പാറപ്രത്തെ കനൽക്കാഴ്ചകൾ

Monday 21 March 2022 12:12 AM IST
പാറപ്രം സമ്മേളന സ്തൂപം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അറിയണമെങ്കിൽ എൺപത് വർഷം പിറകോട്ട് പോകണം. പിണറായിയിലെ പാറപ്രമാണ് ആ ചരിത്ര മുഹൂർത്തത്തിന് വേദിയായത് -1939ൽ. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന് വേദിയായ ഇടം. ഒരു നാടിന്റെ ഞരമ്പുകളിൽ മുഴുക്കെ ഒഴുകിയ ചോരയ്ക്ക് പോലും അന്ന് കമ്മ്യൂണിസ്റ്റ് ചുവപ്പായിരുന്നു. പക്ഷേ പുറത്തുപറയാൻ ഭീതി. പാർട്ടി പ്രവർത്തനം നടത്തിയാൽ അകത്താകും. ബ്രിട്ടീഷ് പൊലീസും ഒറ്റുകാരും കമ്മ്യൂണിസ്റ്റുകാരെ തെരഞ്ഞുപിടിച്ച് കൽത്തുറുങ്കിലടയ്ക്കുന്ന കാലം.

അഞ്ചരക്കണ്ടിപ്പുഴ അതിരിടുന്ന പ്രകൃതി സുന്ദരമായ ഗ്രാമമാണ് പാറപ്രം. മൂന്ന് ഭാഗവും ഒഴുകുന്ന പുഴ. പേരിനു പോലുമില്ല റോഡ്. പൊലീസിനോ ഒറ്റുകാർക്കോ എത്താൻ കഴിയാത്ത പ്രദേശം. ഇനി എങ്ങനെയെങ്കിലും അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടാൽ പുഴകടന്ന് ധർമ്മടത്തേക്ക് നീന്തിക്കടക്കാം. മറ്റൊരു വഴിയിലൂടെ എ.കെ.ജിയുടെ നാടായ പെരളശ്ശേരിയിലേക്ക് ഓടിയൊളിക്കാം.

തലശ്ശേരി നിന്ന് നെട്ടൂർ വഴിയാണ് പിണറായിക്കും അവിടെ നിന്ന് പാറപ്രത്തേക്കും എത്തേണ്ടത്. പാറപ്രത്തെ വിവേകാനന്ദ വായനശാല പുതിയ വിപ്ളവ സൂര്യന്റെ പിറവിക്കായി കാത്തുനിൽക്കുകയായിരുന്നു. വടവതി അപ്പുക്കുട്ടിക്കാരണവരുടെ വീട് ഈ വായനശാലയ്ക്ക് സമീപമാണ്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് സുരക്ഷിതമായ ഈ സ്ഥലത്ത് ചരിത്ര പ്രധാനമായ സമ്മേളനം നടക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യ നാളുകളിലൂടെ എന്ന ഗ്രന്ഥത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എൻ.ഇ.ബാലറാം പറയുന്നത് ഇങ്ങനെയാണ്.

''ഒരു പാർട്ടിയാകെ മറ്റൊരു പാർട്ടിയായി രൂപാന്തരപ്പെട്ട അദ്ഭുതകരമായ സംഭവം! പക്ഷേ, എത്രയും സ്വാഭാവികമായ ഒന്നെന്ന നിലയ്ക്കാണ് ആ സമ്മേളനം സമാപിച്ചത്. അതിനുള്ള കാരണം ചർച്ചകൾ വഴി അതിന് മുമ്പുതന്നെ പാർട്ടിയാകെ രാഷ്ട്രീയമായും പ്രായോഗികമായും അത്തരമൊരു മാറ്റത്തിന് സജ്ജമായിരുന്നുവെന്നതാണ്. ഒരു നീണ്ട പ്രക്രിയയുടെ അവസാനത്തെ കണ്ണിയായിരുന്നു സമ്മേളനം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഊർജ്ജസ്വലരായ നേതാക്കൾ മുഴുവൻ അവിടെ എത്തിച്ചേർന്നു. നേതാക്കളുടെ സാന്നിദ്ധ്യം തിരിച്ചറിയാതിരിക്കാൻ പിണറായിയിൽത്തന്നെ അന്ന് മറ്റൊരു സമ്മേളനവും വച്ചു.

റാഡിക്കൽ ടീച്ചേഴ്‌സ് യൂണിയന്റെ സമ്മേളനമായിരുന്നു ആർ.സി അമല സ്‌കൂളിൽ. പാണ്ട്യാല ഗോപാലൻ, ടി .വി അച്യുതൻ നായർ തുടങ്ങിയവർ അതിന്റെ നേതാക്കളുമായി പ്രവർത്തിച്ചു. പ്രതീക്ഷിച്ചതുപോലെ ജനങ്ങളുടെയും പൊലീസിന്റെയും ശ്രദ്ധ മുഴുവൻ അദ്ധ്യാപക സമ്മേളനത്തെ ചുറ്റിപ്പറ്റി മാത്രമായിരുന്നു".

