ആണവ ഒഴിപ്പിക്കൽ ഡ്രില്ലിന് പുട്ടിൻ,​ കുടുംബത്തെ ബങ്കറിലാക്കി ?​

Monday 21 March 2022 2:18 AM IST

മോസ്‌കോ: യുക്രെയിനെ കീഴടക്കുക എളുപ്പമല്ലെന്ന് വ്യക്തമായതോടെ ആക്രമണം രൂക്ഷമാക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആണവായുധം പ്രയോഗിക്കുന്നതിന്റെ മുന്നോടിയായി ആണവ ഒഴിപ്പിക്കൽ ഡ്രിൽ നടത്താൻ ഉത്തരവിട്ടതായി പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പുട്ടിൻ തന്റെ കുടുംബത്തെ ആണവായുധത്തിന് പോലും തകർക്കാൻ പറ്റാത്ത ബങ്കറിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുണ്ട്.

യുക്രെയിനിൽ മാരക നശീകരണ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചെന്ന അവകാശവാദത്തിന് പിന്നാലെയാണ് റഷ്യയുടെ ആണവായുധ ഭീഷണി. ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ റിഹേഴ്സൽ നടത്താൻ പുട്ടിൻ ഉന്നത ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയെന്നാണ് റിപ്പോർട്ട്. മുൻ റഷ്യൻ പ്രസിഡന്റും നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറിയുമായ ദിമിത്രി മെദ്‌വദേവ്, പുട്ടിന്റെ മനഃസാക്ഷി സൂക്ഷിപ്പു സംഘത്തിലെ ഏക വനിതയും പാർലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിന്റെ അദ്ധ്യക്ഷയുമായ വാലന്റിന മാത്‌വിയേങ്കോ, പാർലമെന്റിന്റെ കീഴ്സഭയായ ഡ്യൂമയുടെ ചെയർമാൻ വ്യാചെസ്‌ലാവ് വൊളോഡിൻ എന്നിവർക്ക് മാത്രമാണ് ഇതേക്കുറിച്ച് പുട്ടിൻ സൂചന നൽകിയത്.

പടിഞ്ഞാറൻ യുക്രെയിനിലെ ഡെലിയാറ്റൻ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകർക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചെന്നാണ് റഷ്യൻ വക്താവ് പറഞ്ഞത്. ശബ്ദത്തിന്റെ പത്തു മടങ്ങ് വേഗതയും (മണിക്കൂറിൽ 12,350 കിലോമീറ്റർ ) 2000 കിലോമീറ്റർ പ്രഹര പരിധിയുമുള്ള ഇത് റഷ്യ ആദ്യമായാണ് യുക്രെയിനിൽ പ്രയോഗിക്കുന്നത്. ഹൈപ്പർസോണിക് സാങ്കേതിക വിദ്യയിൽ റഷ്യയാണ് ലോകത്ത് ഒന്നാമത്.

ഒളിപ്പിച്ചത് ഹൈടെക് ബങ്കറിൽ

പുട്ടിൻ തന്റെ കുടുംബാംഗങ്ങളെ സൈബീരിയയിലെ അൽത്തായ് പർവതനിരകളിലെ ഹൈടെക് ബങ്കറിലാണ് ഒളിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഭൂമിക്കടിയിൽ നി‌ർമ്മിച്ച അത്യാധുനിക സമ്പൂർണ നഗരമാണ് ഈ ബങ്കർ. ന്യൂക്ലിയർ ബോംബുകൾ വീണാലും തകരില്ല.

റഷ്യയുടെ അന്ത്യവിധി പദ്ധതി

ആണവ യുദ്ധം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് റഷ്യയ്ക്ക് ഒരു അന്ത്യവിധി പദ്ധതി (ഡൂംസ് ഡേ പ്ലാൻ)​ ഉണ്ടെന്നത് രഹസ്യമല്ല. ആണവയുദ്ധം ഉണ്ടായാൽ പുട്ടിനും ഉറ്റ അനുയായികളും പ്രത്യേക വിമാനങ്ങളിൽ (ഡൂംസ് ഡേ പ്ലെയിനുകൾ)​ ആകാശത്ത് ഉയരങ്ങളിൽ പറക്കും. ആകാശ ബങ്കറുകളും പദ്ധതിയിലുണ്ട്. അവ ഇനിയും തയ്യാറായിട്ടില്ല.

 ആണവഭീഷണി ഭയപ്പെടുത്താൻ

ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന ഭീഷണി റഷ്യയുടെ സമ്മർദ്ദതന്ത്രമായാണ് വിലയിരുത്തുന്നത്. തോൽവി തുറിച്ചു നോക്കുമ്പോൾ ശത്രുവിനെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ആണവായുധ ഭീഷണി മുഴക്കി യുദ്ധം ഒഴിവാക്കുക എന്ന തന്ത്രം.

റഷ്യയുടെ ആണവ ആവനാഴി

 മിസൈലുകളിൽ ഘടിപ്പിച്ച 897 ആണവ പോർമുനകൾ

 വിക്ഷേപണ സജ്ജമായ 310 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ

 ആണവ ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് ഉത്തരവിടുന്നത് ചെഗറ്റ് എന്ന ആണവ സ്യൂട്ട്കേസ് വഴി

 ഉത്തരവ് സ്ട്രാറ്റജിക് ന്യൂക്ലിയർ ഫോഴ്സസ് ക്രേന്ദ്രത്തിൽ എത്തും

 ഉടൻ ആണവായുധങ്ങൾ വിക്ഷേപിക്കും

Advertisement
Advertisement