലീസുകാർക്ക് )

ഐ.പി.എസുകാരാകട്ടെ,​ ഡിപ്പാർട്ടുമെന്റിൽ ചേർന്നു കഴിഞ്ഞാൽ ആരോഗ്യം ക്ഷയിച്ച് പരിതാപകരമായൊരു അവസ്ഥയിലെത്തും. മുൻ ഡി.ജി.പി മാരിൽ പലരുടെയും കുടവയറിന്റെ അളവ് പൊലീസിൽ ഉള്ള എല്ലാവർക്കും അറിയാമായിരുന്നു. ഒന്ന് കുനിഞ്ഞു നിവരാനുള്ള ആരോഗ്യം പോലുമില്ല,​ ചിലർക്ക്. സേനയ്ക്കാകെ നേതൃത്വം കൊടുക്കേണ്ടവരുടെ ആരോഗ്യസ്ഥിതിയാണ് ഇത്! ഇപ്പോഴത്തെ ഡി.ജി.പി അനിൽകാന്ത് വ്യായാമത്തിന് മുന്തിയ പരിഗണന നൽകുന്നയാളാണ്. നല്ല കാര്യം.

ഐ.പി.എസുകാരിൽ തീരെക്കുറച്ചു പേർ മാത്രമേ ശരീരം ഫിറ്റ് ആക്കി നിലനിറുത്തുന്നുള്ളൂ! നോൺ ഐ.പി.എസുകാരുടെ കാര്യവും മെച്ചമല്ല. പൊലീസിൽ ചേരുന്നതിനു മുൻപ് കിടുവ ആയിരുന്നിരിക്കാം. കളിയുടെ മെച്ചംകൊണ്ട് ഇന്ത്യയുടെ അഭിമാനമായിരുന്ന പലരും പൊലീസിൽ ചേർന്ന ശേഷം, ശരീരം ഫിറ്റ് ആക്കിവയ്ക്കാൻ ഒട്ടും താത്പര്യം കാണിച്ചിട്ടില്ല. ഉദ്യോഗം സേഫ് ആണല്ലോ!

ആരോഗ്യമില്ലെങ്കിൽ മാനസികമായും ശാരീരികമായും ഒരു പൊലീസുകാരനും സ്വന്തം ഡ്യൂട്ടി നേരാംവണ്ണം നിർവഹിക്കാനാകില്ല. തമിഴ്നാട് പൊലീസിലെ സ്ഥിതി താരതമ്യേന മെച്ചമാണ്. കൊടും ക്രിമിനലുകളെ നേരിടാനുള്ള രീതികൾ പരിശീലിപ്പിക്കുന്ന പദ്ധതി ഇന്ത്യയിൽ കേരള പൊലീസിന് ഒഴികെ എല്ലാ സംസ്ഥാനങ്ങൾക്കുമുണ്ട്. അത് ശരിയോ തെറ്റോ എന്നത് വേറെ കാര്യം.

നമുക്ക് ആട് ആന്റണിയുടെ കേസിലേക്കു പോകാം. അന്ന് ഞാൻ ഡിജിപി യോടു പറഞ്ഞു: പൊലീസുകാരുടെ ജീവൻ രക്ഷിക്കാൻ ഒന്നുകിൽ എല്ലാ സ്റ്റേഷനുകളിലും (അന്ന് 450 പൊലീസ് സ്റ്റേഷനുകളേയുള്ളൂ)​ പെപ്പർ സ്പ്രേ, അല്ലെങ്കിൽ ഇത്തിരി വില കൂടുമെങ്കിലും ഓരോ ടെയ്സർ ഗൺ (അക്രമിയെ ചെറിയ വൈദ്യുതാഘാതമേല്പിച്ച് കീഴ്പ്പെടുത്താൻ സഹായിക്കുന്ന തോക്ക്)​ വാങ്ങിക്കൊടുത്ത് അവരുടെ ജീവൻ രക്ഷിക്കണം! പൊലീസുകാർ വഴിയിൽക്കിടന്നുള്ള ഹെൽമറ്റ് വേട്ടയും, വളവിൽ ചാടിവീണുള്ള കലാപരിപാടികളും നിർത്തണം.

ഡിവൈ.എസ്‌.പി റാങ്ക് വരെയുള്ളവരുടെ ഔദ്യോഗിക വാഹനത്തിൽ ഡാഷ്ബോർഡ് കാമറകൾ ഫിറ്റ് ചെയ്ത് പൊലീസിന്റെ അദ്ധ്വാനവും സമയവും ലാഭിക്കണം. ജനങ്ങളുടെ ബുദ്ധമുട്ടും ഒഴിവാക്കണം.

അമേരിക്കയിൽ ഡാഷ് ബോർഡ് കാമറകൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് എന്റെ ലാപ് ടോപ്പിൽ കാണിച്ചു കൊടുത്തിരുന്നു . അത് അന്നേ നടപ്പാക്കിയിരുന്നെങ്കിൽ അതിനു ശേഷം എത്രയോ പൊലീസുകാരുടെ ജീവൻ രക്ഷിക്കാമായിരുന്നു! എത്രയോ പേർ പരിക്കേൽക്കാതെ രക്ഷപ്പെടുമായിരുന്നു.... അതിനൊക്കെ ഇവിടെ ആർക്കു സമയം?

(റിട്ട: ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ലേഖകൻ)

Advertisement
Advertisement