പി. കൃഷ്ണപിള്ളയായിരുന്നു നേതാവ്. വളരെ ചരിത്രപ്രധാനമായ ഒരു കാര്യം ആലോചിക്കാനാണെന്നു മാത്രം അദ്ദേഹം പറഞ്ഞു. എല്ലാവരും ഉടൻ എത്തണമെന്ന അറിയിപ്പ് കിട്ടിയതോടെ ഒരു സംഘം അവിടെയെത്തുകയായിരുന്നു. പലരും രാത്രി 8 മണിയോടെ പാറപ്രത്ത് എത്തി. കെ.പി ഗോപാലനായിരുന്നു അദ്ധ്യക്ഷൻ. നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് സംക്ഷിപ്തമായി അല്പനേരം ഇ.എം.എസ് സംസാരിച്ചു.

അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ട് ഏതാണ്ട് മൂന്ന് മണിക്കൂർ നേരം കൃഷ്ണപിള്ള വിശദീകരിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നയങ്ങളെ അടിമുടി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ''യുദ്ധത്തിനെതിരാണെന്ന് കാണിച്ച് അധികൃതർക്ക് കാർഡയക്കണമെന്ന സമരതന്ത്രമാണ് സോഷ്യലിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഇത് സമരവുമല്ല, തന്ത്രവുമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ യുദ്ധത്തെ എതിർക്കാനുള്ള പരിപാടിയുള്ളൂ. നമ്മുടെ ഭാവി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെയാണ്. കൂടുതൽ കഷ്ടതകളും ത്യാഗങ്ങളും സഹിക്കാൻ നാം തയ്യാറാകണം'' കൃഷ്ണപിള്ള അവസാനിപ്പിച്ചു. ഒടുവിൽ ചരിത്രപ്രധാനമായ ആ തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ ഈ സമ്മേളനത്തിലുള്ള പ്രാധാന്യം ഒരിക്കലും തള്ളിക്കളയാൻ വയ്യ. പോസ്റ്ററുകൾ വഴി നാടാകെ അറിഞ്ഞു. 1940 ജനുവരി 26 ന് ഉത്തരകേരളത്തിലാകെ പോസ്റ്ററുകൾ വഴിയും ചുമരെഴുത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം ജനങ്ങൾ അറിഞ്ഞു. അങ്ങനെ മലബാറിൽ എല്ലാ താലൂക്കുകളിലും കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടന രൂപപ്പെട്ടു. ചിറക്കൽ താലൂക്ക് സെക്രട്ടറി സി.കെ രാജുവായിരുന്നു. തലശേരി താലൂക്ക് സെക്രട്ടറിയായി എൻ.ഇ ബലറാമും പ്രവർത്തിച്ചുത്തുടങ്ങി.

പിണറായി പാറപ്രം സമ്മേളനത്തിൽ പങ്കെടുത്തവർ

പി .കൃഷ്ണപിള്ള, കെ. ദാമോദരൻ, ഇ.എം.എസ് നമ്പൂതിരിപ്പാട്, പി. നാരായണൻ നായർ, കെ.കെ വാര്യർ, എ.കെ ഗോപലൻ, വിഷ്ണു ഭാരതീയൻ, ഇ.പി ഗോപാലൻ, പി.എസ് നമ്പൂതിരി, സി.എച്ച് കണാരൻ, കെ.എ കേരളീയൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്, കെ.പി. ഗോപാലൻ, ചന്ത്രോത്ത് കുഞ്ഞിരാമൻ നായർ, എം.കെ കേളു, സുബ്രഹ്മണ്യ ഷേണായി, വി.വി കുഞ്ഞമ്പു, വില്യം സ്‌നെലക്‌സ്, എ.വി കുഞ്ഞമ്പു, കെ. കുഞ്ഞിരാമൻ, പി.എം കൃഷ്ണമേനോൻ, കെ. കൃഷ്ണൻ നായർ, വടവതി കൃഷ്ണൻ, എൻ.ഇ ബലറാം, പിണറായി കൃഷ്ണൻ നായർ, കെ.എൻ ചാത്തുകുട്ടി, മഞ്ജുനാഥറാവു, കൊങ്ങശ്ശേരി കൃഷ്ണൻ, കെ.പി.ആർ ഗോപാലൻ, പി.വി കുഞ്ഞുണ്ണി നായർ, മൊയ്യാരത്ത് ശങ്കരൻ, പി.കെ ബാലകൃഷ്ണൻ, ജനാർദ്ദനഷേണായി, ജോർജ് ചടയമുറി, പി. ഗംഗാധരൻ, ടി.കെ രാജു, ഐ.സി.പി നമ്പൂതിരി, പി.പി അച്യുതൻ മാസ്റ്റർ, എം. പദ്മനാഭൻ, ടി.വി അച്യുതൻ നായർ, കെ ദാമു.

Advertisement
Advertisement